ഹരിതകേരളം പദ്ധതിയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ ഇനിയും നിറവേറ്റപ്പെടാനുണ്ട്: മുഖ്യമന്ത്രി

Posted on: May 30, 2017 1:08 pm | Last updated: May 30, 2017 at 5:12 pm

കൊച്ചി: ഹരിതകേരളം പദ്ധതിയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ ഇനിയും നിറവേറ്റപ്പെടാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍്. ഇക്കാര്യത്തില്‍ പല തദ്ദേശസ്ഥാപനങ്ങളും വേണ്ട താല്‍പര്യം കാണിച്ചില്ല. പല പ്രദേശങ്ങളിലും മാലിന്യം അവശേഷിക്കുമ്പോള്‍ വായുവും വെള്ളവും എങ്ങനെ ശുദ്ധമാകുംമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തത് മൂലമാണ് മഴക്കു മുമ്പെ പനി വ്യാപകമായത്. അതേസമയം മാതൃകാപരമായി പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ അതിന്റേതായ മാറ്റമുണ്ട്. മാലിന്യം കെട്ടിക്കിടന്ന സ്ഥലങ്ങളിലാണ് രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. അലസതയുടെ ഫലമാണിത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയുടെ സമാപനം കുറിച്ച് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറയുടെ ശുചീകരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയില്‍ ശുചീകരിക്കുന്ന 151ാംമത്തെ കുളമാണ് പന്നിക്കുഴിച്ചിറ.