പോലീസ് തലപ്പത്ത് പെയിന്റടി വിവാദം; ആരോപണം തള്ളി ബഹ്‌റ

Posted on: May 10, 2017 7:42 pm | Last updated: May 11, 2017 at 12:20 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റടിക്കണമെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഉത്തരവ് വിവാദമാകുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് പെയിന്റടിക്കാന്‍ ആവശ്യപ്പെട്ട് ബഹ്‌റ ഉത്തരവിറക്കിയത്. സംഭവത്തില്‍ ഡിജിപി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വിശദീകരണവുമായി ബഹ്‌റ രംഗത്ത് വന്നു. ഒരേ കമ്പനിയുടെ പെയിന്റ് തന്നെ അടിക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ബഹ്‌റ വിശദമാക്കി. ഇക്കാര്യം കാണിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് ബഹ്‌റ വിശദീകരണ കത്ത് നല്‍കി.

2015ല്‍ സെന്‍കുമാര്‍ ഡിജിപിയായ കാലത്താണ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദെശിച്ചത്. ഒലിവ് ബ്രൗണ്‍ നിറമാണ് ഇതിനായി തിരഞ്ഞെടുത്തത്. പേരൂര്‍ക്കട സ്‌റ്റെഷനില്‍ പൈലറ്റ് പദ്ധതി നടപ്പാക്കിയപ്പോള്‍ സംതൃപ്തി തോന്നിയതിനെ തുടര്‍ന്നാണ് എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഈ നിറം നല്‍കാന്‍ ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയതെന്നും ബഹ്‌റ കത്തില്‍ പറയുന്നു.

ഡിജിപി സ്ഥാനത്ത് പുനര്‍ നിയമിതനായ ടി പി സെന്‍കുമാര്‍ ബഹ്‌റയുടെ വിവാദ ഉത്തരവുകള്‍ പിന്‍ലവിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബഹ്‌റയുടെ വിവാദ സര്‍ക്കുലര്‍ പുറത്തായത്.