217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാക്കിസ്ഥാന്‍ വിട്ടയച്ചു

Posted on: January 7, 2017 11:11 am | Last updated: January 7, 2017 at 12:31 pm

വാഗാ: തടവില്‍ കഴിഞ്ഞിരുന്ന 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി പാക്കിസ്ഥാന്‍ വിട്ടയച്ചു. ഇതോടെ രണ്ടാഴ്ചക്കകം പാക്കിസ്ഥാന്‍ വിട്ടയക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം 437 ആയി. വിട്ടയച്ച മത്സ്യത്തൊഴിലാളികള്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് ഇവര്‍ തടവില്‍ കഴിഞ്ഞിരുന്ന കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ പറഞ്ഞു.

ആകെ 218 മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ വിട്ടയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതില്‍ ഒരാള്‍ തടവില്‍ വെച്ച് തന്നെ മരിച്ചിരുന്നു. ജീവ ഭഗവാന്‍ (37) എന്നയാളാണ് മരിച്ചത്. ജനുവരി നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. മാലിര്‍ ജയിലില്‍ കഴിയുന്ന നൂറിലേറെ മത്സ്യത്തൊഴിലാളികളുടെ ഇന്ത്യന്‍ പൗരത്വം ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടില്ല.