Connect with us

Articles

കെ എ എസിനെ പിന്തുണക്കാം, എന്തുകൊണ്ട്?

Published

|

Last Updated

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഫയലുകളാണ് ദിനംപ്രതി സെക്രട്ടേറിയറ്റില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ എത്തുന്നത്. വിവിധ മന്ത്രിമാരുടെ ഓഫീസുകള്‍, വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഉടലെടുക്കുന്ന എണ്ണിയാല്‍ തീരാത്ത അത്ര ഫയലുകള്‍. ഇതുകൂടാതെ പൊതുജനങ്ങളുടെ പരാതികള്‍, ആവശ്യങ്ങള്‍, ക്ഷണപത്രങ്ങള്‍ തുടങ്ങി നിരവധി ഫയലുകളാണ് തീര്‍പ്പാക്കാന്‍ സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ എത്തുക. നിയമസഭയുമായി ബന്ധപ്പെട്ടത്, എം എല്‍ എമാരുടെ ആവശ്യങ്ങളുടെ ഫയലുകള്‍ എന്നിവക്കും പുറമെയാണിത്.

ഐ എ എസ്, ഐ പി എസ് മൂപ്പിളമ പ്രശ്‌നങ്ങള്‍, യൂനിയനുകള്‍ തമ്മിലുള്ള കുടിപ്പക, ചട്ടപ്പടി സമരങ്ങള്‍, ചായ കുടി സമരങ്ങള്‍, ഊണു സമയം എല്ലാം കൂട്ടിക്കിഴിച്ചാല്‍ ഒരു ദിവസം ഒരു ജീവനക്കാരന് ഫയല്‍ കൈകാര്യം ചെയ്യാന്‍ സ്വന്തം സീറ്റില്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം പ്രതിദിനം ലഭിക്കാറില്ല. ഇതിനിടയില്‍ പത്രം വായന, മാസിക വായന, ടി വി സീരിയല്‍ ചര്‍ച്ച, കുടുംബ പ്രശ്‌നങ്ങളുടെ കെട്ടഴിക്കല്‍ എന്നിവക്ക് പുറമെ വഴിവാണിഭക്കാര്‍ കൊണ്ടുവരുന്ന സാരികള്‍, സൗന്ദര്യ വസ്തുക്കള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ കാണുകയും സെലക്ട് ചെയ്യുകയും സംസാരിക്കുകയും വേണം. അത് കഴിഞ്ഞ് വേണം ഫയല്‍ നോക്കാന്‍. സെക്രട്ടേറിയറ്റില്‍ കച്ചവടക്കാരുടെ പ്രവേശനം കുറച്ച് നിയന്ത്രിച്ചതിനാല്‍ ചെറിയ മാറ്റമുണ്ട്. സെക്രട്ടേറിയറ്റില്‍ ശരിക്ക് പണിയെടുക്കുന്ന ഉദ്യോഗസ്ഥരും ഇല്ലാതില്ല. നേരത്തെ വന്ന് നേരം വൈകി പോകുന്നവര്‍ വിരളമാണെങ്കിലും അത്തരക്കാരെയും കാണാം.

ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി തുടങ്ങിയ സെക്രട്ടറി കസേരകളും കമ്പ്യൂട്ടര്‍ അസിസ്റ്റന്റുകള്‍, ഓഫീസ് അസിസ്റ്റന്റുകള്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട് എന്നിങ്ങനെ ആയിരക്കണക്കിന് തസ്തികകളാണ് സെക്രട്ടേറിയറ്റിലുള്ളത്. സെക്രട്ടേറിയറ്റിലെ ജോലി അടിത്തൂണ്‍ പറ്റുന്നതോടെ തീരുമെങ്കിലും മരണം വരെ പെന്‍ഷന്‍ ലഭിക്കുന്നവരാണിവരെല്ലാം. വീടു പണിയാന്‍, ആരോഗ്യം നിലനിര്‍ത്താന്‍, ജീവന്‍ നിലനിര്‍ത്താന്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിന്, തുടങ്ങി ഒട്ടനവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍. മറ്റു ഓഫീസുകളെക്കാള്‍ വലിയ സ്‌കെയിലിലാണ് ശമ്പളം.
പ്ലസ്ടു, ഡിഗ്രി, പി ജി എന്നീ വിവിധ യോഗ്യതകളുള്ളവര്‍ ജോലി ചെയ്യുന്ന സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി(കെ എ എസ്)ന്റെ പേരിലുള്ള സമരം മൂലം കുറച്ച് മുമ്പ് അവതാളത്തിലായിരുന്നു. ഓരോ ഫയിലിലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു തീരും മുമ്പായിരുന്നു ഫയലുകള്‍ ഉറക്കം തുടങ്ങിയത്.

ഉയര്‍ന്ന തസ്തികകളില്‍ കഴിവും ബുദ്ധിയും അഭിരുചിയും തന്റേടവും പാടവവുമുള്ള യുവജനങ്ങളെ ഐ എ എസ് പോലെ തിരഞ്ഞെടുത്ത് നിയമിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി നിലവിലുള്ള സംവിധാനമാണിത്. ഇതര സംസ്ഥാനക്കാരായ ഐ എ എസുകാര്‍ ഭാഷയറിയാതെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലവിളംബമുണ്ടാകുന്നത് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. മലയാളികളായ കെ എ എസ് ഉദ്യോഗസ്ഥര്‍ക്ക് തീര്‍ച്ചയായും ഫയല്‍ പഠിക്കുന്നതിനും തീര്‍പ്പ് കല്‍പ്പിക്കുന്നതിനും അനായാസം സാധിക്കും. ഉയര്‍ന്ന പോസ്റ്റുകളില്‍ എത്തുന്ന സെക്രട്ടേറിയറ്റിലെ പല ജീവനക്കാര്‍ക്കും നൂതന സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെടുന്നതിലും ഇടപഴകുന്നതിലും പഠിച്ചെടുക്കുന്നതിലും വൈഷമ്യങ്ങള്‍ നേരിടുന്നത് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന തസ്തികകളില്‍ വിദഗ്ധരായവരുടെ അഭാവം നമ്മുടെ സെക്രട്ടേറിയറ്റ് അനഭവിക്കുന്നുണ്ട്.

15-20 വര്‍ഷങ്ങള്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിരസതയും പലപ്പോഴും പുതിയ ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ദാരിദ്ര്യവും അനുഭവപ്പെടുന്ന അവസ്ഥയുമുണ്ട്. പ്രായമാകുമ്പോള്‍ മികവ് കുറയുകയും ചെയ്യുന്നു. വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയില്‍ നൈപുണ്യം നേടിയ ചെറുപ്പക്കാര്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കപ്പെടുമ്പോള്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലും ഉണര്‍വുണ്ടാകും. പുതു പുത്തന്‍ ആശയങ്ങള്‍ യുവമനസ്സുകളില്‍ ലഭ്യമായതിനാലും ചെറുപ്പക്കാരുടെ കഴിവ് ഉപയോഗിക്കാനാകുമെന്നതിനാലും കെ എ എസ് സെക്രട്ടേറിയറ്റില്‍ നടപ്പാക്കുന്നതുകൊണ്ട് വകുപ്പുകളില്‍ പുത്തനുണര്‍വുണ്ടാകും.
അര നൂറ്റാണ്ടിലധികം കാലമായി പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകാത്ത വിപ്ലവമാണ് അവിടെ സംഭവിക്കുക. പുതു രക്തം മാറ്റം കൊണ്ടുവരും. താക്കോല്‍ സ്ഥാനങ്ങളില്‍ സെക്രട്ടേറിയറ്റില്‍ കെ എ എസുകാരെ നിയമിക്കുന്നതില്‍ ഒരു തെറ്റുമില്ല. നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാതെ കെ എ എസ് നടപ്പാക്കാന്‍ തയ്യാറാകണം. ചര്‍ച്ചയാകാം. എന്നാല്‍, പുതിയ മാറ്റങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന മുന്‍വിധിയോടെയുള്ള ഒരു പറ്റം ജീവനക്കാരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങരുത്.
സെക്രട്ടേറിയറ്റിന്റെ ഇന്നത്തെ പ്രവര്‍ത്തനത്തില്‍ ജനം അസ്വസ്ഥരാണ്. ജീവിത പ്രശ്‌നങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കേണ്ടസെക്രട്ടേറിയറ്റ് ജീവനക്കാര്‍ തികച്ചും നിരുത്തരവാദപരമായി ഫയല്‍ നീക്കം ഉഴപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രശ്‌നങ്ങള്‍ പേറുന്ന ഫയലുകള്‍ക്ക് തീര്‍പ്പ് വരും മുമ്പേ ഗുണഭോക്താവ് മരണപ്പെടുന്ന അവസ്ഥയിലാണ് പലപ്പോഴും. അത്രയേറെ സാവധാനമാണ് ഫയല്‍ നീക്കം നടക്കുന്നത്. ഇത് അനുവദിച്ചുകൂടാ. ഇവിടെ ഭരണമുണ്ടെന്നും ഭരണകൂടമുണ്ടെന്നും ജനാധിപത്യമുണ്ടെന്നും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.