ആരോഗ്യ വിഷയങ്ങള്‍ക്ക് രണ്ടാം സ്ഥാനം; ലോകാരോഗ്യ സംഘടന യാത്രകള്‍ക്ക് മാത്രം ചെലവഴിച്ചത് 20 കോടി ഡോളര്‍

Posted on: May 22, 2017 11:21 pm | Last updated: May 22, 2017 at 11:21 pm

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടന ആരോഗ്യ വിഷയങ്ങളില്‍ ചെലവിടുന്നതിനേക്കാള്‍ തുക ഇടിച്ചു തള്ളുന്നത് യാത്രകള്‍ക്കെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2015- 2016 കാലയളവില്‍ 20 കോടി ഡോളര്‍ ആണ് യാത്രകള്‍ക്കായി ചെലവിട്ടതെന്ന് വിവിധ രേഖകള്‍ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ആരോഗ്യ പ്രതിസന്ധി പരിഹരിക്കാനായി ഡബ്ലിയു എച്ച് ഒ ലോക രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സംഭാവനക്ക് സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വരുന്നത്. കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിക്കുമ്പോഴും ഡബ്ലിയു എച്ച് ഒ ഉദ്യോഗസ്ഥര്‍ യാത്രക്കായി ബിസിനസ്സ് ക്ലാസ് വിമാന ടിക്കറ്റുകളും താമസത്തിനായി പഞ്ച നക്ഷത്ര ഹോട്ടല്‍ മുറികളുമാണ് ബുക്ക് ചെയ്യുന്നത്. മാത്രമല്ല, യാത്രാ ചെലവിലേക്ക് കണക്കില്ലാതെ അലവന്‍സുകള്‍ എഴുതിയെടുക്കുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ തന്നെയാണ് ഈ ചെലവിടലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫസ്റ്റ്ക്ലാസ് യാത്രകള്‍ മാത്രമാണ് അവര്‍ നടത്തിയതെന്നാണ് വ്യക്തമാകുന്നത്. 2015ല്‍ മാത്രം അവര്‍ യാത്രകള്‍ക്ക് ചെലവിട്ടത് 3,70,000 ഡോളറാണ്. എന്നാല്‍ ചാനിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഡബ്ലിയു എച്ച് ഒ പറയുന്നു. അവര്‍ എല്ലാ ചെലവ് ചുരുക്കല്‍ മാര്‍ഗനിര്‍ദേശങ്ങളും അനുസരിക്കുന്നുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ യാത്രകള്‍ ലോകാരോഗ്യ സംഘടനക്ക് ഒഴിവാക്കാനാകില്ല. വിവിധ ആഗോള ആരോഗ്യ ബോധവത്കരണ പരിപാടികള്‍ക്കായി വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുകയും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടി വരുമെന്നും പ്രസ്താവനയില്‍ പറയുന്നു. ലോകത്താകെ 7,000 ഉദ്യോഗസ്ഥരാണ് ലോകാരോഗ്യ സംഘടനക്കുള്ളത്. യു എന്നിന്റെ വാര്‍ഷിക ബജറ്റില്‍ നിന്ന് 200 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനക്ക് നീക്കി വെക്കുന്നത്.
2016ല്‍ 20 കോടി ഡോളറും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്ന് പിടിച്ച 2015ല്‍ 23.4 കോടി ഡോളറുമാണ് ഉദ്യോഗസ്ഥര്‍ യാത്രകള്‍ക്കായി ചെലവിട്ടത്. ഇതേ കാലയളവില്‍ എയിഡ്‌സിനും ഹെപിറ്ററ്റൈസിനുമായി ചെലവിട്ടത് 7.1 കോടി ഡോളര്‍ മാത്രം. മലേറിയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 6.1 കോടി ഡോളറും ട്യൂബര്‍കുലോസിസ് തടയാന്‍ 5.9 കോടി ഡോളറും ചെലവിട്ടു. മറ്റൊരു താരതമ്യം കൂടി വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നു. 37,000 സന്നദ്ധ പ്രവര്‍ത്തകരുള്ള ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രതി വര്‍ഷം യാത്രക്ക് ചെലവിടുന്നത് 4.3 കോടി ഡോളര്‍ മാത്രമാണ്. 13,000 ജീവനക്കാരുള്ള യൂനിസെഫ് 14 കോടി ഡോളറാണ് 2016 ല്‍ യാത്രകള്‍ക്കായി ചെലവിട്ടത്.
ഇത്തരത്തിലാണ് ഡബ്ലിയു എച്ച് ഒ മുന്നോട്ട് പോകുന്നതെങ്കില്‍ അത് ഫണ്ടിനായി നടത്തുന്ന അഭ്യര്‍ഥനകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ആശിഷ് ഝാ പറഞ്ഞു.