മൂന്ന് ദിവസം ബേങ്കുകള്‍ക്ക് അവധി; പ്രതിസന്ധി രൂക്ഷമാകും

Posted on: December 10, 2016 3:11 pm | Last updated: December 10, 2016 at 3:11 pm

മലപ്പുറം: സാമ്പത്തിക പ്രതിസ തുടരുന്നതിനിടെ ഇന്ന് മുതല്‍ മൂന്ന് ദിവസം ബേങ്കുകള്‍ അവധിയില്‍. ഇന്ന് രണ്ടാം ശനി, നാളെ ഞായര്‍, മറ്റന്നാള്‍ നബിദിനം എന്നീ അവധി ദിനങ്ങള്‍ വരുന്നത് ജനങ്ങളെ വലക്കും. പണത്തിനായി നെട്ടോടമോടുമ്പോഴാണ് തുടര്‍ച്ചയായ മൂന്ന് ദിവസം ബേങ്കുകള്‍ അടച്ചിടാന്‍ പോകുന്നത്. എ ടി എമ്മുകളും ഇതോടെ കാലിയാകും.

ജില്ലയിലെ ചുരുക്കം എ ടി എമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നത്. ഇതു കൂടി ലഭ്യമല്ലാത്ത അവസ്ഥയാകും അടുത്ത ദിവസങ്ങളില്‍. ബേങ്കുകളിലെ തിരക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. മണിക്കൂറുകള്‍ വരി നിന്നാല്‍ തന്നെ 24000 രൂപ എല്ലാ ബേങ്കുകളും നല്‍കുന്നില്ല. ആവശ്യത്തിന് പണം ജില്ലയിലെ ബേങ്കുകളില്‍ റിസര്‍വ് ബേങ്ക് എത്തിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പല ബേങ്കുകളും പണം വീതം വെച്ചാണ് ജനങ്ങളെ പിരിച്ചുവിടുന്നത്. ഇതിനിടെയാണ് ജില്ലയെ കറന്‍സി രഹിത ജില്ലയാക്കാനുള്ള നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്.