ഭൂജല വിതാനം കുത്തനെ താഴ്ന്നു; ജലനിരപ്പ് സാരമായി കുറഞ്ഞത് തിരുവനന്തപുരത്തും കണ്ണൂരും

Posted on: March 18, 2017 9:34 am | Last updated: March 17, 2017 at 11:35 pm

കണ്ണൂര്‍: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതായി ഭൂജലവകുപ്പിന്റെ നിരീക്ഷണം. സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവിലുണ്ടായ കുറവ് നിമിത്തം ഭൂജല വിതാനത്തില്‍ ഇത്തവണ സാരമായ കുറവുണ്ടായി. സംസ്ഥാനത്തുള്ള 65 ലക്ഷത്തോളം തുറന്ന കിണറുകളില്‍ ഭൂരിഭാഗം എണ്ണത്തിലും ജലനിരപ്പ് കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ താഴ്ന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ നിരീക്ഷണ കിണറുകളെ അടിസ്ഥാനമാക്കി ഭൂജലവകുപ്പ് നടത്തിയ പഠനത്തിലാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരി ജലവിതാനത്തില്‍ കുറവാണ് ഇത്തവണത്തെ ജലനിരപ്പെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മാസം നടത്തിയ നിരീക്ഷണത്തില്‍ ഒന്നോ രണ്ടോ ജില്ലകളൊഴിച്ച് എല്ലാ ജില്ലകളിലും ഒരു മീറ്ററോ അതിലധികമോ ജലവിതാനം താഴ്ന്നിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് ജലവിതാനം സാരമായി കുറഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം 6.39 മീറ്ററാണ് ജലവിതാനമുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 8.23 മീറ്ററായി കുറഞ്ഞു. കണ്ണൂരില്‍ 5.81മീറ്റര്‍ ഉണ്ടായത് 7.78 മീറ്ററായാണ് കുറഞ്ഞത്. മറ്റ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ജലനിരപ്പ്, കഴിഞ്ഞ മാസത്തേതില്‍ നിന്ന് വ്യത്യാസപ്പെട്ടത് എന്നിവ ക്രമത്തില്‍. കാസര്‍കോട്(8.24-9.24),വയനാട്(6-7.4),കോഴിക്കോട് (5.82-6.77), പാലക്കാട്(5.46-6.66), മലപ്പുറം (6.5-7.33), തൃശൂര്‍ (4.51-5.94),എറണാകുളം (4.36-4.99), ആലപ്പുഴ (3.08-3.62), കോട്ടയം(4.27-5.99) ,കൊല്ലം(5.78-6.49 ),പത്തനംതിട്ട(3.7-4.52) ഇടുക്കി(3.94-4.71).
മഴ കുറഞ്ഞതും ചൂട് ക്രമാതീതമായി വര്‍ധിച്ചതുമാണ് ഇക്കുറി ജലനിരപ്പ് താഴാന്‍ കാരണമെന്നാണ് ഭൂജലവകുപ്പിന്റെ നിഗമനം.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പഠനത്തില്‍ കേരളത്തിലെ ശരാശരി വാര്‍ഷിക മഴലഭ്യത പ്രതിവര്‍ഷം 1.43 മില്ലീമീറ്റര്‍ കുറഞ്ഞുവരികയാണ്. ഇതില്‍ കാലവര്‍ഷവും വേനല്‍മഴയും തുലാവര്‍ഷവും കുറയുന്നു. ഭൂജലനിരപ്പിലെ നേരിയ വ്യതിയാനം കിണറുകളിലാണ് വേഗം പ്രകടമാകുക. ഗ്രാമീണ മേഖലയില്‍ 64.8 ശതമാനം പേര്‍ കിണറുകളെയും 24.5 ശതമാനം പൈപ്പ് വെള്ളത്തെയും ആശ്രയിക്കുന്നുണ്ട്. നഗരമേഖലയില്‍ കിണറുകള്‍ ഉപയോഗിക്കുന്നത് 58.9 ശതമാനമാണ്. പൈപ്പ് വെള്ളം 34.9 ശതമാനവും.സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കും കൃഷിക്കും വേണ്ടിയാണ് ഭൂജലം പ്രധാനമായും വിനിയോഗിക്കുന്നത്.
ഒരു വ്യക്തി പ്രതിദിനം 150 ലിറ്റര്‍ ജലം കുടിക്കുന്നതിനും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.