കോട്ടയം കൂട്ടുകെട്ട് ഒരു ഷോക്ക്ട്രീറ്റ്‌മെന്റ്

Posted on: May 6, 2017 6:04 am | Last updated: May 5, 2017 at 11:27 pm

വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ (പ്രത്യേകിച്ച് ഇടതുപക്ഷ ഭരണകാലത്ത്) ഇപ്പോഴത്തെ പുതിയ വിവാദം മാണിയും, സി പി എമ്മും തമ്മിലുള്ള കോട്ടയം ജില്ലാപഞ്ചായത്തിലെ കൂട്ടുകെട്ടാണ്. ഇത് മാണിയും സി പി എമ്മും ചേര്‍ന്ന് നടത്തിയിരിക്കുന്നത് ഒരു വിവിധോദ്യേശ്യ ഷോക്ക്ട്രീറ്റ്‌മെന്റാണെന്ന് ഏറെക്കുറെ വ്യക്തമാണ്. തന്നെ വേട്ടയാടിയ കോണ്‍ഗ്രസിന് മാണി ഒരു കിടിലന്‍ പണി കൊടുത്തപ്പോള്‍, ഭരണത്തിന്റെ ലാഭത്തില്‍ മാത്രം പങ്കുചേരുന്ന സി പി ഐക്ക് ഒരു മുന്നറിയിപ്പ് നല്‍കുക കൂടിയാണ് സി പി എം ചെയ്തിരിക്കുന്നത്. അതേസമയം ഇതെല്ലാം കൃത്യമായി അറിയാവുന്ന മാധ്യമങ്ങള്‍ ഇതുവരെ തള്ളിപ്പറഞ്ഞ സി പി എം മാണിക്ക് കോട്ടയത്ത് അഭയം നല്‍കിയതിലെ ഔചിത്യവും, അനൗചിത്യവും ഓടിനടന്ന് പരിശോധിക്കുകയാണ്. ഒപ്പം സി പി എമ്മൊഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ അനൗദ്യോഗിക പ്രതിപക്ഷ നേതാവിന്റെ പദവി ചാര്‍ത്തിക്കിട്ടിയ കാനം രാജേന്ദ്രന്‍ വരെ വിഷയത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടും സി പി എമ്മിന് അത് കേട്ട ഭാവം പോലുമില്ല. അല്ലെങ്കിലും തീരുമാനങ്ങളെടുക്കാന്‍ ജനവികാരം തടസ്സമാകാത്ത സി പി എം എന്തിന് ആക്ഷേപങ്ങളെ പേടിക്കണമെന്ന ഭാവത്തിലാണ്.
തന്നോട് ക്രൂരത കാട്ടിയ യു ഡി എഫിന് ഒരു തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെ മാണി അറിഞ്ഞു കൊണ്ടുള്ള ഓപ്പറേഷന്‍ തന്നെയാണ് കോട്ടയത്തെ കൂട്ടുകെട്ട്. ഇതിന് ഏതറ്റം വരെ പോകാനും ഒരുക്കമാണെന്ന് നേരത്തെ മാണി വ്യക്തമാക്കിയതാണ്. ഒപ്പം തങ്ങളെ എന്‍ ഡി എയിലേക്ക് ക്ഷണിക്കുന്ന കുമ്മനത്തെയും ബി ജെ പിയെയും പ്രകോപിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. അതേസമയം സി പി എം മുന്നണിയില്‍ അസ്വാരസ്യമുണ്ടാക്കുന്ന സി പി ഐക്ക് കടുത്ത മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഒരു തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്കുകള്‍ കൊണ്ടുമാത്രം എല്‍ ഡി എഫ് മുന്നണിയിലേക്കെത്തുമെന്ന അതിമോഹമൊന്നും മാണിക്കുണ്ടാകാനിടയില്ല. പ്രായോഗിക രാഷ്ട്രീയത്തിനപ്പുറം ഈ കൂട്ടുകെട്ടിന് വലിയ മാനമൊന്നുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സി പി എമ്മിനെ വലിയ വായില്‍ വിമര്‍ശിക്കുന്ന കെ മുരളീധരന്‍ തൊട്ട് എന്‍ കെ പ്രേമചന്ദ്രന്‍ വരെയുള്ളവര്‍ക്ക് അറിയാം. ഇടതു മുന്നണിയുടെ കെട്ടുറപ്പും അതിനുള്ളിലെ കാര്യങ്ങളും വ്യക്തമായി അറിയുന്ന പ്രേമചന്ദ്രനും പുറത്തുനിന്നാണെങ്കിലും കുറച്ചൊക്കെ അറിയാവുന്ന മുരളീധരനും ഇക്കാര്യം സമ്മതിക്കുന്നത് കൊണ്ടാണ് ഇതിന്റെ പേരില്‍ സി പി എമ്മിനെ വിമര്‍ശിക്കാതെ മാണിയെ ടാര്‍ജറ്റ് ചെയ്യുന്നത്. അതേസമയം 24 മണിക്കൂറിനിടെ മുന്നണിമാറ്റ തീരുമാനമെടുത്ത പ്രേമചന്ദ്രനും, ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ വേണ്ടി മാത്രം പാര്‍ട്ടികള്‍ മാറി മാറി കളിച്ച കെ മുരളീധരനും ഇതേ കുറിച്ച് പറയുന്നതിലെ വൈരുധ്യം വിസ്മരിക്കാന്‍ കഴിയില്ല.
എന്നാല്‍, മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗുമായി അടവുനയം പയറ്റിയ സി പി എമ്മിന് ഇതേ അടവുനയം കോട്ടയത്ത് എടുക്കുന്നതില്‍ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. ഒപ്പം ഭരണത്തിന്റെ ലാഭം മാത്രം ആസ്വദിക്കുകയും നഷ്ടം മുഴുവന്‍ സി പി എമ്മിന് മേല്‍ കെട്ടിവെച്ച് നല്ലപിള്ള ചമയുകയും ചെയ്യുന്ന സി പി ഐക്കു ശക്തമായ താക്കീത് നല്‍കുകയുമാകാം. ഒറ്റക്കായാല്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളപ്പോഴും മാധ്യമങ്ങളും പ്രതിപക്ഷവും സൃഷ്ടിച്ചെടുത്ത പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ഇരിക്കുന്ന കൊമ്പ് വെട്ടി മുറിക്കാന്‍ തയ്യാറാകുന്ന സി പി ഐക്ക് ഇതിലൂടെ നല്‍കിയ സന്ദേശം മനസ്സിലായിട്ടുണ്ടെന്നാണ് പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നത്. ഇതോടൊപ്പം അധികാരമില്ലാതെ ജീവിക്കാനാകില്ലെന്ന നിലപാടാണ് എല്‍ ഡി എഫുമായുള്ള സംഖ്യത്തിലൂടെ മാണി കാണിക്കുന്നതെന്ന യാഥാര്‍ഥ്യവും സി പി എം തുറന്നുകാട്ടുന്നുണ്ട്.
യഥാര്‍ഥത്തില്‍ ഈ വിവാദത്തിലൂടെ പലരുടെയും പുറംപൂച്ച് വെളിച്ചത്തായി എന്നതാണ് പ്രധാന സവിശേഷത. മാണി യു ഡി എഫിന്റെ ഐശ്വര്യമാണെന്നും അവിഭാജ്യ ഘടകമാണെന്നും നാഴികക്ക് നാല്‍പത് വട്ടം ഉരുവിട്ട് മാണിയെ തേടാന്‍ പോയ ഹസനും മാണിയുടെ സ്വന്തമായിരുന്ന ഉമ്മന്‍ചാണ്ടിക്കും പൊടുന്നനെ മാണിസാര്‍ വഞ്ചകനും ചതിയനുമായി. എന്തിനേറെ നിയമസഭയില്‍ വെള്ളിയാഴ്ച നിസ്‌കാര സമയത്ത് മാണിക്ക് ശരണം വിളിച്ച ലീഗ് പോലും തള്ളിപ്പറഞ്ഞതോടെ രാഷ്ട്രീയ ബന്ധങ്ങളുടെ ഇഴയടുപ്പം എത്ര കാണുമെന്ന് മാണിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും.
എന്നാല്‍, കേരള കോണ്‍ഗ്രസിലിതുണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ എത്രത്തോളമെന്ന് കണ്ടറിയേണ്ടി വരും. ഈ ചതി ജോസ് കെ മാണിയുടെ തലയില്‍ വെച്ച് ജോസഫിനെയും കൂട്ടരെയും ചാടിക്കാനുള്ള യു ഡി എഫിന്റെ നീക്കങ്ങളെ മാണി മുന്‍കൂട്ടി കണ്ടു. അതുകൊണ്ടാണ് അല്‍പം സ്വരം മയപ്പെടുത്തിയത്.
കൂട്ടുകെട്ടിനെതിരെ വീക്ഷണവും, ജനയുഗവും അച്ചുനിരത്തിയ അക്ഷരങ്ങള്‍ക്ക് ഏറെക്കുറെ സമാനതയുണ്ടെന്നത് വേറൊരു യാദൃശ്ചികത. മാണിയോടൊപ്പം തൂക്കമൊപ്പിച്ച് സി പി എമ്മിനെ വിമര്‍ശിക്കാനും രണ്ട് പത്രാധിപന്മാരും മറന്നിട്ടില്ല. മാണിയുടെ യാത്ര നരകത്തിലേക്കോയെന്ന് ചോദിച്ച വീക്ഷണം മുഖപ്രസംഗം ഇരു പാര്‍ട്ടികളുടെ രാഷ്ട്രീയ ധാര്‍മികതയെയാണ് ചോദ്യം ചെയ്യുന്നത്. ജോസ് കെ മാണിയുടെ ലോക്‌സഭ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂട്ടുകെട്ടെന്നാണ് വീക്ഷണം പറഞ്ഞുവെക്കുന്നത്. ഇതിന് ഏതെങ്കിലും ഒരു മുന്നണി അത്യാവശ്യമാണെന്നിരിക്കെ എല്‍ ഡി എഫിലേക്കു ചേക്കേറാനുള്ള ശ്രമമാണിതെന്നും പരിഹസിക്കുന്നു. മാണി ഗ്രൂപ്പിനുള്ളില്‍ ഭിന്നിപ്പ് ഉണ്ടെന്നുള്ള സൂചനയും വീക്ഷണം മുഖപ്രസംഗം മുന്നോട്ടുവെക്കുന്നു. രാഷ്ട്രീയ അധാര്‍മികതയെന്ന കാര്യത്തില്‍ ജനയുഗത്തിനും എതിരഭിപ്രായമില്ല. ഒപ്പം കെ എം മാണിയുടെ അഴിമതിക്കഥകളും ബജറ്റ് അവതരണ വേളയിലെ സംഭവവികാസങ്ങളും നോട്ടെണ്ണല്‍ മെഷീന്‍ വരെ ജനയുഗവും അയവിറക്കുന്നുണ്ട്. അവസരവാദമെന്ന ഓമനപ്പേരിലാണ് സി പി ഐ പരിചയപ്പെടുത്തുന്നത്. യു ഡി എഫ് ഭരണത്തില്‍ എല്‍ ഡി എഫ് ഏറ്റവും അധികം എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നേതാവാണ് കെ എം മാണിയെന്നിരിക്കെ അഴിമതി ആരോപിതനായ മാണിക്കെതിരായ വോട്ടുകൂടിയാണ് ഇടതുമുന്നണിയെ ഭരണത്തിലെത്തിച്ചതെന്ന ഉപദേശവും ജനയുഗം നല്‍കുന്നുണ്ട്.
അതേസമയം, രൂക്ഷമായ അഴിമതി ആരോപണമുയര്‍ന്നിട്ടും അതൊക്കെ അവഗണിച്ച് മാണിക്ക് വേണ്ടി ശരണം വിളിച്ച യു ഡി എഫ് ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ സദാചാര പ്രചാരണം തിരിഞ്ഞുകുത്തുന്നു. നേരത്തെ അബ്ദുല്ലകുട്ടിയെ ഇരിക്കുന്ന കസേരയടക്കം പൊക്കിയെടുത്ത് രായ്ക്ക് രാമാനം കൊണ്ടുപോയി തിരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിച്ചെടുത്തപ്പോഴും പിന്നീട് സി പി എം ജില്ലാ കമ്മിറ്റിയംഗവും എം എല്‍ എയുമായിരുന്ന ശെല്‍വരാജിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തി സഭയിലെത്തിച്ചപ്പോഴും, ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം പാര്‍ട്ടി സീറ്റ് വിട്ടുനില്‍കി 24 മണിക്കൂറിനിടെ ഒരു മുന്നണിയെ തന്നെ കാലുമാറ്റിച്ചപ്പോഴും രാഷ്ട്രീയ സദാചാരമോ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സോ, അവസരവാദ പരമോ അല്ലാതിരുന്ന കോണ്‍ഗ്രസിന്, മുന്നണി വിട്ട് ഒരു വര്‍ഷം കഴിഞ്ഞ ഒരു പാര്‍ട്ടി പ്രാദേശിക രാഷ്ട്രീയ നീക്കുപോക്ക് നടത്തിയപ്പോള്‍ അത് വഞ്ചനയും കാലുമാറ്റവും ചതിയുമൊക്കെയായത് രാഷ്ട്രീയ നിരീക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.
ഇതിനിടെ, സി പി എമ്മിന് തങ്ങളുടെ വാദങ്ങളെ പ്രതിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന വാദവും ഉന്നയിക്കാനാകും. കൂട്ടുകെട്ടിനെ പ്രാദേശികമായി മാത്രം കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കിയ സി പി എമ്മിന് ഇന്നലെ വരെ മാണിയെ വിശുദ്ധനാക്കിയ യു ഡി എഫിലെ ഓരോ നേതാവിനെ കൊണ്ടും കള്ളനെന്നും ചതിയനെന്നും വഞ്ചകനെന്നും വിളിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഒപ്പം മൂന്നാറും സെന്‍കുമാറിന്റെ പുനര്‍ നിയമനവുമെല്ലാം പിന്നോട്ട് തള്ളി മാധ്യമങ്ങളെയും തത്കാലത്തേക്കാണെങ്കിലും ശ്രദ്ധമാറ്റാന്‍ കഴിഞ്ഞിരിക്കുന്നു.
അതേസമയം പ്രാദേശിക രാഷ്ട്രീയ നീക്കുപോക്കുകളുടെ നാഡീ മര്‍മ്മമറിയുന്ന മാണി കോട്ടയം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറിക്ക് ശേഷം മാണിക്കെതിരെ രൂക്ഷ വിമര്‍ശം തുടരുന്നതിനിടെ നടന്ന വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി യു ഡി എഫിന്റെ വായടപ്പിച്ചിരിക്കുകയാണ്. പ്രദേശിക രാഷ്ട്രീയം ഇത്രയേ ഉള്ളൂവെന്ന് മാണിസാര്‍ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും പിഠിപ്പിക്കുകയാണിവിടെ. കോണ്‍ഗ്രസ് അംഗം ഷീലാ തോമസാണ് മാണി കോണ്‍ഗ്രസിന്റെ പിന്തുണയോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കരാര്‍ ലംഘനം നടത്തിയ കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിച്ചതായി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണിതെന്നതും ശ്രദ്ധേയമാണ്.