Connect with us

Articles

ഇതാ, പ്രതീക്ഷകളുടെ ശാസ്ത്ര വര്‍ഷം

Published

|

Last Updated

ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ കുതിപ്പിന്റെ വര്‍ഷമാണ് കടന്ന് പോകുന്നത്. എന്നാല്‍ 2017 അതിനേക്കാള്‍ വലിയ നല്ല വാര്‍ത്തകളാകും കൊണ്ടു വരിക. പുതുവര്‍ഷത്തിലെ ആദ്യമാസം തന്നെ ഏറ്റവും നിര്‍ണായകമായ വാര്‍ത്തയെത്തും. എല്ലാം നിശ്ചയിച്ച പോലെ നടന്നാല്‍ ഒറ്റ റോക്കറ്റില്‍ നിന്ന് 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഈ ജനുവരിയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ) ലോകത്തെ ഞെട്ടിക്കും. ഒറ്റക്കുതിപ്പില്‍ ഇത്രയും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിലൂടെ 37 എണ്ണത്തിന്റെ റഷ്യന്‍ റെക്കോര്‍ഡാണ് തകര്‍ക്കുന്നത്. ഇത് സാധ്യമായാല്‍ സാങ്കേതികമായ പിഴവുകളെ പൂര്‍ണമായി കീഴടക്കാന്‍ ഐ എസ് ആര്‍ ഒക്ക് സാധിക്കുമെന്ന് രാജ്യത്തിന് സ്വയവും ലോകത്തിനും ബോധ്യമാകും.
സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ ബഹിരാകാശ പേടകം 2017ല്‍ വിക്ഷേപണത്തിനൊരുങ്ങുകയാണ്. ചാന്ദ്രയാന്‍ ഒന്നിന്റെ തുടര്‍ച്ചയും ഉണ്ടായേക്കാം. ഇന്ത്യയുടെ സ്വന്തം ലിക്വിഡ് മിറര്‍ ടെലിസ്‌കോപ്പ് പ്രവര്‍ത്തന സജ്ജമാകുമെന്നതാണ് അടുത്ത വര്‍ഷത്തെ സ്വപ്‌നങ്ങളില്‍ പ്രധാനമായ മറ്റൊന്ന്. ഉത്തരാഞ്ചലിലെ ദേവസ്ഥലിലാണ് ദ്രാവക ലെന്‍സുള്ള ഈ ടെലസ്‌കോപ്പ് സ്ഥാപിക്കുക. ഇന്റര്‍നാഷണല്‍ ലിക്വിഡ് മിറര്‍ ടെലസ്‌കോപ്പ് എന്ന ദൂരദര്‍ശിനിയിലെ കണ്ണാടി മറ്റു പ്രതിഫലന ദൂരദര്‍ശിനികളുടേതുപോലെ ഖര പദാര്‍ഥമല്ല. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സംഭരണിയില്‍ നിറച്ച ദ്രാവകലോഹമായ മെര്‍ക്കുറിയാണ് ഇവിടെ ദര്‍പ്പണത്തിന്റെ പങ്ക് നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ് എന്‍ജിനാണ് സ്‌ക്രാംജെറ്റ്. ഇതുവരെ നാല് രാജ്യങ്ങളാണ് സ്‌ക്രാംജെറ്റ് എന്‍ജിനുകള്‍ പരീക്ഷിച്ചത്. അമേരിക്ക, റഷ്യ, ജപ്പാന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് അവ. എന്നാല്‍ ഈ സാങ്കേതികവിദ്യ വിജയകരമാക്കിയത് ഇതിനുമുമ്പ് അമേരിക്ക മാത്രമാണ്.
2016ല്‍ ലോകം നടത്തിയ ശാസ്ത്രീയമായ ചുവടുവെപ്പുകളുടെ തുടര്‍ച്ചകള്‍ 2017ല്‍ സാധ്യമായാല്‍ ഇത് തിളക്കമാര്‍ന്ന ശാസ്ത്ര വര്‍ഷമാകുമെന്നുറപ്പാണ്. ആറ്റോമികസംഖ്യ 113, 115, 117, 118 ഉള്ള പുതിയ മൂലകങ്ങള്‍ക്ക് പേരുകളും പ്രതീകങ്ങളുമായതോടെ ആവര്‍ത്തനപ്പട്ടികയുടെ ഏഴാം നിരവരെ വിടവുകളില്ലാതെ പൂര്‍ണമായത് 2016ലാണ്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള നിലവിലെ ശാസ്ത്ര വിശദീകരണങ്ങളെ കീഴ്‌മേല്‍ മറിക്കാവുന്ന കണ്ടുപിടിത്തമാണ് ഗുരുത്വ തരംഗങ്ങള്‍ രേഖപ്പെടുത്തിയെന്നത്. ലൈഗോയിലെ പരീക്ഷണശാലയില്‍ ഭൂഗുരുത്വ തംരഗങ്ങള്‍ അനുഭവപ്പെട്ടുവെന്നത് കൂടുതല്‍ വിശകലനങ്ങള്‍ക്കും പരിേശോധനകള്‍ക്കും വിധേയമാക്കാന്‍ ശാസ്ത്ര ലോകം തയ്യാറാകേണ്ടി വരും. ദ്രവ്യരൂപങ്ങളുടെ പട്ടികയിലേക്ക് ക്വാണ്ടം സ്പിന്‍ ലിക്വിഡ് എന്ന പുതിയ അവസ്ഥ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടത് പോയ വര്‍ഷത്തിന്റെ നേട്ടമാണ്.
വാര്‍ത്താ വിനിമയ രംഗത്ത് വലിയ കാല്‍വെപ്പുകള്‍ക്ക് വഴിയൊരുക്കുന്ന സ്ട്രാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ എന്ന ആശയം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നുവെന്നതാണ് 2017ലെ മറ്റൊരു വിശേഷം. സ്ട്രാറ്റോസ്‌ഫെയറില്‍ സജ്ജമാക്കിയ എയര്‍ഷിപ്പുകള്‍ അഥവാ സ്ട്രാറ്റ്‌ലൈറ്റുകള്‍ ഉപയോഗിച്ചുള്ള വാര്‍ത്താ വിനിമയമാണ് ഇത്. നിലവിലെ സാറ്റലൈറ്റുകളേക്കാള്‍ കാര്യക്ഷമമായിരിക്കും ഈ സംവിധാനമെന്നാണ് പ്രതീക്ഷ.
.

---- facebook comment plugin here -----

Latest