Connect with us

Eranakulam

വിജിലന്‍സിനെ വിടാതെ കോടതി

Published

|

Last Updated

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി, അഴിമതി നിരോധന നിയമത്തിന്റെ ചട്ടക്കൂട്ടിലാകണം വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടതെന്നും ഓര്‍മിപ്പിച്ചു. മുന്‍മന്ത്രി ഇ പി ജയരാജന്റെ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഢി ഉള്‍പ്പെടെ നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കേസും പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശം. രണ്ട് കേസുകളും ഒരുമിച്ചാണ് പരിഗണിച്ചത്.

സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് വിജിലന്‍സ് രൂപവത്കരണമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം അനിവാര്യമാണ്. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഇതിന് മാര്‍ഗരേഖയുണ്ടാക്കി കോടതിയെ അറിയിക്കണം. അഴിമതി കേസുകള്‍ മാത്രമേ വിജിലന്‍സ് അന്വേഷിക്കൂ എന്നാണ് നിലപാടെങ്കില്‍ സര്‍ക്കാര്‍ അതിനുവേണ്ട നിയമനിര്‍മാണം നടത്തണം. സംസ്ഥാനത്ത് പരാതി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കോടതിക്ക് നേരിട്ട് ബോധ്യമുണ്ട്. ഉറവിടം വെളിപ്പെടുത്താനാകില്ല. നിയമത്തെ ഇവര്‍ ദുരുപയോഗം ചെയ്ത് പലര്‍ക്കെതിരെയും പരാതി നല്‍കുന്നത് പതിവാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് അഴിമതി കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം വിജിലന്‍സിന് മാത്രമല്ല, അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് ഏജന്‍സിക്കും അന്വേഷിക്കാം. ആരെങ്കിലും പരാതി നല്‍കിയാല്‍ അത് പരിഗണിച്ച് കേസെടുക്കാന്‍ ഉത്തരവിടുന്ന വിജിലന്‍സ് കോടതികള്‍ പരാതി നല്‍കിയവരുടെ പശ്ചാത്തലം കൂടി പരിശോധനക്ക് വിധേയമാക്കണം.
ഇത്തരം പരാതികളും ഒരുതരത്തില്‍ അരാജകത്വമാണ്. വ്യാജ പരാതികളിലും അന്വേഷണത്തിന് മുതിര്‍ന്നാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനം അരാജകത്വം സൃഷ്ടിക്കും. നിയമം ദുരുപയോഗം ചെയ്താണ് പല പരാതികളും വരുന്നത്. വിജിലന്‍സിന് ലഭിക്കുന്ന പരാതികളുടെ ഉദ്ദേശ്യശുദ്ധി കൂടി പരിശോധിക്കണം. അഴിമതി കേസ് മാത്രമേ വിജിലന്‍സ് അന്വേഷിക്കാവൂ എന്ന് രാജ്യത്തെ ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

അതേസമയം, അഴിമതി കേസുകളില്‍ റേറ്റിംഗിന് വേണ്ടി മാത്രം ചാനലുകള്‍ ഫഌഷ് ന്യൂസുകള്‍ നല്‍കുകയാണെന്നും കോടതി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ക്ക് ഫഌഷ്, ബ്രേക്കിംഗ് ന്യൂസുകളില്‍ മാത്രമാണ് താത്പര്യമെന്നും പരാതികളെക്കുറിച്ച് അവരും നിജസ്ഥിതി അന്വേഷിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ച്ചയായി നേരത്തെയും വിജിലന്‍സിനെതിരെ ഹൈക്കോടതി ശക്തമായ വിമര്‍ശം ഉന്നയിച്ചിരുന്നു. വിജിലന്‍സ് രൂപവത്കരണത്തിന്റെ നിയമസാധുതയും അധികാരവും പരിശോധിക്കണം. വിജിലന്‍സിന്റെ പരിധിവിട്ട അന്വേഷണം അനുവദിക്കാനാകില്ല. എല്ലാ ഭരണ സംവിധാനങ്ങള്‍ക്കും മുകളിലല്ല വിജിലന്‍സെന്നും കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ ഭാഗം മാത്രമാണെന്നും വ്യക്തമാക്കിയ കോടതി. എന്‍ ഐ എയോ സി ബി ഐയോ പോലെ പ്രത്യേക സംവിധാനമല്ല വിജിലന്‍സെന്നും ഓര്‍മിപ്പിച്ചിരുന്നു. കേരളത്തില്‍ വിജിലന്‍സ് രാജാണ് നിലനില്‍ക്കുന്നതെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest