Connect with us

Eranakulam

പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

കൊച്ചി: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രൂപവത്കരിച്ച പ്രവാസി കമ്മീഷനോട് സര്‍ക്കാരിന് ചിറ്റമ്മ നയം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കമ്മീഷന്‍ പ്രവര്‍ത്തനം താളം തെറ്റി. ഓഫീസ് പോലും അനുവദിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്ന് സിറ്റിംഗുകളും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഭവദാസിന്റെ കൊച്ചി കലൂരിലുള്ള വീട്ടിലായിരുന്നു നടത്തിയത്. മുന്നൂറോളം കേസുകള്‍ വിവിധ സിറ്റിംഗുകളിലായി സ്വീകരിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ നിസ്സംഗതയെ തുടര്‍ന്ന് കേസുകള്‍ തീര്‍പ്പാക്കാന്‍ കമ്മീഷന് സാധിച്ചിരുന്നില്ല. കേസ് ഫയല്‍ ചെയ്യാനും കോടതി നടപടികള്‍ക്കുമായി ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് പ്രധാനമായും കമ്മീഷനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഓഫീസ് കാര്യങ്ങള്‍ നോക്കാന്‍ ചെയര്‍മാന്‍ സ്വന്തം ചെലവില്‍ ഒരു ജീവനക്കാരനെ നിയോഗിച്ചിരിക്കുകയാണ്.
കമ്മീഷനില്‍ നാല് പേര്‍ വേണമെന്ന നിബന്ധനയെത്തുടര്‍ന്ന് ഡോ. ഷംസീര്‍ വയലില്‍, പി എം എ സലാം, ഭഗവത് സിംഗ് തിരുവനന്തപുരം, സോമന്‍ ബേബി ബഹ്‌റിന്‍ എന്നിവര്‍ അംഗങ്ങളായാണ് പ്രവാസി കമ്മീഷന്‍ രൂപവത്കരിച്ചത്. ഇതില്‍ സോമന്‍ ബേബി, ഭഗവത് സിംഗ് എന്നിവര്‍ക്ക് 65 വയസ്സ് കഴിഞ്ഞത് കാരണം ഈയിടെ വിരമിച്ചു. ഈ വരുന്ന ജൂണില്‍ പി എം എ സലാമും വിരമിക്കാനിരിക്കുകയാണ്. വിരമിച്ചവര്‍ക്ക് പകരം ആളുകളെ നിയമിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടും നല്‍കുന്നില്ല.

കമ്മീഷന്‍ ചെയര്‍മാന് വാഹന സൗകര്യം പോലും നല്‍കാത്തതിനാല്‍ യാത്രാകൂലി വരെ സ്വന്തമായി വഹിക്കേണ്ട സ്ഥിതിയാണ്.
പ്രവാസികള്‍ക്ക് നിയമപരമായി സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവാസി കമ്മീഷന്‍ രൂപവത്കരിച്ചത്. 2016 ജനുവരി 26ന് കമ്മീഷന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. അതേവര്‍ഷം മാര്‍ച്ച് രണ്ടിനാണ് ജസ്റ്റിസ് ഭവദാസന്‍ ചെയര്‍മാനായി കമ്മീഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നതിനാല്‍ കമ്മീഷന്റെ നടപടിക്രമങ്ങള്‍ നീണ്ടുപോയി. അതിനിടെ കെ എസ് ഹമീദ് എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയിലുള്ള നിര്‍ദേശ പ്രകാരം പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കാനുള്ള വിജ്ഞാപനം 2016 ഏപ്രില്‍ 26ന് സര്‍ക്കാര്‍ പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30 മുതലാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.
തലസ്ഥാനത്ത് പ്രധാന ഓഫീസ് അനുവദിക്കാമെന്നായിരുന്നു കമ്മീഷന്‍ ചെയര്‍മാന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഓഫീസ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് 2016 സെപ്തംബറില്‍ അബ്ദുല്‍ അസീസ് എന്നയാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. ഈ ഹരജിയില്‍ ഒരു മാസത്തിനുള്ളില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായി എല്ലാ സൗകര്യങ്ങളും അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.
എന്നാല്‍ കമ്മീഷന്‍ രൂപവത്കിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അതേസമയം, പ്രവാസി കമ്മീഷന് ആവശ്യമായ ഓഫീസ് സംവിധാനം, ഫണ്ട്, ഉദ്യോഗസ്ഥര്‍ എന്നിവ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷന് പ്രവര്‍ത്തിക്കാന്‍ സൗകര്യങ്ങളൊരുക്കിയില്ലെങ്കില്‍ പ്രവാസികളെ സംഘടിപ്പിച്ച് സമര രംഗത്തിറങ്ങാനാണ് സൊസൈറ്റിയുടെ തീരുമാനം.