ശരീഫും മോദിയും: കുല്‍ഭൂഷണ്‍ എന്തറിഞ്ഞു?

മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്, നവാസ് ശരീഫിന് ഒരു വിധത്തില്‍ ഉപകാരമായി മാറിയിരിക്കുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കിയ വ്യക്തിയെ രക്ഷിച്ചെടുക്കാന്‍ ഇന്ത്യ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു, അതിനെ ചെറുത്തേ മതിയാകൂ എന്ന വികാരം വളര്‍ത്തല്‍, മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ നവാസിനെയും സംഘത്തെയും സഹായിക്കും. അത്തരമൊരു സഹായം ചെയ്തുകൊടുത്തതാണോ മോദി സര്‍ക്കാര്‍? പാക്കിസ്ഥാനിലേക്ക് വൈദ്യുതി വില്‍ക്കാന്‍ വെമ്പി നില്‍ക്കുന്ന അദാനിക്കും അവിടെ ഇരുമ്പയിര് ഖനനം ചെയ്യാന്‍ കരാറെടുത്ത ജിന്‍ഡാലിനും നരേന്ദ്ര മോദിയുമായും നവാസ് ശരീഫുമായും അടുത്ത സൗഹൃദമുണ്ട്. ആ നിലക്ക് നാടകസൃഷ്ടിയെന്നത് വിദൂര സാധ്യത മാത്രമല്ല. ഉത്പാദിപ്പിക്കപ്പെടുന്ന 'വ്യാജ രാജ്യസ്‌നേഹ ബോധം' കൊണ്ട് മറയ്ക്കാവുന്നതേയുള്ളൂ ഈ പരസ്പരസഹായ സഹകരണ വ്യവസായം.
Posted on: May 22, 2017 10:20 am | Last updated: May 22, 2017 at 10:20 am

രാജ്യസ്‌നേഹബന്ധിതമെങ്കില്‍ വസ്തുതകള്‍ അപ്രസക്തമാണ്, എല്ലാ രാജ്യങ്ങളിലും. വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന ഭരണകൂടമാണെങ്കില്‍ അവര്‍ക്ക് രാജ്യസ്‌നേഹം ഏതിനും പ്രയോഗിക്കാവുന്ന മൂലൗഷധമാകും. അതുകൊണ്ടാണ് അത്തരം രാജ്യസ്‌നേഹം ഉത്പാദിപ്പിക്കപ്പെടുന്നത്. കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന വിലപേശല്‍ ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന വ്യാജ രാജ്യസ്‌നേഹവുമായിക്കൂടി ബന്ധപ്പെട്ടതാണ്. കുല്‍ഭൂഷണിന്റെ ജീവന്‍ രക്ഷിക്കാനാകുമോ തടവറയില്‍ നിന്ന് മോചിപ്പിക്കാനാകുമോ എന്ന ചോദ്യമൊക്കെ അപ്രസക്തമാണ് നമ്മുടെ രാജ്യസ്‌നേഹത്തിന്. രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്താനെത്തിയവന്റെ ജീവനെടുക്കുക എന്നതില്‍ കുറഞ്ഞതൊന്നും പാക്കിസ്ഥാന്റെ രാജ്യസ്‌നേഹത്തെയും തൃപ്തിപ്പെടുത്തില്ല. രണ്ടിടത്തെയും ജനങ്ങളുടെ കാര്യമല്ല, മറിച്ച് ഭരണകൂടങ്ങളുടെ കാര്യമാണ് പറഞ്ഞത്.

ആദ്യം പാക്കിസ്ഥാന്റെ കാര്യമെടുക്കാം. എക്കാലത്തും ദുര്‍ബലമായിരുന്നു അവിടുത്തെ ഭരണകൂടങ്ങള്‍. പട്ടാളവും രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസും ഇന്റലിജന്‍സും നിശ്ചയിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുക എന്നതാണ് രീതി. പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ നവാസ് ശരീഫ് കൂടുതല്‍ ദുര്‍ബലനായിരുന്നു. ശരിഫീനും മക്കള്‍ക്കും അനധികൃത സമ്പാദ്യമുണ്ടെന്നും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് ഇവര്‍ പണമൊഴുക്കിയെന്നും രേഖകള്‍ ഹാജരാക്കി മാധ്യമക്കൂട്ടായ്മ ആരോപിച്ചതോടെ ദൗര്‍ബല്യം ഇരട്ടിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവുമായി. ഇതിനിടയിലാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാനിലെ പട്ടാളക്കോടതി വധശിക്ഷ വിധിക്കുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയും ഭരണകൂടത്തെ വെല്ലുവിളിക്കുന്ന ബലൂചിസ്ഥാനിലെ വിമതര്‍ക്ക് സഹായം നല്‍കിയും ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ചാരന് വധശിക്ഷ നല്‍കേണ്ടത് ആ രാജ്യത്തെ സ്‌നേഹിക്കുന്നവന്റെ കടമയാണ്. അതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭരണാധികാരി പ്രഖ്യാപിക്കുമ്പോള്‍ ജനവികാരം ഉണരുക തന്നെ ചെയ്യും. സ്വതേയുണ്ടായിരുന്ന ദൗര്‍ബല്യം അഴിമതി ആരോപണത്തോടെ അധികരിച്ചതിനെ മറികടക്കാന്‍ വ്യാജ വികാര സൃഷ്ടി സഹായിക്കുമെന്ന് നവാസ് ശരീഫും കൂട്ടരും കണക്കുകൂട്ടുന്നുണ്ടാകണം.

പാക്കിസ്ഥാനില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായാല്‍ ഇന്ത്യാ ബന്ധത്തെ സംഘര്‍ഷവത്കരിച്ച് മറികടക്കാനാണ് അവിടുത്തെ ഭരണ നേതൃത്വം എല്ലായിപ്പോഴും ശ്രമിക്കാറ്. അതിലേക്ക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കൊപ്പം കുല്‍ഭൂഷണ്‍ ജാദവ് കൂടി ആയുധമായോ എന്ന് സംശയിക്കണം. കുല്‍ഭൂഷണ് പാക്കിസ്ഥാനിലെ പട്ടാളക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്, നവാസ് ശരീഫിന് ഒരു വിധത്തില്‍ ഉപകാരമായി മാറുകയും ചെയ്തിരിക്കുന്നു. പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കിയ വ്യക്തിയെ രക്ഷിച്ചെടുക്കാന്‍ ഇന്ത്യ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു, അതിനെ ചെറുത്തേ മതിയാകൂ എന്ന വികാരം വളര്‍ത്തല്‍, മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ നവാസിനെയും സംഘത്തെയും സഹായിക്കും. അത്തരമൊരു സഹായം ചെയ്തുകൊടുത്തതാണോ നരേന്ദ്ര മോദി സര്‍ക്കാര്‍? പാക്കിസ്ഥാനിലേക്ക് വൈദ്യുതി വില്‍ക്കാന്‍ വെമ്പി നില്‍ക്കുന്ന അദാനിക്കും അവിടെ ഇരുമ്പയിര് ഖനനം ചെയ്യാന്‍ കരാറെടുത്ത ജിന്‍ഡാലിനും നരേന്ദ്ര മോദിയുമായും നവാസ് ശരീഫുമായും അടുത്ത സൗഹൃദമുണ്ട്. ആ നിലക്ക് നാടകസൃഷ്ടിയെന്നത് വിദൂര സാധ്യത മാത്രമല്ല. ഉത്പാദിപ്പിക്കപ്പെടുന്ന ‘വ്യാജ രാജ്യസ്‌നേഹ ബോധം’ കൊണ്ട് മറയ്ക്കാവുന്നതേയുള്ളൂ ഈ പരസ്പരസഹായ സഹകരണ വ്യവസായം.

ഗോമൂത്രം മുതലങ്ങോട്ട് സകലതും രാജ്യസ്‌നേഹബന്ധിതമാണ് ഇന്ത്യന്‍ യൂണിയനിലിപ്പോള്‍. രാജ്യ ദ്രോഹികള്‍ക്കുള്ള ഇടമായി സംഘ് പരിവാരം ചൂണ്ടിക്കാണിക്കുന്ന ഇടമാകട്ടെ പാക്കിസ്ഥാനും. അവിടെയൊരു ഇന്ത്യക്കാരന്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടത് രാജ്യത്തിന്റെ അഭിമാനത്തെ വെല്ലുവിളിക്കുന്നതായി കാണണമെന്ന തോന്നല്‍ ഉത്പാദിപ്പിക്കുക പ്രയാസമുള്ള കാര്യമേയല്ല. ഇന്ത്യന്‍ യൂണിയനോട് പാക്കിസ്ഥാന്‍ നടത്തുന്ന ‘നിഴല്‍ യുദ്ധങ്ങളില്‍’ ഒന്നായി ഇതിനെ വിശേഷിപ്പിക്കുകയുമാകാം. ആ നിഴല്‍ യുദ്ധങ്ങളെ വെല്ലുന്ന ശക്തമായ ഭരണകൂടമെന്ന തോന്നല്‍ ജനതയില്‍ രൂഢമൂലമാക്കുകയുമാകാം. അതിനപ്പുറത്ത് എന്തെങ്കിലും ലക്ഷ്യം അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതില്‍ നരേന്ദ്ര മോദി സര്‍ക്കാറിനുണ്ടോ എന്നതില്‍ സംശയമുണ്ട്. അന്താരാഷ്ട്ര കോടതിക്ക് കാര്യമായെന്തെങ്കിലും ഈ കേസില്‍ ചെയ്യാനില്ല എന്ന വസ്തുത നിലനില്‍ക്കുന്നതിനാലാണ് ഈ സംശയം പ്രകടിപ്പിക്കുന്നത്.
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് സാധിക്കുമെന്നാണ്, വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവില്‍ ജൂറി അധ്യക്ഷന്‍ പറഞ്ഞത്. അതുകൊണ്ട് മാത്രം അധികാരപരിധിയുണ്ടാകണമെന്നില്ല. അന്താരാഷ്ട്ര കോടതിയുടെ ചട്ടപ്രകാരം തര്‍ക്കത്തില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങള്‍ അധികാരപരിധി അംഗീകരിക്കണം. അംഗീകരിക്കുന്നില്ല എന്ന് പാക്കിസ്ഥാന്‍ പറഞ്ഞാല്‍ പിന്നെ മാര്‍ഗമില്ലെന്ന് ചുരുക്കം. എന്നിട്ടും അതങ്ങനെ ഉറപ്പിച്ചുപറഞ്ഞ്, കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല എന്നതാണ് മേല്‍ച്ചൊന്ന നാടകത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലും മറ്റുമായി സംഗതികളങ്ങനെ നീണ്ടുപോകണമെന്ന് നവാസ് ശരീഫ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ട്, അതിനൊപ്പം ആ കോടതിയൊന്നും തങ്ങളുടെ കോടതിക്കു മേലല്ല എന്ന പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കണമെന്നും. അന്താരാഷ്ട്ര കോടതിയെപ്പോലും വെല്ലുവിളിച്ച് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനും ശ്രമിക്കുമ്പോഴല്ലേ ജനത്തിന് ആവേശമുണ്ടാകൂ. നവാസ് ശരീഫ് രാജിവെക്കും വരെ പ്രക്ഷോഭമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കിസ്ഥാനിലെ അഭിഭാഷകര്‍ക്ക് പോലും, ഈ തര്‍ക്കം മൂത്താല്‍ ഭരണകൂടത്തിനൊപ്പം നില്‍ക്കേണ്ടിവരും.

അധികാരപരിധിയുണ്ടെന്ന് വ്യാഖ്യാനിച്ച് അന്താരാഷ്ട്ര കോടതി വധശിക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചാലും അത് പാക്കിസ്ഥാന്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. അംഗീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയുടെ പരിഗണനക്ക് കൊണ്ടുവരാന്‍ മാത്രമേ സാധിക്കൂ. രക്ഷാസമിതിയില്‍ പാക്കിസ്ഥാനെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ ഇന്നത്തെ നിലവെച്ച് ചൈന വീറ്റോ ചെയ്യുമെന്നുറപ്പ്. ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക പോലും പാക്കിസ്ഥാനെ തുണച്ചേക്കാം. ആകയാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതുകൊണ്ട് കുല്‍ഭൂഷണ്‍ ജാദവിനെ രക്ഷിച്ചെടുക്കാമെന്ന പ്രതീക്ഷ ഇന്ത്യന്‍ യൂണിയന് ഉണ്ടാകേണ്ടതില്ലെന്ന് ചുരുക്കം. എന്നിട്ടും അന്താരാഷ്ട്ര കോടതിയെ സമീപിക്കാനും അവിടെ നിന്ന് കിട്ടിയ സ്റ്റേ വലിയ നേട്ടമായി കൊട്ടിഘോഷിക്കാനും ശ്രമിക്കുമ്പോള്‍ അതിന് പിറകില്‍ നിലവില്‍ തന്നെ ഉച്ചസ്ഥായിയിലുള്ള രാജ്യസ്‌നേഹ രാഗത്തെ കുറേക്കൂടി ഉച്ചത്തിലാക്കുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത് തുറന്നുപറയാന്‍ രാജ്യത്തെ ഒരു രാഷ്ട്രീയ സംവിധാനവും തയ്യാറാകില്ലെന്ന ഉറപ്പ് സംഘപരിവാരത്തിനും നരേന്ദ്ര മോദി സര്‍ക്കാറിനുമുണ്ട്. അങ്ങനെ പറഞ്ഞാല്‍ അത്, ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ താത്പര്യമില്ലാത്ത, രാജ്യാഭിമാനം ചോദ്യംചെയ്തവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ തയ്യാറില്ലാത്ത ഒന്നായി വ്യാഖ്യാനിക്കപ്പെടുമെന്നുറപ്പ്. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തില്‍ ഈ വ്യാഖ്യാനത്തെ ജനം എളുപ്പത്തില്‍ സ്വീകരിക്കും.
വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതി, കുല്‍ഭൂഷണ്‍ യാദവിനെ കണ്ട് സംസാരിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അവകാശം നല്‍കിയിട്ടില്ല. കുല്‍ഭൂഷണുമായി, നയതന്ത്ര പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അന്താരാഷ്ട്ര കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ വക്കീലിന് ഇപ്പോള്‍ പറഞ്ഞതിനപ്പുറമൊന്നും പറയാനുണ്ടാകില്ല. പാക്കിസ്ഥാനാകട്ടെ എന്ത് തെളിവും, കൃത്രിമമായി സൃഷ്ടിക്കുന്നതുള്‍പ്പെടെ, ഹാജരാക്കാനാകും. അപ്പോള്‍ പിന്നെ അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല ഉത്തരവുകൊണ്ട് ഇന്ത്യക്കെന്ത് നേട്ടം? ഇന്ത്യന്‍ പൗരന് വേണ്ടി ഏതറ്റം വരെയും പോകാന്‍ സന്നദ്ധമാകുന്ന ഭരണകൂടമെന്ന പ്രതീതി സൃഷ്ടിക്കലും രാജ്യാഭിമാനം ചോദ്യംചെയ്യപ്പെടുന്നത് പൊറുക്കാത്ത ഭരണകൂടമെന്ന തോന്നലുണ്ടാക്കലും ആഭ്യന്തര രാഷ്ട്രീയത്തിലെ ലക്ഷ്യമായിരുന്നു. അതുനേടിയെന്ന് നിസ്സംശയം പറയാം.

അതിനപ്പുറത്ത് പാക്കിസ്ഥാന്റെ തടവറയിലായ, നിരപരാധിയെന്ന് ഇന്ത്യന്‍ ഭരണകൂടം പറയുന്ന (ഇനി ചാരനാണെങ്കില്‍ക്കൂടി ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിരപരാധിയാണ്) കുല്‍ഭൂഷണെ രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതിന് വഴി ഇതല്ലെന്ന് നയതന്ത്രത്തിന്റെ ആദ്യപാഠം പഠിച്ചവര്‍ക്കൊക്കെ അറിയാം. 1980കളില്‍ പാക്കിസ്ഥാന്റെ പിടിയിലായ സുര്‍ജീത് സിംഗിന് 1985ല്‍ പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 1989ല്‍ പാക്കിസ്ഥാന്റെ അന്നത്തെ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്‍ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. സുര്‍ജീത് സിംഗിന്റെ ഭാര്യ ഹര്‍ബന്‍സ് കൗറും ബന്ധുക്കളും വിലാപവും സമരവുമൊക്കെയായി രംഗത്തുവന്നു. ഒടുവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു. 2012ല്‍ സുര്‍ജീത് സിംഗ് ഇന്ത്യന്‍ യൂണിയനില്‍ തിരികെ എത്തി. വാഗ അതിര്‍ത്തി കടന്നപ്പോള്‍ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് സുര്‍ജീത് സിംഗ് പറഞ്ഞത് ഇങ്ങനെയാണ് – ”റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ ഏജന്റായിരുന്നു ഞാന്‍. അറസ്റ്റിലായതിന് ശേഷം ആരും എന്നെക്കുറിച്ച് അന്വേഷിച്ചില്ല. എന്നോട് കൂടുതലൊന്നും ചോദിക്കരുത്.”
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിന്റെ കഥയും പുറത്തുവരുന്നത്. ചാരവൃത്തിക്ക് എത്തിയെന്നും കറാച്ചിയിലെ സ്‌ഫോടനങ്ങളില്‍ പങ്കുവഹിച്ചെന്നും ആരോപിച്ച് പാക്കിസ്ഥാനിലെ കോടതി സരബ്ജിത് സിംഗിന് വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നത് പലകുറി മാറ്റിവെച്ചു. മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ പാക്കിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ സരബ്ജിത് കൊല്ലപ്പെട്ടു. അബദ്ധത്തില്‍ അതിര്‍ത്തി കടന്നുപോയ സരബ്ജിതിനെ പാക്കിസ്ഥാന്‍ പിടികൂടുകയായിരുന്നുവെന്നാണ് ഇന്ത്യ ഔദ്യോഗികമായി പറഞ്ഞത്.

വധശിക്ഷ വിധിച്ചത്, നടപ്പാക്കുന്നത് നീട്ടിവെച്ചത്, ശിക്ഷ ഇളവു ചെയ്തത്, ദീര്‍ഘകാലത്തിന് ശേഷം മോചിപ്പിക്കപ്പെട്ടത് ഒക്കെയുണ്ട് ചരിത്രത്തില്‍. അതിനൊക്കെ ഇപ്പോഴും സാധ്യതകളുമുണ്ട്. ഉപയോഗപ്പെടുത്തണമെങ്കില്‍ ഊഷ്മളമായ നയതന്ത്രബന്ധമുണ്ടാകണം. അതുണ്ടാക്കാന്‍ രാഷ്ട്രതന്ത്രജ്ഞതയുള്ള നേതൃത്വം ഇരുഭാഗത്തുമുണ്ടാകണം. അതുണ്ടാകുമെന്ന് തത്കാലം പ്രതീക്ഷിക്കേണ്ടതില്ല. കുല്‍ഭൂഷണ്‍ എന്ന വ്യക്തിയുടെ കാര്യമെടുത്താല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ ആ ജീവനെ കൂടുതല്‍ അപകടത്തിലാക്കാനേ ഉപകരിക്കൂ. ഭരണകൂടങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വഴിയൊരുക്കാനും.