നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Posted on: June 9, 2017 4:56 pm | Last updated: June 9, 2017 at 10:42 pm

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ ഉത്തരവ് സുപ്രിം കോടതി ഭാഗീകമായി സ്‌റ്റേ ചെയ്തു. ആധാര്‍ ഇല്ലാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി നികുതി റിട്ടേണ് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ജഡ്ജിമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് ഭരണഘടനാ ബഞ്ച് തീരുമാനമെടുക്കുന്നത് വരെയാണ് സ്‌റ്റേ.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവാരണ് കോടതിയെ സമീപിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015ലെ വിധിയുടെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹകരിക്കപ്പെടുന്നത് വരെ ആധാര്‍ ഇല്ലാത്തവരെ അത് എടുപ്പിക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.