Connect with us

Editorial

പാഠപുസ്തകങ്ങളിലെ ചരിത്ര അട്ടിമറി

Published

|

Last Updated

2002ല്‍ ഗുജറാത്തില്‍ നടന്ന ഹിന്ദുത്വ ക്രൂരത മുസ്‌ലിം സമുദായത്തിന് എതിരായ കലാപമെന്നല്ല കേവലം ഗുജറാത്ത് കലാപമെന്നാണ് ഇനി എന്‍ സി ഇ ആര്‍ടിക്ക് കീഴിലെ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത്. സി ബി എസ് ഇ, എന്‍ സി ഇ ആര്‍ ടി അടങ്ങുന്ന കോഴ്‌സ് റിവ്യൂ കമ്മിറ്റിയാണ് 2007ല്‍ യു പി എ സര്‍ക്കാര്‍ തയാറാക്കിയ പാഠപുസ്തകങ്ങളില്‍ വംശീയ കലാപമായി പരിചയപ്പെടുത്തുന്ന ഇന്ത്യാ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തില്‍ ഭേദഗതി വരുത്താന്‍ ശിപാര്‍ശ ചെയ്തത്. സി ബി എസ് ഇ സിലബസിലുള്ള സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും എന്‍ സി ഇ ആര്‍ ടി പുസ്തകമാണ് പഠിപ്പിക്കുന്നത്. 800 മുസ്‌ലികള്‍ കൊല്ലപ്പെട്ട 2002 മാര്‍ച്ചിലെ കലാപം യഥാര്‍ഥത്തില്‍ മുസ്‌ലിം വംശീയ ഉന്മൂലനമായിരുന്നു. നിഷ്പക്ഷ മാധ്യമങ്ങളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയതും അങ്ങിനെയാണ്. തദടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങളില്‍ ആ രീതിയില്‍ പരിചയപ്പെടുത്തിയതും.
സംഘ്പരിവാര്‍ അജന്‍ഡയിലെ പ്രധാന ഇനമാണ് രാജ്യത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ കാവിവത്കരണം. മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇക്കാര്യത്തില്‍ അവര്‍ സജീവമാണ്. തങ്ങള്‍ക്ക് പിടിപാടുള്ള സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും സിലബസില്‍ ഹിന്ദുത്വം കുത്തിത്തിരുകുകയും മതേതരത്വത്തിന് ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കയുമാണ്. മതേതര സ്വഭാവം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു വെടക്കാക്കി തനിക്കാക്കാനും വ്യാപക ശ്രമമുണ്ട്. ജെ എന്‍ യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലും നടന്ന പ്രശ്‌നങ്ങളുടെ പിന്നാമ്പുറം ഇതാണല്ലോ. സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ ബി വി പിയാണ് അവിടെയെല്ലാം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കിയത്.

വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി റാംശങ്കര്‍ ഖതേരി വ്യക്തമാക്കിയതാണ്. “വിദ്യാഭ്യാസ മേഖലയെ കാവിവത്‌രിക്കുകയാണോ നിങ്ങളുടെ ഉദ്ദേശ്യമെന്ന് ചിലര്‍ ചോദിക്കുന്നു. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ എല്ലാ മേഖലയിലും കാവിവത്‌രണം ഉണ്ടാകുമെന്ന് തന്നെയാണ് അവര്‍ക്കുള്ള ഉത്തരമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ലക്‌നൗ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഖതേരി തുറന്നു പറയുകയുണ്ടായി. മഹാറാണാ പ്രതാപിനേയും ശിവജിയേയും കുറിച്ചല്ലെങ്കില്‍ ചെങ്കിസ്ഖാനെ കുറിച്ചാണോ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഇത് ഫാസിസത്തിന്റെ എക്കാലത്തെയും രീതിയാണ്. അതിക്രൂരന്മാരും നീചന്മാരുമായിരുന്ന ആര്യന്മാര്‍ ഉന്നത ജാതിയായി വാഴ്ത്തപ്പെടുന്നത് ചരിത്രത്തിലെ അട്ടിമറി വഴിയാണല്ലോ.

ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ദേശീയത പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് സിലബസില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ആര്‍ എസ് എസ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഹിന്ദുത്വ കാഴ്ചപ്പാടിന് അനുസരിച്ച് സ്‌കൂള്‍ പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു ലക്ഷ്യം. വേദങ്ങളും ഉപനിഷത്തുകളും പരിശോധിച്ച് അവയില്‍ നിന്ന് സ്‌കൂള്‍ പാഠപുസ്ത്കങ്ങളിലേക്ക് ഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിക്കുകയും ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്ത്വശാസ്ത്രം എന്നീ മേഖലകളില്‍ പുരാതന ഇന്ത്യ നല്‍കിയ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും പഠനസഹായികളിലും ഉള്‍പ്പെടുത്താന്‍ യോഗം ആവശ്യപ്പെടുകയുമുണ്ടായി. രാജസ്ഥാനിലെ സാമൂഹികപാഠ പുസ്തകത്തില്‍ നിന്ന് ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും നെഹ്‌റുവിന്റെ പങ്കിനെ കുറിച്ചുമുള്ള ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കുകയുണ്ടായി. ഗാന്ധിജി കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള ഭാഗങ്ങളും നീക്കംചെയ്തു.

മതന്യൂനപക്ഷങ്ങളെ ഹൈന്ദവതയില്‍ ലയിപ്പിക്കുകയും വിസമ്മതിക്കുന്നവരെ ഉന്മൂലനം ചെയ്തും മതേതര, ജനാധിപത്യ ആശയങ്ങളെല്ലാം ചവിട്ടിമെതിച്ചും രാജ്യത്തെ ഹിന്ദുത്വ ഫാസിസ സിദ്ധാന്തത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള പദ്ധതികളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ നടന്ന വംശഹത്യയും ഗോവധ നിരോധത്തിന്റെ പേരില്‍ രാജ്യത്തൊട്ടാകെ നടക്കുന്ന അതിക്രമങ്ങളും ഇതിന്റെ ഭാഗമാണ്. ലോകത്തിനാകെ മാതൃകയായ ഇന്ത്യയുടെ മതേതര ചരിത്രത്തെ വളച്ചൊടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് വ്യാപകമായി അരങ്ങേറുന്നത്. മതവിദ്വേഷവും വംശീയ വെറികളും വളര്‍ത്തുന്ന ചരിത്രങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ വെള്ളം ചേര്‍ക്കുന്നത് നാളെയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത അപരാധമാണ്. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികളും ചരിത്രസ്‌നേഹികളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ജനാധിപത്യം ദുര്‍ബലമാകുന്നിടത്താണ് ഫാസിസത്തിന്റെ കടന്നുകയറ്റം സംഭവിക്കുന്നത്.