സൗമ്യവധക്കേസിലെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Posted on: April 27, 2017 9:23 am | Last updated: April 27, 2017 at 12:01 pm

ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ വിധിയിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ.ചെലമേശ്വര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ആറംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക

സൗമ്യയുടെ മരണത്തിന് ഗോവിന്ദസ്വാമി നേരിട്ട് ഉത്തരവാദിയല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗോവിന്ദസ്വാമിക്ക് നല്‍കിയ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയത്. ബലാല്‍സംഗത്തിന് ജീവപര്യന്തം ശിക്ഷ നല്‍കി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. അതിന് ശേഷം സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് കോടതി ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് പരിഗണിക്കുക.

2011 ഫെബ്രുവരി 1നാണ് ട്രെയിന്‍ യാത്രക്കിടെയാണ് സൗമ്യ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്.
നവംബര്‍ 11ന് വിചാരണ കോടതി ഗോവിന്ദസ്വാമിക്ക് വധശിക്ഷ നല്‍കി. 2013 ഡിസംബര്‍ 17ന് വധശിക്ഷ കേരള ഹൈക്കോടതിയും ശരിവെച്ചു. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ സൗമ്യയുടെ മരണത്തിന് ഗോവിന്ദസ്വാമി തന്നെയാണ് ഉത്തരവാദി എന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.
ഇതേ തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 15ന് ഗോവിന്ദസ്വാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു.