Connect with us

Gulf

ദുബൈ സഫാരി അവസാന മിനുക്ക്പണിയില്‍ കാണാം ദുബൈയില്‍,വന്യജീവികളുടെ വിസ്മയലോകം

Published

|

Last Updated

ദുബൈ: വിസ്മയങ്ങളുടെ നഗരമായ ദുബൈയില്‍ അത്ഭുത ക്കാഴ്ചയൊരുക്കുന്ന വന്യജീവി സങ്കേത പദ്ധതിയായ ദുബൈ സഫാരിയുടെ ജോലികള്‍ അന്തിമഘട്ടത്തില്‍.
അവസാന മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അല്‍ വര്‍ഖ അഞ്ചില്‍ പൂര്‍ത്തിയായിവരുന്ന പാര്‍ക്ക് ഇന്നലെ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പുറമെ പാര്‍കിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിനായി എത്തിച്ച ഇലക്ട്രിക് കാറുകളും ബസും ട്രെയിനും അദ്ദേഹം നോക്കിക്കണ്ടു. അടുത്തുതന്നെ പാര്‍ക് തുറന്നുകൊടുക്കാനാകും.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോടെയാണ് 119 ഹെക്ടറില്‍ പാര്‍ക് നിര്‍മാണം പൂര്‍ത്തിയായി വരുന്നത്. ഇതില്‍ 80 ഹെക്ടറില്‍ ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വില്ലേജുകളാണ് സംവിധാനിച്ചിരിക്കുന്നത്. 35 ഹെക്ടറില്‍ ഓപ്പണ്‍ സഫാരി വില്ലേജും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്യജീവി ആവാസ വ്യവസ്ഥ ദുബൈയില്‍ സാധ്യമാക്കുക എന്ന ലക്ഷ്യമാണ് പാര്‍കിനുള്ളത്. എല്ലാ തരത്തിലുള്ള വന്യജീവികള്‍ക്കും കഴിയാനുള്ള ആവാസ വ്യവസ്ഥ സഫാരി പാര്‍കില്‍ സംവിധാനിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്യജീവികളെ അവക്കാവശ്യമായ ആവാസ വ്യവസ്ഥ തയ്യാറാക്കി ദുബൈയില്‍ സജ്ജമാക്കുന്നതോടെ ലോക വിനോദസഞ്ചാരികളെ ദുബൈയിലേക്ക് ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, ഓപ്പണ്‍ സഫാരി വില്ലേജ് എന്നിവക്ക് പുറമെ താഴ്‌വാരവും ചില്‍ഡ്രന്‍സ് പാര്‍കും ഇവിടെയുണ്ട്.
പാര്‍കില്‍ നിര്‍മിച്ച താഴ്‌വാരത്ത് 7.5 ഹെക്ടര്‍ സ്ഥലത്താണ് സൗരോര്‍ജ സംവിധാനം. പാര്‍കിനാവശ്യമായ മുഴുവന്‍ വൈദ്യുതിയും സൗരോര്‍ജത്തില്‍ നിന്നായിരിക്കും സ്വീകരിക്കുക. കൂടാതെ താഴ്‌വാരത്ത് വെള്ളച്ചാട്ടം, അരുവി, മത്സ്യ തടാകം, താഴ്‌വരയുടെ ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന മരപ്പാലങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10,500ലധികം മൃഗങ്ങളെയാണ് ദുബൈ സഫാരി ഉള്‍കൊള്ളുക. ഇതില്‍ 350 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയാണ്.
ദുബൈ നഗരസഭാ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുബാറക് അല്‍ മുതൈവി, ജനറല്‍ സപ്പോര്‍ട് സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുല്‍ കരീം, പ്രൊജക്ട് ഡയറക്ടര്‍ ജനറല്‍ എന്‍ജി. മര്‍വാന്‍ അബ്ദുല്ല അല്‍ മുഹമ്മദ്, ലെയ്ഷ്വര്‍ ഫെസിലിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ സുവൈദി തുടങ്ങിയ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും ഹുസൈന്‍ നാസര്‍ ലൂത്തക്കൊപ്പമുണ്ടായിരുന്നു.