ശിക്ഷാ ഇളവും മാനദണ്ഡങ്ങളും

Posted on: March 25, 2017 6:33 am | Last updated: March 24, 2017 at 11:34 pm

പിണറായി സര്‍ക്കാറിനെയും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് തടവുകാരുടെ ശിക്ഷായിളവിന് ജയില്‍ വകുപ്പ് തയാറാക്കിയ പട്ടികയിലെ പുറത്തുവന്ന വിവരങ്ങള്‍. ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി നിസാം, തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ്, ടി പി കേസ് പ്രതികളായ കൊടി സുനി, കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നുണ്ട് പട്ടികയില്‍. സംഭവം പിണറായി സര്‍ക്കാറിനെതിരെ നല്ലൊരു ആയുധമാക്കാന്‍ യു ഡി എഫ് ഒരുങ്ങുന്നതിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് പട്ടിക തയാറാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടതോടെയാണ് യു ഡി എഫും പ്രതിരോധത്തിലായത്.

യു ഡി എഫ് ഭരണകാലത്ത് 2015ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു തയാറാക്കിയതാണ് വിവാദമായ ഇപ്പോഴത്തെ പട്ടിക. അന്നത്തെ കണക്ക് പ്രകാരം 2800 തടവുകാരാണ് ജയിലുകളിലുണ്ടായിരുന്നത്. ഇവരില്‍ 2,580 പേരും ശിക്ഷായിളവിന് അര്‍ഹരാണെന്നാണ് ജയില്‍ അധികൃതരുടെ വിലയിരുത്തല്‍. പിന്നീട് ഇടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട ശേഷം അതില്‍ നിന്ന് ചിലരെ ഒഴിവാക്കിയും ചിലരെ ഉള്‍പ്പെടുത്തിയും പട്ടിക പുതുക്കുകയായിരുന്നു. വാടകക്കൊലയാളികള്‍, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍, 65 വയസ്സിന് മീതെ പ്രായമുള്ളവരെയും കുട്ടികളെയും സ്ത്രീകളെയും കൊല ചെയ്തവര്‍, ലഹരി മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊല നടത്തിയവര്‍, വര്‍ഗീയ കൊലക്കേസ് പ്രതികള്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന സുപ്രീം കോടതി ഉത്തരവ് പരിഗണിച്ചായിരിക്കണം പട്ടിക തയാറാക്കേണ്ടതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ മാനദണ്ഡ പ്രകാരമാണ് സര്‍ക്കാറിന് പട്ടിക സമര്‍പ്പിച്ചതെന്ന് ജയില്‍ മേധാവിയും പറയുന്നു. എങ്കില്‍ പിന്നെ നിസാമിനെ പോലുള്ളവര്‍ എങ്ങനെ കടന്നു കൂടിയെന്നത് ദുരൂഹമാണ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും മറ്റും തടവുപുള്ളികള്‍ക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിക്കുന്നത് കീഴ്‌വഴക്കമാണ്. സംസ്ഥാനത്ത് മുമ്പ് പലപ്പോഴായി തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുകയും ഇതുവഴി ആയിരക്കണക്കിന് തടവുകാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ജയില്‍ മോചിതരാകുകയും ചെയ്തിട്ടുണ്ട്. മുന്‍ സക്കാര്‍ 2011 ഒക്‌ടോബറിലും 2012 ഒക്‌ടോബറിലുമായി 2809 തടവുപുള്ളികള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതിന് അര്‍ഹതപ്പെട്ടവരെ കണ്ടെത്തേണ്ടത് തടവുകാരുടെ ജയിലിലെ നല്ല പെരുമാറ്റവും നടപ്പും മാനദണ്ഡമാക്കിയായിരിക്കണം.

എന്നാല്‍, അവരുടെ രാഷ്ട്രീയ നിറവും മറ്റു പല താത്പര്യങ്ങളുമാണ് ഇന്നത്തെ തിരഞ്ഞെടുപ്പില്‍ മാനദണ്ഡമാക്കുന്നത്. ശിക്ഷായിളവ് നല്‍കാവുന്നവരെ ശിപാര്‍ശ ചെയ്യുന്നത് ജയില്‍ ഉപദേശക സമിതിയാണ്. ജയില്‍ ഡി ജി പി, ജില്ലാ കലക്ടര്‍, ജില്ലാ സെഷന്‍സ് ജഡ്ജി, ജില്ലാ പോലീസ് മേധാവി, ജില്ലാ പ്രബേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് പുറമെ സര്‍ക്കാര്‍ തീരുമാനിക്കുന്ന മൂന്ന് പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഉപദേശക സമിതി. സര്‍ക്കാര്‍ മാറുമ്പോള്‍ ഭരണത്തിലിരിക്കുന്ന മുന്നണിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചു, അവരുടെ രാഷ്ട്രീയ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കുകയാണ് പതിവ്. ഭരണകക്ഷി അനുഭാവികളോ നേതാക്കളോ ആയിരിക്കും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിനിധികള്‍. ഇത്തരമൊരു സമിതി ശിക്ഷായിളവിന് പട്ടിക തയാറാക്കുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സഹായികളുമായ പ്രതികളായിരിക്കും അതില്‍ കൂടുതലും സ്ഥലം പിടിക്കുന്നത്. ഡി ജി പി, കലക്ടര്‍, ജഡ്ജി, പോലീസ് മേധാവി തുടങ്ങിയ ഔദ്യോഗിക പ്രതിനിധികള്‍ ലിസ്റ്റിന് മൗനാനുവാദം നല്‍കുകയാണത്രെ ചെയ്യുന്നത്. ഇതുകൊണ്ടാണ് പട്ടികയില്‍ രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നത്.
കേവല ശിക്ഷാ മുറികളല്ല ജയിലുകള്‍. കുറ്റകൃത്യ വാസനകളില്‍ നിന്ന് തടവുകാരെ മോചിപ്പിച്ചു നല്ലവരാക്കി പരിവര്‍ത്തിപ്പിക്കാനുള്ള മാനസിക ശുദ്ധീകരണ കേന്ദ്രങ്ങള്‍ കൂടിയാണ്. അഥവാ ഇതായിരിക്കണം ജയിലുകളുടെ കര്‍ത്തവ്യം. ഇത് കൂടി കണക്കിലെടുത്താണ് ജയില്‍ വാസക്കാലത്ത് നല്ല പെരുമാറ്റക്കാരായ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തടവുകാര്‍ നല്ല നടപ്പ് ശീലിക്കാന്‍ ഇത് പ്രചോദനമേകും. അതേസമയം ജയില്‍ ശിക്ഷാ ഇളവിന്റെ മാനദണ്ഡം മനഃപരിവര്‍ത്തനത്തിന് പകരം രാഷ്ട്രീയ ബന്ധത്വവും മറ്റു താത്പര്യങ്ങളുമാകുമ്പോള്‍ ലക്ഷ്യം അട്ടിമറിക്കപ്പെടും. അതുകൊണ്ട് ഒരു മനഃപരിവര്‍ത്തനത്തിനും വിധേയമാകാത്ത വര്‍ക്ക് പോലും ശിക്ഷാ ഇളവ് നല്‍കുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് തടവ് വിട്ടിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് മടങ്ങാനും സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുകയേ ഉള്ളൂ.