സാങ്കേതിക വിദ്യയില്‍ ഗവേഷണ മികവു പുലര്‍ത്തി ഖത്വരി യുവാക്കള്‍

Posted on: March 23, 2017 7:55 pm | Last updated: March 23, 2017 at 7:27 pm
ഗവേഷണ പദ്ധതി മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ അധികൃതര്‍ക്കൊപ്പം

ദോഹ: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ അതിവേഗ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വികസിച്ചു വരുമ്പോള്‍ പുതിയ സങ്കേതങ്ങള്‍ ഗവേഷണം ചെയ്‌തെടുത്ത് സമര്‍പ്പിക്കുന്നതില്‍ മിടുക്കു കാണിക്കുന്നു ഖത്വറിലെ യുവ വിദ്യാര്‍ഥികള്‍. യുവാക്കളുടെ ഗവേഷണങ്ങളെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വിവിധ സംരംഭങ്ങളെല്ലാം രാജ്യത്തെ യുവതലമുറയുടെ മികവുകള്‍ അടയാളപ്പെടുന്നു. ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ട് (ക്യു എന്‍ ആര്‍ എ എഫ്) ഈ വര്‍ഷം നടത്തിയ മത്സരവും ഇതു തെളിയിക്കുന്നു.
ഇന്നലെ പുറത്തു വിട്ട മത്സര ഫലത്തില്‍ അര്‍ഹത നേടിയ നാലു ടീമുകളും ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ളവരാണ്. ഒമ്പതാമത് ആന്വല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് റിസര്‍ച്ച് എക്‌സ്പീരിയന്‍സ് പ്രോഗ്രാം (യു ആര്‍ ഇ പി) മത്സരത്തിന്റെ ഫലമാണ് ഇന്നലെ പുറത്തു വിട്ടത്. തിരഞ്ഞെടുത്ത പദ്ധതികള്‍ തികച്ചും വിശിഷ്ടമായവയായിരുന്നുവെന്നും എല്ലാ അതിര്‍ത്തികളെയും ലംഘിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ രംഗത്ത് മികവു പുലര്‍ത്തുന്നതെന്നും ഫണ്ട് പ്രോഗ്രാം ഡയറക്ടര്‍ നൂര്‍ അല്‍ മിറൈഖി പറഞ്ഞു.

ഖത്വരി യുവാക്കളുടെ ഗവേഷണ മികവാണ് ഇതു തെളിയിക്കുന്നത്. രോഗികളെ യഥാ സമത്ത് വിദൂരത്തിരുന്ന് നിരീക്ഷിക്കുന്നതിനു സാധിക്കുന്ന ‘സ്‌കേലബിള്‍ റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റം ഫോര്‍ മെഡിക്കല്‍ ആന്‍ഡ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ആപ്ലിക്കേഷന്‍’ എന്ന പദ്ധതിക്കാണ് ഒന്നാം സ്ഥാനം കിട്ടിയത്. അല്‍ കുസാമ അല്‍ ഹറമിയും സംഘവുമാണ് പദ്ധതി അവതരിപ്പിച്ചത്. മെന്റര്‍മാരായ ഡോ. അമര്‍ മുഹമ്മദ്, ഡോ. താരിഖ് ഇല്‍ഫോലി എന്നിവരുടെ സഹായത്തോടെയായിരുന്നു ആശയം വികസിപ്പിച്ചത്.
ഗവേഷണങ്ങളുടെ ലോകത്തേക്കുള്ള വാതിലാണ് ഈയൊരു പദ്ധതിയിലൂടെ തങ്ങള്‍ക്ക് തുറന്നു കിട്ടിയതെന്ന് സംഘത്തിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.

കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്ന പ്രമേഹം ഉണ്ടാകുന്നതില്‍ സ്വാധീനം ചെലുത്തുന്ന പ്രോട്ടീന്റെ പങ്ക് കണ്ടെത്തുന്ന ‘റോള്‍ ഓഫ് അഡിപൊനെക്ഷന്‍ ഓണ്‍ ഡയബറ്റിക് ററ്റിനോപ്പതി’ എന്ന പദ്ധതിക്കാണ് രണ്ടാംസ്ഥാനം.
‘ഇന്‍വോള്‍വ്‌മെന്റ് ഓഫ് ഖത്വരി അണ്ടര്‍ ഗ്രാജജ്വേറ്റ്‌സ് ടുവാര്‍ഡ്‌സ് കണ്‍വര്‍ഷന്‍ ഓഫ് സി ഒ 2 ഇന്‍ടു സോളാര്‍ ഫ്യൂവല്‍’ എന്ന ശീര്‍ഷകത്തിലുള്ള പദ്ധതിക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് ഖത്വറിനെ എങ്ങനെ സഹായിക്കാം എന്നന്വേഷിക്കുന്ന ‘എന്‍ഹാന്‍സിംഗ് ദി ക്വാളിറ്റി ഓഫ് പ്രൊഡ്യൂസ്ഡ് വാട്ടര്‍ ബൈ ആക്ടിവേറ്റഡ് കാര്‍ബണ്‍ ആന്‍ഡ് ഫൈറ്റര്‍മീഡിയേഷന്‍ ഫോര്‍ ഇറിഗേഷന്‍’ എന്ന പദ്ധതിക്കാണ് നാലാം സ്ഥാനം.
പദ്ധതികളുടെ നിവാരവും മികവും തികച്ചും അത്ഭുതപ്പെടുത്തുന്നതാണെന്നും സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യകളിലൂടെ പരിഹാരം കണ്ടെത്താനാണ് വിദ്യാര്‍ഥികള്‍ ശ്രമിച്ചതെന്നും ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഡീനും റിസര്‍ച്ച് പ്രോഗ്രാം ചെയര്‍പേഴ്‌സനുമായ ഡോ. മൗനീര്‍ ഹംദി പറഞ്ഞു.
പദ്ധതികളുടെ ഫലം സംബന്ധിച്ച് അവ തന്നെ സംസാരിക്കുന്നുണ്ട്. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം കൂടി ഇത്തരം മികച്ച റിസല്‍ട്ടിലൂടെ വ്യക്തമാകുകയാണ്. വിദ്യാര്‍ഥികളുടെ പ്രസന്റേഷനും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടികളും വ്യക്തതയുള്ളതായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഗവേഷണ പദ്ധതികള്‍ ഓരോന്നും കണ്ട് ആശ്ചര്യപ്പെട്ടുവെന്ന് പ്രോഗ്രാം ജഡ്ജും ചീഫ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ്റ്റുമായ ഡോ. ലൂസിന്‍ കെര്‍ബാഷെ പറഞ്ഞു.

ഇത് ബിരുദതലത്തില്‍ പഠിക്കുന്നവരാണ് തയാറാക്കിയതെന്നത് അത്ഭുതപ്പെടുത്തുന്നു. കുട്ടികളിലെ മികവുകള്‍ കണ്ടെത്താന്‍ ഇതൊരു മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്വര്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഭാഗമായാണ് റിസര്‍ച്ച് മത്സരം സംഘടിപ്പിക്കുന്നത്. 25 എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുത്ത 13 ടീമുകളുടെ പദ്ധതികളാണ് അന്തിമ മത്സരത്തില്‍ പങ്കെടുത്തത്. ബയോ മെഡിസിന്‍, ആരോഗ്യം, എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. വ്യത്യസ്ത ഘട്ടങ്ങളിലൂടെയുള്ള പ്രസന്റേഷനുകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു നടത്തിയത്.