Connect with us

National

അഫ്ഗാനിലെ യുഎസ് ബോംബാക്രമണത്തില്‍ 36 മരണം; മരിച്ചവരിൽ മലയാളിയും

Published

|

Last Updated

ന്യൂഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ ഏറ്റവും വലിയ ആണവേതര ബോംബ് ഉപയോഗിച്ച് യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ ഒരു മലയാളി അടക്കം 36 പേര്‍ കൊല്ലപ്പെട്ടു. 21 മലയാളികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ടുകളുണ്ട്. ഇവർ മറ്റു സ്ഥലങ്ങളിലെ എെഎസ് ക്യാമ്പുകളിൽ എത്തിച്ചേർന്നതായും ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല.കാസര്‍കോട് പടന്ന സ്വദേശിയായ ടികെ മുര്‍ഷിദ് മുഹമ്മദ് എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ മരിച്ചതായി ടെലിഗ്രാം വഴി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കാസർകോഡ് ചന്ദേര പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ആക്രമണം നടത്തിയത്. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു ആക്രമണം.ഐഎസിൽ ചേരാൻ കേരളത്തിൽനിന്നുപോയവരിൽ ചിലർ ഇവിടെയുണ്ടായിരുന്നെന്നും ഇവർ കൊല്ലപ്പെട്ടിരിക്കാം എന്നുമാണു രഹസ്യാന്വേഷണ കേന്ദ്രങ്ങൾ നലകുന്ന വിവരം.