ബിഎസ് 3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില്‍ക്കുന്നത് സുപ്രീം കോടതി നിരോധിച്ചു

Posted on: March 29, 2017 4:04 pm | Last updated: March 30, 2017 at 1:37 pm

ന്യൂഡല്‍ഹി: ഭാരത് സ്‌റ്റേജ് 4 (ബിഎസ് 4) മലിനീകരണ നിയന്ത്രണം പാലിക്കാത്ത വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നത് സുപ്രീം കോടതി കര്‍ശനമായി നിരോധിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഇത്തരം വാഹനങ്ങള്‍ വില്‍പന നടത്താനാവില്ല. ബിഎസ് 3 വാഹനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി നീട്ടിനലകണമെന്ന് ആവശ്യപ്പെട്ട് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫേക്‌ചേഴ്‌സ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ സുപ്രധാന ഉത്തരവ്. വാഹന നിര്‍മാതാക്കളുടെ വാണിജ്യ താത്പര്യത്തേക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി നിരിക്ഷിച്ചു. അതേസമയം, ഏപ്രില്‍ ഒന്നിന് മുമ്പ് വാങ്ങിയതിന്റെ തെളിവ് ഹാജരാക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 മാനദണ്ഡം നിലവില്‍ വരുന്നതിനാല്‍ അതിന് ശേഷം ബിഎസ് 3 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാന്‍ പറ്റില്ലെന്ന് പരിസ്ഥിതി മലിനികരണ നിയന്ത്രണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വാഹന നിര്‍മാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്.

രാജ്യത്ത് 2010 മുതല്‍ 41 കമ്പനികള്‍ 13 കോടി ബിഎസ് 3 വാഹനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ 8.42 ലക്ഷം വാഹനങ്ങള്‍ ഇപ്പോഴും വിറ്റുപോയിട്ടില്ല. ഇവ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ 12000 കോടി രൂപയുടെ ബാധ്യത വരുമെന്നും അത് നിര്‍മാതാക്കള്‍ ഏറ്റെടുക്കണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.