ഐ ടി മേഖലയിലെ പ്രതിസന്ധി: കൂടുതല്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

Posted on: May 12, 2017 7:56 am | Last updated: May 11, 2017 at 11:57 pm

കൊച്ചി: ആഗോളതലത്തില്‍ ഐ ടി മേഖല നേരിടുന്ന പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. നേരത്തെ അമേരിക്കന്‍ കമ്പനിയായ കോഗ്‌നിസെന്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് തുടങ്ങിയ ‘ശുദ്ധികലശം’മറ്റ് കമ്പനികളും തുടരുകയാണ്. കോഗ്‌നിസെന്റിന് പിന്നാലെ ഇന്‍ഫോസിസും വിപ്രോയും ജീവനക്കാര്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചപ്പോള്‍ ഇതിന്റെ ചുവട് പിടിച്ച് ഫ്രഞ്ച് കമ്പനിയായ കാപ്‌ജെമിനിയും തങ്ങളുടെ 9,000 ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം തുടങ്ങി.

തങ്ങളുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയാണ് കാപ്‌ജെമിനി ഒഴിവാക്കുന്നത്.
എന്നാല്‍ ഈയിടെ കാപ്‌ജെമിനി ഏറ്റെടുത്ത ഐ ഗേറ്റിലെ ജീവനക്കാരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. പിരിച്ചുവിടാന്‍ കമ്പനി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജീവനക്കാരില്‍ അധികവും ഐ ഗേറ്റില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ 2015 ലാണ് ഐ ഗേറ്റിനെ കാപ്‌ജെമിനി ഏറ്റെടുത്തത്.
ആഗോള തലത്തില്‍ ഐ ടി മേഖലയില്‍ വളര്‍ച്ച കുറഞ്ഞതും, ഐ ടി ഹബ്ബായ അമേരിക്കയിലെ സര്‍ക്കാര്‍ നയം മാറ്റത്തെ തുടര്‍ന്ന് തദ്ദേശീയരെ നിയമിക്കാനുണ്ടായ സമ്മര്‍ദവും, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ തൊഴിലവസരങ്ങള്‍ കുറക്കുന്നതുമാണ് ഐ ടി മേഖലയെ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 20 ശതമാനമെന്ന തോതില്‍ വളര്‍ച്ച കൈവരിച്ചിരുന്ന കോഗ്‌നിസെന്റ് ഈ വര്‍ഷം എട്ട് മുതല്‍ പത്ത് ശതമാനം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഐ ടി മേഖലയിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ് ഈ കണക്ക്. 2015-16ല്‍ 13.3 ശതമാനം രേഖപ്പെടുത്തിയ ഇന്‍ഫോസിസിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം 8.3 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കമ്പനി ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക് ശതമാനം ഇതിനും താഴെയാണ്. ഇതോടൊപ്പം 12 മുതല്‍ 15 ശതമാനം വരെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്ന ടി സി എസും 8.3 ശതമാനത്തിലേക്ക് താഴ്ന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ ടി മേഖല കൈവരിച്ച നേട്ടങ്ങള്‍ പിറകോട്ടടിപ്പിക്കുന്ന വിധം 2008-10 കാലഘട്ടത്തിലെ വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. പ്രമുഖ ഐ ടി കമ്പനികള്‍ പിരിച്ചുവിടുന്നത് അധികവും ഇടത്തട്ടിലുള്ള ജീവനക്കാരെയാണെന്നത് ശ്രദ്ധേയമാണ്. കോഗ്‌നിസെന്റ് കഴിഞ്ഞ ആഴ്ച മാത്രം ആയിരത്തിലധികം എക്‌സിക്യൂട്ടീവുമാരെയാണ് പിരിച്ചുവിട്ടത്.
അടുത്ത ഘട്ടത്തില്‍ ഇത് താഴെ ത്തട്ടിലേക്ക് വ്യാപിക്കാനാണ് സാധ്യത. ആദ്യഘട്ടത്തില്‍ ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയവരാണ് ഭീഷണി നേരിടുന്നത്.
ആദ്യഘട്ടില്‍ കോഗ്‌നിസെന്റ് മൊത്തം ആള്‍ശേഷിയുടെ 2.3 ശതമാനം ജീവനക്കാരെയും വിപ്രോ 1.8 ലക്ഷം ജീവനക്കാരില്‍ പത്ത് ശതമാനം പേരെയും ഇന്‍ഫോസിസ് ടെക്‌നോളജീസില്‍ ഉയര്‍ന്ന തലത്തിലെ ആയിരം പേരെയും കാപ്‌ജെമിനി 9000 പേരെയുമാണ് ഒഴിവാക്കുന്നത്.