പ്രവാസി കൂട്ടായ്മയില്‍ താനൂരില്‍ 100 കോടിയുടെ പദ്ധതി

Posted on: December 23, 2016 10:04 pm | Last updated: December 23, 2016 at 10:04 pm
ദുബൈയില്‍ പ്രവാസി വ്യവസായികളുടെ യോഗത്തില്‍
വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ സംസാരിക്കുന്നു

ദുബൈ: പ്രവാസി സംരംഭകരുടെ കൂട്ടായ്മയില്‍ താനൂരില്‍ 100 കോടിയുടെ വികസന പദ്ധതി നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രവാസി വ്യവസായികളുടെ ആദ്യയോഗം ദുബൈ കരാമയില്‍ നടന്നു. താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

യു എ ഇയിലെ വ്യാപാരി വ്യവസായികള്‍ യോഗത്തില്‍ പങ്കെടുത്തു. പദ്ധതി രേഖ ചര്‍ച്ച ചെയ്തു. താനൂരില്‍ 50 ഏക്കര്‍ സ്ഥലത്ത് ടൗണ്‍ഷിപ്പ്, വ്യവസായ ഹബ്ബുകള്‍, വിദ്യാഭ്യാസ സമുച്ചയം എന്നിവ ഒരുക്കും. മത്സ്യസമ്പത്ത്, കൃഷി, ചെറുകിട വ്യവസായ രംഗത്ത് പുതിയ പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. ഇതിനായി പ്രവാസികളുടെ മുതല്‍ മുടക്കില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതികള്‍. സ്റ്റാര്‍ട് അപ്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ ഉള്‍പെടുത്തി പുതിയ വ്യവസായ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും പ്രവാസികളുടെ യോഗം തീരുമാനിച്ചു. യു എ ഇക്ക് പുറമെ സഊദി അറേബ്യ ഉള്‍പെടെയുള്ളവിടങ്ങളിലെയും പ്രവാസികളെ സംരംഭത്തില്‍ പങ്കാളികളാക്കും. ഇതിനായി അടുത്ത ദിവസം തന്നെ സഊദിയില്‍ പ്രവാസികളുടെ യോഗം ചേരും.

‘എന്റെ താനൂര്‍’ പദ്ധതിയില്‍ ഉള്‍പെടുത്തി താനൂരിന്റെ വികസനത്തിനൊപ്പം പ്രവാസികള്‍ക്ക് മുതല്‍കൂട്ടാവുന്ന തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ പറഞ്ഞു.
താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുര്‍റസാഖ്, ജയകൃഷ്ണന്‍ ഉള്ളാട്ടില്‍, ശമീര്‍ ഓമച്ചപ്പുഴ, അബ്ദുര്‍റഹ്മാന്‍ പൊന്മുണ്ടം, റംഷാദ് മൂപ്പന്‍, ശശി വാരിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.