ചെങ്കോലിന്ത്യക്ക്‌

Posted on: March 29, 2017 12:32 am | Last updated: March 29, 2017 at 12:32 am

ധരംശാല: പിച്ചില്‍ ഭൂതമില്ലായിരുന്നു ! ആസ്‌ത്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്നത് റോള്‍ മോഡലാക്കാന്‍ നില്‍ക്കാതെ ലോകേഷ് രാഹുലും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ബാറ്റ് വീശിയപ്പോള്‍ ധരംശാല ടെസ്റ്റ് എട്ട് വിക്കറ്റിന് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി.ഇതോടെ, ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ ഇന്ത്യ നിലനിര്‍ത്തി. ഏപ്രില്‍ ഒന്നിന് ടെസ്റ്റ് റാങ്കിംഗ് പുറത്ത് വരാനിരിക്കെ ഇന്ത്യയുടെ ഒന്നാം സ്ഥാനം ആസ്‌ത്രേലിയക്കെതിരായ പരമ്പര നേട്ടത്തോടെ കൂടുതല്‍ ഭദ്രമാവുകയായിരുന്നു.

സ്‌കോര്‍ : ആസ്‌ത്രേലിയ 300 & 137 ; ഇന്ത്യ 332 & 106/2 (23.5).

പത്ത് വിക്കറ്റുകള്‍ കൈയ്യിലിരിക്കെ 87 റണ്‍സായിരുന്നു ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്ക് ആവശ്യമായിരുന്നത്. 19/0 എന്ന നിലയില്‍ നിന്നുള്ള തുടക്കം സ്‌കോര്‍ 46 ല്‍ എത്തിയപ്പോള്‍ നിലച്ചു. രണ്ട് വിക്കറ്റുകള്‍ തുടരെ നഷ്ടം. എട്ട് റണ്‍സെടുത്ത ഓപണര്‍ മുരളി വിജയ് കമിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വാഡെക്ക് ക്യാച്ചായി. പിന്നാലെ മാക്‌സ്വെല്‍ ചേതേശ്വര്‍ പുജാരയെ റണ്ണൗട്ടാക്കി. അഞ്ച് പന്തുകള്‍ നേരിട്ട പുജാര റണ്‍സെടുത്തിരുന്നില്ല. നാലാമനായി ക്രീസിലെത്തിയ രഹാനെ അറ്റാക്കിംഗ് മൂഡിലായിരുന്നു. 27 പന്തുകളില്‍ നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ രഹാനെ പുറത്താകാതെ 38 റണ്‍സടിച്ചു. മറുവശത്ത് 76 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളുടെ സഹായത്തോടെ 51 റണ്‍സടിച്ച ലോകേഷ് രാഹുലും.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കളിക്കാര്‍ക്കൊപ്പം തന്നെ ടീം സ്റ്റാഫുകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ചാമ്പ്യന്‍ഷിപ്പ് നേട്ടമെന്നും ക്യാപ്റ്റന്‍ കോഹ്ലി മത്സരശേഷം പറഞ്ഞു.
ഒരു ദശലക്ഷം ഡോളറാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഇന്ത്യക്ക് ഐ സി സി കൈമാറിയത്. അഞ്ച് ലക്ഷം ഡോളറിനായുള്ള രണ്ടാം സ്ഥാനത്തിന് ദക്ഷിണാഫ്രിക്കയും ആസ്‌ത്രേലിയയും തമ്മിലാണ് പോരാട്ടം. ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോട് സമനില മതി ദക്ഷിണാഫ്രിക്കക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാന്‍.

ഇത് നാലാം തിരിച്ചുവരവ്…

ഒന്നാം ടെസ്റ്റ് പരാജയപ്പെട്ടതിന് ശേഷം ഇന്ത്യ പരമ്പര സ്വന്തമാക്കിയത് നാല് തവണയാണ്. ഇതില്‍ രണ്ട് തവണയും ആസ്‌ത്രേലിയക്കെതിരെ – ഇപ്പോഴും 2000-01 ലും- ആയിരുന്നു. 1972-73 ല്‍ ഇംഗ്ലണ്ടിനെതിരെയും 2015 ല്‍ ശ്രീലങ്കക്കെതിരെയും ആയിരുന്നു മറ്റ് വിജയങ്ങള്‍. ഈ അവസരങ്ങളിലെല്ലാം 2-1നായിരുന്നു ഇന്ത്യയുടെ പരമ്പര ജയം.
2005 ആഷസിന് ശേഷം ഇതാദ്യമായിട്ടാണ് ആസ്‌ത്രേലിയ ആദ്യ ടെസ്റ്റ് ജയിച്ചശേഷം പരമ്പര കൈവിടുന്നത്.
2004-05ന് ശേഷം നാട്ടിലെ പരമ്പരയില്‍ ഇന്ത്യ തുടരെ നാലാം തവണയും ആസ്‌ത്രേലിയയെ തോല്‍പ്പിച്ചു. നാട്ടില്‍ അവസാനം കളിച്ച പത്ത് പരമ്പരകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ ആസ്‌ത്രേലിയയോട് പരാജയപ്പെട്ടത്.

ഏഷ്യയില്‍ വാഴാതെ ഓസീസ്…

ഏഷ്യയില്‍ ആസ്‌ത്രേലിയ തുടരെ നാലാം ടെസ്റ്റ് പരമ്പരയാണ് തോറ്റത്. 2012-13 ല്‍ ഇന്ത്യക്കെതിരെ, 2014-15 ല്‍ യു എ ഇയില്‍ പാക്കിസ്ഥാനെതിരെ, 2016 ല്‍ ശ്രീലങ്കയില്‍. ഈ മൂന്ന് പരമ്പരകളിലായി കളിച്ച ഒമ്പത് മത്സരങ്ങളിലും ആസ്‌ത്രേലിയ ദാരുണമായി പരാജയപ്പെട്ടു. 2017 ല്‍ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് ജയിക്കുകയും ഒന്ന് സമനിലയാവുകയും ചെയ്തുവെന്നത് തിരിച്ചടിയിലും ഓസീസിന്റെ ഗ്രാഫ് ഉയര്‍ത്തുന്നു.
ഏഷ്യന്‍ മണ്ണില്‍ അവസാന നാല് പരമ്പരകള്‍ മാറ്റി നിര്‍ത്തുക. അതിന് മുമ്പ് കളിച്ച ഏഴ് പരമ്പരകളില്‍ അഞ്ചും ജയിച്ച ചരിത്രമാണ് ആസ്‌ത്രേലിയക്കുള്ളത്. രണ്ട് തോല്‍വികള്‍ ഇന്ത്യയിലായിരുന്നു.

ഇന്ത്യക്കിത് തകര്‍പ്പന്‍ സീസണ്‍..
2016-17 സീസണില്‍ പത്ത് ജയങ്ങളാണ് ഇന്ത്യക്ക്. ഒരു സീസണില്‍ ഏറ്റവുമധികം ജയങ്ങളുടെ കണക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് വരുന്നു. ആസ്‌ത്രേലിയക്കാണ് ഒന്നാം സ്ഥാനം. 2005-06 സീസണില്‍ പന്ത്രണ്ടില്‍ പതിനൊന്നും ജയിച്ചതും 1999-00 ല്‍ പത്തിലും പത്തും ജയിച്ചതും ആസ്‌ത്രേലിയയെ മുന്‍നിരയില്‍ നിര്‍ത്തുന്നു. ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച സീസണ്‍ അഞ്ച് ജയങ്ങള്‍ ഉള്‍പ്പെട്ട 2004-05, 2009-10, 2012-13 സീസണായിരുന്നു.

അമര്‍നാഥിന് ശേഷം ലോകേഷ്..
1982ന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആറോ അധിലധികമോ അര്‍ധസെഞ്ച്വറി ഒരു ടെസ്റ്റ് പരമ്പരയില്‍ സ്വന്തമാക്കുന്നത് – ലോകേഷ് രാഹുല്‍ ! 1982-83 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ മൊഹീന്ദര്‍ അമര്‍നാഥാണ് മുമ്പ് ആറോ അതിലധികമോ അര്‍ധസെഞ്ച്വറി നേടിയത്. ആസ്‌ത്രേലിയക്കെതിരെ ഇതിന് മുമ്പ് സെഞ്ച്വറിപ്രകടനങ്ങള്‍ നടത്തിയത് 1993 ല്‍ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചാണ്.

സര്‍ മാന്‍ ഓഫ് ദ മാച്ച് !

നടപ്പ് സീസണില്‍ രവീന്ദ്ര ജഡേജ മൂന്ന് മാന്‍ ഓഫ് ദ മാച്ച് പുരക്‌സാരങ്ങള്‍ സ്വായത്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സീസണ്‍ റെക്കോര്‍ഡിനൊപ്പമെത്തി. എന്നാല്‍, മൂന്ന് പരമ്പരകളിലായിട്ടാണ് (ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ) ജഡേജയുടെ നേട്ടം. ജഡേജയുടെ അഞ്ചാമത്തെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡാണിത്. കരിയറിലെ ആദ്യ മാന്‍ ഓഫ് ദ സീരീസും. സഹതാരങ്ങള്‍ക്കിടയില്‍ സര്‍ ജഡേജ എന്നറിയപ്പെടുന്ന താരത്തെ സര്‍ മാന്‍ ഓഫ് ദ മാച്ചെന്ന് വിളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ലോകേഷ് രാഹുലിന്റെ ആറ് അര്‍ധസെഞ്ച്വറി പ്രകടനത്തെ കവച്ച് വെക്കുന്ന പ്രകടനം നടത്തിയത് രണ്ട് പേര്‍ മാത്രമാണ്. പാറ്റ്‌സി ഹെന്‍ഡ്രെനും സുനില്‍ ഗവാസ്‌കറും. എന്നാല്‍, രാഹുല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നാണ് ആറ് ഫിഫ്റ്റ് പ്ലസ് സ്‌കോര്‍ നേടിയത്. മറ്റുള്ളവര്‍ എട്ട് ഇന്നിംഗ്‌സിലായിരുന്നു.

സ്മിത്തിന്റെ പാഴ് സെഞ്ച്വറി…

ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഇരുപത് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. ഇതില്‍ പതിമൂന്ന് സെഞ്ച്വറികളും ടീമിന് വിജയം കൊണ്ടു വന്നെങ്കില്‍ അഞ്ചെണ്ണം സമനിലയായി. രണ്ടവസരങ്ങളില്‍ ടീം തോറ്റു. ഇപ്പോള്‍ ധരംശാലയിലും കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലുമായിരുന്നു ആ പാഴ് സെഞ്ച്വറികള്‍.