ഖത്വര്‍: ഉപരോധം പിന്‍വലിക്കണം- ബ്രിട്ടന്‍

ദോഹ: മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്നാരോപിച്ച് ഗള്‍ഫ് അറബ് നാടുകളുടെ നേതൃത്വത്തില്‍ ഖത്വറിനെതിരെ ഏര്‍പ്പടുത്തിയ ഉപരോധം പരിഹാരമാകാതെ തുടരവേ, വിദേശപര്യടനം നടത്തുന്ന ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബ്രിട്ടനിലെത്തി. ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി ഇറ്റലിയിലെത്തി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. ഖത്വറിനെതിരായ ഉപരോധത്തില്‍ അയവ് വരുത്തണമെന്ന് കൂടിക്കാഴ്ചക്കു ശേഷം ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. അതിനിടെ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം തുടരുന്നതായും ചര്‍ച്ചയാകാം എന്ന സന്നദ്ധതയോട് സഹോദര രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ലെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, ഖത്വറുമായുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും പ്രതിസന്ധി വേഗം പരിഹരിക്കേണ്ടതുണ്ടെന്നുമുള്ള അഭിപ്രായവുമായി ഇറ്റലി രംഗത്തു വന്നു. സഊദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റൈന്‍ രാജ്യങ്ങള്‍ പ്രധാന പങ്കാളിയായ ഖത്വറിനെതിരെ സ്വീകരിച്ച നടപടിയില്‍ ആശങ്കയുണ്ടെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. സഊദി, കുവൈത്ത്, യു എ ഇ എന്നിവിടങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരുമായും അടുത്ത ദിവസങ്ങളില്‍ സംഭാഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Posted on: June 12, 2017 11:42 pm | Last updated: June 12, 2017 at 11:42 pm