Connect with us

Articles

ആനന്ദകരമായ മദ്‌റസാ വിദ്യാഭ്യാസത്തിന്‌

Published

|

Last Updated

ബ്രിട്ടീഷ് ഭരണ കാലം തൊട്ടേ കേരള മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തിനും മതപഠനത്തിനും മുന്തിയ പരിഗണന നല്‍കിയവരാണ്. അക്കാലത്തെ ഓത്തുപള്ളികളിലൂടെ ദീനിയ്യാത്തും അമലിയ്യാത്തും കൂടെ അന്നത്തെ സാഹചര്യത്തില്‍ ആവശ്യമായിരുന്ന അറിവുകളും അവര്‍ നേടിയിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ അവസ്ഥ മാറിയപ്പോള്‍ പുതിയ രീതികളും ശീലങ്ങളും അന്നത്തെ മതനേതൃത്വം കണ്ടെത്തുകയും സമുദായത്തിന് പകര്‍ന്നു നല്‍കുകയും ചെയ്തു. അതാണിന്നു നാം കാണുന്ന വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മദ്‌റസാ പ്രസ്ഥാനം. അക്കാലത്തെ ഓത്തുപള്ളികള്‍ പില്‍ക്കാലത്ത് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂളുകളായി രൂപാന്തരപ്പെട്ടു എന്നത് ചരിത്രം.

സ്വന്തം സ്ഥാപനങ്ങളുണ്ടാക്കി കരിക്കുലവും സിലബസും തയാര്‍ ചെയ്ത് മതവിദ്യാഭ്യാസത്തെ പുതിയ രീതിയില്‍ പരീക്ഷിച്ച് വിജയിപ്പിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. സ്വ സമുദായത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ പ്രാപ്തരാക്കുകയും ചെയ്തിട്ടുണ്ട്. കാലാകാലങ്ങളില്‍ ആവശ്യമായ ചെറിയ ചെറിയ പരിഷ്‌കാരങ്ങള്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയിരുന്നുവെന്നത് നേര്. 1980കളില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് ലോകതലങ്ങളില്‍ സമൂലമായ ചില പരിഷ്‌കാരങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു. അതിന്റെ അലയൊലികള്‍ ഇന്ത്യയിലും കേരളത്തിലും വിദ്യാഭ്യാസ ഫ്രൈംവര്‍ക്കുകളായി നടന്നു. അതുവരെ ഉണ്ടായിരുന്ന സാമ്പ്രദായിക പഠന രീതികളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടു. “കുട്ടി” കേന്ദ്രീകൃത പഠനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. അധ്യാപകരെ ഫെസിലിറ്റേറ്റര്‍മാരും മെന്റര്‍മാരുമായി പരിവര്‍ത്തിക്കപ്പെട്ടു. വലിയ മുന്നേറ്റങ്ങള്‍ക്ക് ഇത് വഴിതെളിയിച്ചു. അധ്യാപക സേവന വേതന വ്യവസ്ഥകള്‍ മാറിവന്നു. വിദ്യാര്‍ഥി, രക്ഷിതാവ്, പരിസരം, അധ്യാപകര്‍ എന്നതിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു. അടിസ്ഥാന യോഗ്യതകള്‍ നിര്‍ണയിക്കപ്പെട്ടു. ഇതെല്ലാം കൂടിയായപ്പോള്‍ കുട്ടിക്ക് പഠനം ആനന്ദകരമായി അനുഭവപ്പെട്ടു. അങ്ങനെ നേരത്തെയുണ്ടായിരുന്ന കൊഴിഞ്ഞുപോക്ക് സ്‌കൂളില്‍ നിന്നും ഇല്ലാതാക്കാന്‍ ശിശു കേന്ദ്രീകൃത പഠനരീതിക്ക് സാധിച്ചു.
മതപഠനരംഗത്തും സമൂലമായ ചില മാറ്റങ്ങള്‍ ഈ രീതിയില്‍ വേണമെന്ന് നേരത്തെ ഈ വിദ്യാഭ്യാസ സംവിധാനത്തിന് തുടക്കം കുറിച്ച, എം എ ഉസ്താദിനെ പോലെയുള്ളവര്‍ തന്നെ പറഞ്ഞെങ്കിലും ചിലരുടെയെങ്കിലും പിടിവാശിയില്‍ അന്നത് നടപ്പാക്കാനായില്ല. എന്നാല്‍ 1989ലെ സമസ്തയിലെ ധ്രുവീകരണത്തോടെ അത് ഭാഗ്യവശാല്‍ സാധിച്ചെടുത്തു. റസ്മുല്‍ ഉസ്മാനിയും സിലബസ് പരിഷ്‌കരണവും നടത്താനായി. കുറഞ്ഞ സമയത്ത് കൂടുതല്‍ കാര്യം പഠിപ്പിക്കാനും ശാസ്ത്രീയവും അതിലേറെ ലളിതവും ആയ പഠന രീതികള്‍ക്ക് ഊന്നല്‍ നല്‍കപ്പെട്ടു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഈ രീതിയില്‍ നിരീക്ഷിക്കപ്പെട്ടു.

ഇതൊക്കെ വന്നെങ്കിലും ഇന്നും കുട്ടികള്‍ക്ക് മദ്‌റസാ പഠനം പൂര്‍ണമായി ആനന്ദകരമായിട്ടില്ല. അതിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥി, രക്ഷിതാക്കള്‍, പരിസരം, എന്നീ ഘടകങ്ങളെ നാം പുനഃക്രമീകരിക്കേണ്ടതുണ്ട്. ഈ വഴിക്കുള്ള വലിയ എളിയ ചിന്തയാണ് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ആനന്ദകരമായ മദ്‌റസാ വിദ്യാഭ്യാസം പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് നമ്മുടെ മദ്‌റസകളെ മാറ്റിയെടുക്കാനാകും.
മദ്‌റസാ രംഗം ശക്തിപ്പെടുത്തുന്നതുപോലെ ശ്രദ്ധയൂന്നേണ്ട ഒരിടം തന്നെയാണ് മഹല്ല് ജമാഅത്തുകളും. ശിഥിലമായി, ഒറ്റപ്പെട്ടു കിടക്കുന്ന മഹല്ല് ജമാഅത്തുകളെ ഏകീകരിച്ച് ശാക്തീകരിക്കാനും എസ് എം എ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഇ മഹല്ല് പ്രൊജക്ട് ഈ വഴിയില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. കേരളത്തിലെ മുഴുവന്‍ മഹല്ല് ജമാഅത്തുകളെയും ഒരു കേന്ദ്രത്തില്‍ സര്‍വറില്‍ കണക്ട് ചെയ്ത് വിവരങ്ങള്‍ നല്‍കാനും പരസ്പരം അറിയാനും അടുക്കാനും പറ്റും വിധമാണ് ഇ മഹല്ല് സംവിധാനിച്ചിട്ടുള്ളത്. പൈലറ്റ് പദ്ധതിയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മഹല്ലു ജമാഅത്തുകളില്‍ സൗജന്യമായി ഈ പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്.

മനുഷ്യകുടുംബത്തിന്റെ ആരംഭം, വിവാഹം, ജീവിതത്തുടക്കം, കൂട്ടുജീവിതം, കുടുംബ നേതൃത്വം, പരസ്പരസ്‌നേഹം, സമത്വം, പുതിയ ലോകത്തെ കുടുംബാവസ്ഥ ഇങ്ങനെ സന്തുഷ്ട കുടുംബമാകാന്‍ ആവശ്യമായ കാര്യങ്ങളെക്കുറിച്ച് മഹല്ലുവാസികള്‍ക്ക് നൂതന സാങ്കേതിക മാര്‍ഗങ്ങളുപയോഗിച്ച് ബോധവത്കരണം നടത്തുന്ന പരിപാടിയായ ഹാപ്പി ഫാമിലി പ്രോഗ്രാം മഹല്ലുകളില്‍ വിജയകരമായി നടന്നുവരുന്നു.
മസ്ജിദുകളിലെ ഇമാം, ഖത്വീബ്, മുദരിസ്, മുഅദ്ദിന്‍ തുടങ്ങിയ ഉസ്താദുമാരുടെയും, ശരീഅത്ത്‌കോളജ്, ദഅ്‌വകോളജ്, അറബിക് കോളജ് എന്നിവിടങ്ങളിലെ മുദരിസുമാരുടെയും സേവനകാലം രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള സര്‍വീസ് പുസ്തകം -മസ്ജിദ് എംപ്ലോയീസ് സര്‍വ്വീസ് രജിസ്റ്റര്‍ എസ് എം എ നടപ്പിലാക്കി. ഇതിലൂടെ ക്ഷേമനിധി ആവിഷ്‌കരിച്ച് സഹായങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണ് എസ് എംഎ സംസ്ഥാന ക്ഷേമ ബോര്‍ഡ്.
മദ്‌റസക്ക് കെട്ടിടം നിര്‍മിക്കുന്നതിനും പുനര്‍നിര്‍മ്മാണം നടത്തുന്നതിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും എസ് എം എ സംസ്ഥാന ക്ഷേമ ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കു കീഴില്‍ ധനസഹായം നല്‍കി വരുന്നു. നമ്മുടെ പിഞ്ചോമനകള്‍ക്ക് അക്ഷരവും അറിവും വിശ്വാസവും കോരിക്കൊടുത്ത ഉസ്താദുമാര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ആശ്വാസധനമാണ് എസ് എം എയുടെ സ്ഥിരം ക്ഷേമ പെന്‍ഷന്‍. മദ്‌റസാ അധ്യാപകര്‍ക്ക് പുറമെ മസ്ജിദ് ഇമാം, ഖത്വീബ്, മുഅദ്ദിന്‍, മുദരിസ് എന്നിവര്‍ക്കുകൂടി നല്‍കിവരുന്നു.
മഹല്ല് ജമാഅത്തുകള്‍ ഉപയോഗിക്കുന്ന രേഖകളും റിക്കാര്‍ഡുകളും ഏകീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നികാഹ് രജിസ്റ്റര്‍, എക്കൗണ്ട് ബുക്ക് തുടങ്ങിയവ മഹല്ലുകള്‍ക്കും മദ്‌റസകള്‍ക്കും സൗജന്യമായി നല്‍കിക്കഴിഞ്ഞു. മഹല്ല് അംഗത്വഫോറം, സര്‍വേ ഫോറം, വിവാഹ സര്‍ട്ടിഫിക്കറ്റ്, വിവാഹാന്വേഷണ ഫോറം തുടങ്ങിയ ഫോറങ്ങളും മറ്റു അപേക്ഷകളുടെയും രേഖകളുടെയും ഏകീകരിപ്പിച്ച മാതൃകകളും മഹല്ലുകള്‍ക്ക് എത്തിക്കുന്നു.
മഹല്ലുകളും മദ്‌റസകളും മാതൃകാ സ്ഥാപനങ്ങളായി പരിവര്‍ത്തിക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും അര്‍ഹതപ്പെട്ടത് നേടിക്കൊടുക്കാനും എസ് എം എ ശ്രമങ്ങള്‍ നടത്തുന്നു. മഹല്ല് ഭരണം, സ്ഥാപന സംരക്ഷണം, മഹല്ല് സംസ്‌കരണം, മസ്‌ലഹത്ത് പ്രവര്‍ത്തനം, വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്‍പരമായ നേതൃത്വം തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനും അതുസംബന്ധമായ പ്രമാണങ്ങളും രേഖകളും സേവനങ്ങളും കണക്കുകളും കൈകാര്യം ചെയ്യാനും മഹല്ല് ജമാഅത്ത് സെക്രട്ടറിമാര്‍ക്കും മറ്റും പരിശീലനം നല്‍കുന്നു.
സംസ്‌കാര രൂപവത്കരണത്തില്‍ മദ്‌റസകളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതിനും മഹല്ല്-മദ്‌റസാ ശാക്തീകരണത്തിന്റെ വഴിയില്‍ എസ് എം എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനും 2017 മാര്‍ച്ച് 17 വെള്ളിയാഴ്ച “മദ്‌റസാ ദിന”മായി ആചരിക്കുകയാണ്. അന്ന് ജുമുഅക്ക് ശേഷം ഖത്വീബുമാര്‍ “മദ്‌റസാദിന”ത്തിന്റെ പ്രാധാന്യം വിശദീകരിച്ച് സംഭാവന സ്വീകരിക്കണം. ഉസ്താദുമാര്‍, ഖാസിമാര്‍, മുദരിസുമാര്‍, മുഅല്ലിംകള്‍, മഹല്ല് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എല്ലാം ഒത്തുചേര്‍ന്ന് ഫണ്ട് ശേഖരണത്തിന് മുന്നില്‍ നില്‍ക്കണം. സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കിയ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങളുടെ അഭ്യര്‍ഥനയുള്ള സംഭാവനാ കവറുകള്‍ മദ്‌റസാവിദ്യാര്‍ഥികളിലൂടെയും അല്ലാതെയും വിതരണം ചെയ്ത് ഓരോ വീട്ടിലുമെത്തിക്കണം. ജുമുഅത്ത് പള്ളിയില്ലാത്ത സ്ഥലങ്ങളില്‍ നിസ്‌കാര പള്ളികളിലും അങ്ങാടികളിലും പ്രമുഖ വ്യക്തികളിലൂടെയും കലക്ഷന്‍ നടക്കണം. എസ് എം എ റീജ്യണല്‍, മേഖലാ, ജില്ലാ ഭാരവാഹികള്‍ എല്ലായിടത്തും നേതൃത്വം നല്‍കണം. “മദ്‌റസാദിനം” വിജയിപ്പിക്കാന്‍ വേണ്ടി സംഘടനാ കുടുംബത്തിലെ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം എന്നീ ഘടകങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങുകയും സ്‌നേഹജനങ്ങള്‍ അവരെ തുണക്കുകയും ചെയ്യുക. നാഥന്‍ സഹായിക്കട്ടെ
(എസ് എം എ സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍)