Connect with us

Gulf

പാരമ്പര്യ കലകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം

Published

|

Last Updated

കേരളം ലോകത്തിന് മാതൃകയായി, ഐക്യ രാഷ്ട്ര സഭയുടെ പോലും പ്രശംസ നേടി 100 ശതമാനം സാക്ഷരത കൈവരിച്ചത്, മുഖ്യമന്ത്രി നായനാരുടെ കാലത്താണ്. അതുപോലെ നമുക്കിന്ന് ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഒരു മേഖലയാണ് പാരമ്പര്യകലകളുടെ സംരക്ഷണം. ഇന്നത്തെ ലോകം വേഗമേറിയ, ശക്തിയേറിയ ന്യൂജനറേഷന്റെ കാലമാണെന്ന് സമര്‍ഥിക്കുമ്പോഴും ഒരു നേരത്തിനു പൊടിയരി കഞ്ഞിയും തേങ്ങാചമ്മന്തിയും രണ്ടു കാന്താരി മുളക് ചതച്ച അല്‍പം തൈരും ചേര്‍ത്ത് അമ്മ വിളമ്പിയാല്‍ നമ്മളിലെ പച്ചയായ മനുഷ്യന്‍ ഉണരും. അപ്പോള്‍ പിന്നെ കുറെ സ്മാര്‍ട് ഫോണും ഐപാഡും ഐ ടി പാര്‍കുകളും ചേര്‍ന്നാല്‍ നമ്മള്‍ തികഞ്ഞ മനുഷ്യരായി എന്ന് കരുതാമോ?

ഇന്ന് ഐ സി സി, ബി സി സി, ഐ പി എല്‍, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നിവയൊക്കെ ചേര്‍ന്ന് ക്രിക്കറ്റും ഫുട്‌ബോളും കമ്പോളത്തില്‍ ആധിപത്യം ചെലുത്തുകയാണ്. ബാക്കി സമയം സിനിമയെയും സിനിമാക്കാരെയും പ്രകീര്‍ത്തിക്കാനും അവരുടെ സ്ഥാനമാനങ്ങളുടെ പട്ടിക നിരത്താനുമാണ്. ഇതിനൊക്കെ, ചാനലുകള്‍ മത്സരിക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് അന്യം നിന്ന് പോകാവുന്ന നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമായ നൃത്തവും കഥകളിയും കര്‍ണാടക സംഗീതവും നാടന്‍ പാട്ടും ആയോധന കലകളും ആദിവാസി നൃത്ത സംഗീത പാരമ്പര്യവുമാണ്. മികച്ച അവസരങ്ങളും അഭിനന്ദനങ്ങളും ന്യായമായ പ്രതിഫലവുമില്ലെങ്കില്‍ ഇവയൊന്നും നിലനില്‍ക്കുകയില്ല. കേന്ദ്രഗവണ്‍മെന്റ് നേരിട്ടോ മറ്റ് ഗവണ്‍മെന്റിതര ഏജന്‍സികളോ നടത്തുന്ന പരിപാടികളില്‍ ഇന്ത്യയിലെ വിവിധ കലാരൂപങ്ങളെ അല്‍പം പരിഗണിക്കുന്നുണ്ട്. കേരളാ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന എല്ലാ പരിപാടികളിലും വ്യാപകമായി നമ്മുടെ വിവിധ തനതു കലകളെ പ്രചരിപ്പിക്കുക വഴി കേരളത്തിന്റെ സംസ്‌കാരവും മികവുകളും ഒരു സംസാര വിഷയമാക്കി തീര്‍ക്കുകയും അതിന്റെ കലാകാരന്മാര്‍ക്ക് ഒരു പുത്തനുണര്‍വ് നല്‍കാനും അവരെ മാതൃകയാക്കി പുതിയ തലമുറക്കൊരു ജീവിത പ്രതീക്ഷ നല്‍കുകയും ചെയ്യുക വഴി വലിയൊരു വിപ്ലവം നമ്മുടെ ടൂറിസം മേഖലയിലും സൃഷ്ടിക്കാന്‍ കഴിയും. ഈയിടെയായി കണ്ടു വരുന്ന പ്രവണത കേരളത്തിലെ വിവിധങ്ങളായ പരിപാടികളില്‍ കാണികള്‍ നിറയണമെങ്കില്‍ അന്യ സംസ്ഥാന കലാകാരന്മാര്‍ സ്റ്റേജില്‍ അണിനിരക്കണമെന്ന ഒരു ഉപബോധം മലയാളിയുടെ മനസ്സില്‍ രൂഢമൂലമായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ അബോറിജിനല്‍ ഫെസ്റ്റിവല്‍ പോലെ കേരളത്തിലെ അട്ടപ്പാടി, മുത്തങ്ങ മുതലായ ട്രൈബല്‍ മേഖലകളിലെ കലാരൂപങ്ങള്‍ സമന്വയിപ്പിച്ചു കേരളാ സംസ്ഥാന പാരമ്പര്യ കലകളുടെയും ആദിവാസി കലകളുടെയും ഫെസ്റ്റിവല്‍ നടത്തുകയും അവരുടെ വിവിധ ഉത്പന്നങ്ങളായ കാട്ട് തേന്‍, പനമ്പ്, വിവിധ തരം കാട്ടു മരുന്നുകള്‍, ആയുധങ്ങള്‍ എന്നിവയുടെ വിപണനത്തിനു കമ്പോളം കണ്ടെത്തുകയും വേണം. ആദിവാസി ജീവിത രീതികളെ കൂടുതല്‍ ജന മനസുകളിലേക്ക് എത്തിക്കണം. അങ്ങിനെ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ സ്വയം പര്യാപ്തത കൈവരിക്കുകയും അവരുടെ ജീവിത ലക്ഷ്യങ്ങള്‍ക്ക് നിറം പകരാന്‍ സര്‍ക്കാരിനാകുകയും ചെയ്യും. കൂടാതെ സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ കൂടുതല്‍ കേരള തനിമയുള്ള കലകളാല്‍ സമ്പുഷ്ടമായ അവതരണങ്ങളും അരങ്ങേറും. ഇത്തരത്തില്‍ കലകളെ ഏകീകരിചു ഒരു ചട്ടക്കൂട്ടിനുള്ളിലാക്കുകയും വിവിധ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ അവസരങ്ങളൊരുങ്ങാന്‍ നിയമം വഴിയോ വിവിധ സംരംഭങ്ങള്‍ വഴിയോ സാധ്യതകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

---- facebook comment plugin here -----

Latest