സംസ്ഥാനത്ത് മഴ കുറവ് ദേവികുളത്ത്; കൂടുതല്‍ പിറവത്ത്

Posted on: March 17, 2017 11:15 am | Last updated: March 17, 2017 at 10:37 am

സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള മഴമാപിനികളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2016ല്‍ ദേവികുളം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ് മഴ ലഭ്യമായിട്ടുള്ളതെന്ന് മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചു. പിറവം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ നേരിട്ട് പരാതി പരിഹരിക്കാനുള്ള സംവിധാനമായ ബ്ലൂ ബ്രിഗേഡ് യൂനിറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

കേരളത്തിലെ 14 ജില്ലകളിലും നവോത്ഥാന സാംസ്‌കാരിക സമുച്ഛയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതിനായി കാസര്‍കോട്, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ റവന്യു വകുപ്പിന്റെ സ്ഥല ലഭ്യത പരിശോധിച്ചുവരികയാണ്. 40 കോടിയാണ് പദ്ധതിക്കുള്ള ചിലവെന്ന് ടി അഹ്മദ് കബീര്‍, വി കെ ഇബ്‌റാഹീംകുഞ്ഞ്, എം കെ മുനീര്‍, എന്നിവരെ അറിയിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമപ്രകാരം ഇതുവരെ 13,486.984 ഹെക്റ്റര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത് പ്രകാരം 134. 3472 ഹെക്റ്റര്‍ ഭൂമി മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഉടമകള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട് . ഭൂമിയെറ്റെടുത്തതുമായി ബന്ധപ്പെട്ട് 328 കേസുകള്‍ കോടതികളില്‍ തീര്‍പ്പാവാതെ കിടക്കുന്നു ഇതില്‍ 138 കേസുകള്‍ തീര്‍പ്പായതും 76 കേസുകളില്‍ സര്‍ക്കാറിന് അകൂലമായി വിധി ലഭിച്ചിട്ടുണ്ടെന്നും മന്തി കെ രാജു എ എന്‍ ഷംസീറിനെ അറിയിച്ചു.