Connect with us

International

മുഹമ്മദ് യൂനുസിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നു

Published

|

Last Updated

ധാക്ക: നൊബേല്‍ സമ്മാന ജേതാവും ചെറുകിട വായ്പ ഏജന്‍സിയായ ഗ്രാമീണ്‍ ബേങ്കിന്റെ സ്ഥാപകനുമായ മുഹമ്മദ് യൂനുസിനും കുടുംബത്തിനുമെതിരെ സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് അധികൃതര്‍ പുതിയ അന്വേഷണം നടത്തുന്നു.
ഏഴ് വര്‍ഷത്തിനുള്ളില്‍ യൂനുസും ഭാര്യയും അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റും നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ ഏഴ് ദിവസത്തിനകം നല്‍കണമെന്ന് കാണിച്ച് നാഷണല്‍ ബ്യൂറോ ഓഫ് റവന്യൂവിന്റെ കേന്ദ്ര അന്വേഷണ വിഭാഗം രാജ്യത്തെ മുഴുവന്‍ ബേങ്കുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ നോട്ടീസ് അയക്കുന്നതിന് ഒരാഴ്ച മുമ്പ് യൂനുസിന്റെ നികുതി റിട്ടേണ്‍ ഓഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചതായും വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടും യൂനുസിന് എന്‍ ബി ആര്‍ കത്തയച്ചിരുന്നു. അതേസമയം, എന്‍ ബി ആറിന്റെ നോട്ടീസ് സംബന്ധിച്ച് പ്രതികരിക്കാവുന്ന അവസ്ഥയിലല്ല യൂനുസെന്ന് അദ്ദേഹത്തിന്റെ മാധ്യമ വക്താവ് സാബിര്‍ ഉസ്മാനി പറഞ്ഞു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുമെന്നും സാബിര്‍ പറഞ്ഞു. യൂനുസ് 1.5 ദശലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് എന്‍ ബി ആര്‍ 2015ല്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരുന്നു. ഹൈക്കോടതി പിന്നീട് കേസ് സ്റ്റേ ചെയ്തു. 2007ല്‍ യൂനുസ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതു മുതലുള്ള വഴക്കിന്റെ ഭാഗമാണ് ഈ നടപടികള്‍ എന്ന് വിലയിരുത്തലുണ്ട്. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഇടപെടലാണ് യൂനുസിനെതിരായ പുതിയ അന്വേഷണത്തിന് പിറകിലെന്നാണ് കരുതുന്നത്.