Kerala
ജലജന്യ രോഗങ്ങള്‍ വയനാടിന് കടുത്ത ഭീഷണി;ഡോക്ടര്‍മാര്‍ അവിശ്രമം പ്രവര്‍ത്തിക്കണം-മന്ത്രി

കല്‍പ്പറ്റ: മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ അവിശ്രമം പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന ആര്‍ദ്രം പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജലജന്യരോഗങ്ങളാണ് വയനാടിന് കടുത്ത ഭീഷണിയുയര്‍ത്തുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിയണം. പൊതുജനാരോഗ്യ സംരക്ഷണമാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും.
സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആര്‍ദ്രം പദ്ധതിയില്‍ പൊതുജന ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. വയനാട് ജില്ലയില്‍ അപ്പപ്പാറ, വെങ്ങപ്പള്ളി, പൂതാടി, നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ആര്‍ദ്രം പദ്ധതിയിലൂടെയുള്ള നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാകുന്ന മുറയ്ക്ക് കെട്ടിട നിര്‍മ്മാണവും മറ്റും കാലതാമസമില്ലാതെ നടത്തും. കണ്‍സള്‍ട്ടിങ്ങ് മുറി, വിശ്രമമുറി, കുടിവെള്ളം, ഡ്രസ്സിങ്ങ് മുറി, ലാബ് തുടങ്ങി എല്ലാ സൗകര്യവും ഈ ആതുരാലയങ്ങളില്‍ ഉണ്ടാകും.മൂന്ന് ഡോക്ടര്‍മാരെ ഈകേന്ദ്രങ്ങളില്‍ നിയമിക്കും. രണ്ടുപേരെ ആരോഗ്യവകുപ്പും ഒരാളെ അതതു പഞ്ചായത്തുമാണ് നിയമിക്കുക.24 മണിക്കൂറും ഈ ആതുരാലയങ്ങളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരും ആത്മവിശ്വാസത്തോടെ ചുമതലകള്‍ ഏറ്റെടുക്കണം. സമഗ്രമായ ജനകീയ ആരോഗ്യനയം രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു പ്രകാരമുള്ള കരട് റിപ്പോര്‍ട്ട് അടുത്തുതന്നെ പ്രസിദ്ധീകരിക്കും. മറ്റുള്ളവര്‍ക്കെല്ലാം മാതൃകയായി മാറുന്ന തരത്തിലുള്ള ചികിത്സാ സംവിധാനവും ആരോഗ്യസംരക്ഷണവും പ്രദാനം ചെയ്യാന്‍ ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ സഹകരണവും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
എം എല്‍ എ മാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.വിവേക് കുമാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോജക്ട് മാനേജര്‍ ബി.അഭിലാഷ്, വിവിധ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ.വി ജിതേഷ് ആര്‍ദ്രം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിശദീകരിച്ചു.