Connect with us

Gulf

അര്‍ബുദം നേരത്തേ അറിയാന്‍ ദേശീയ പ്രചാരണം വ്യാപകമാക്കുന്നു

Published

|

Last Updated

ദോഹ: അര്‍ബുദം നേരത്തെ തിരിച്ചറിയുന്നതിനുള്ള ദേശീയ ബോധവത്കരണ പരിപാടി സ്‌ക്രീന്‍ ഫോര്‍ ലൈഫ് രാജ്യത്തെ പൊതു സ്വകാര്യ സംഘടനകളിലേക്ക് വ്യാപിപ്പിക്കുന്നു. അര്‍ബുദത്തെക്കുറിച്ചും അസുഖം നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവത്കരണം ശക്തമാക്കുന്നതിനാണ് സ്‌ക്രീന്‍ ഫോര്‍ ലൈഫ് ദേശീയ പദ്ധതിക്ക് രൂപം നല്‍കിയത്. വിവിധ സമൂഹങ്ങളിലേക്ക് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ഉദ്ദേശത്തിലാണ് പൊതു സ്വകാര്യ മേഖലകളിലെ സംഘടനകളുമായി ഒരുമിക്കുന്നത്.

ഇതിനകം പൊതു സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്തന, ഉദര അര്‍ബുദ രോഗങ്ങളെ കുറിച്ച് നിരവധി ക്ലാസുകളും ശില്‍പശാലകളുമാണ് നടത്തിയത്. നഗരസഭകള്‍, ബാങ്കുകള്‍, ഊര്‍ജ വിതരണ കമ്പനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും വ്യത്യസ്ത കമ്മ്യൂണിറ്റികള്‍ക്ക് വിദ്യാഭ്യാസ ക്ലാസുകള്‍ നല്കിയും പദ്ധതിയിലെ അംഗങ്ങള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തില്‍ നടപ്പാക്കിയ പദ്ധതി മികച്ച നേട്ടമാണ് കൈവരിക്കുന്നതെന്ന് പ്രാഥമികാരോഗ്യ കോര്‍പറേഷനിലെ അര്‍ബുദ പദ്ധതി വിഭാഗം മാനേജര്‍ ഡോ. ശൈഖ അബു ശൈഖ പറഞ്ഞു. രോഗം തിരിച്ചറിയാന്‍ നേരത്തെതന്നെ പരിശോധന നടത്താനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പൊതു സ്വകാര്യ മേഖലകളിലെ നിരവധി സംഘടനകളെ സമീപിച്ചതായും ഡോ. ശൈഖ അബു ശൈഖ പറഞ്ഞു. ജനുവരി മാസത്തില്‍ പദ്ധതിക്ക് ആരംഭം കുറിച്ചതിന് ശേഷം ലിബൈബ്, അല്‍ വക്‌റ, റൗദച്ച് അല്‍ ഖൈല്‍ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങുകയുണ്ടായി. ഇതുകൂടാതെ സഞ്ചരിക്കുന്ന പരിശോധന യൂണിറ്റും നിലവിലുണ്ട്. സ്ത്രീകള്‍ക്ക് മാമോഗ്രഫി പരിശോധനയും നടത്താറുണ്ട്.

പുതുതായി തുടങ്ങിയ പരിശോധന കേന്ദ്രങ്ങളിലേക്ക് ഫെബ്രുവരി മുതല്‍ ഒക്‌ടോബര്‍ വരെ 48,142 ഫോണ്‍ വിളികളാണ് വന്നത്. അതില്‍ 29,488 പേരെ പരിശോധനക്കായി ക്ഷണിക്കുകയുണ്ടായി. പ്രായം 45നും 69നും ഇടയിലുള്ള സ്ത്രീകള്‍ മൂന്ന് വര്‍ഷത്തിനിടയില്‍ നിര്‍ബന്ധമായും സ്തന പരിശോധന നടത്തണമെന്ന് ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. 50നും 74നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും എല്ലാ വര്‍ഷവും ഉദര അര്‍ബുദ പരിശോധന നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

Latest