Connect with us

National

സിനിമ പോലെ കഥാഗതി; ആന്റി ക്ലൈമാക്‌സുകള്‍

Published

|

Last Updated

തിരൈപ്പടത്തില്‍ എം ജി ആര്‍ വാഴും കാലം. എം ജി ആറിന് മുറിവേറ്റാല്‍ ജനം തിയേറ്റര്‍ കത്തിക്കുന്ന സ്ഥിതി. ആ എം ജി ആറിന് പ്രിയപ്പെട്ടവളായിരുന്നു ജയലളിത. തിരശ്ശീലയിലും ജീവിതത്തിലും ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലും. എം ജി ആറിനെ ആരാധിച്ച തമിഴ് മക്കള്‍ ജയലളിതയെയും സ്‌നേഹിച്ചു.

വൃക്കകള്‍ തകരാറിലായി 1987ല്‍ എം ജി ആര്‍ മരിച്ചു. ജയലളിത പാര്‍ട്ടിയുടെ നേതാവാകുമെന്ന് ഭയന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാക്കള്‍ എം ജി ആറിന്റെ രണ്ടാം ഭാര്യ ജാനകിയെ പാര്‍ട്ടിയുടെ നേതൃത്വമേല്‍പ്പിച്ചു. എം ജി ആറിന്റെ ശവമഞ്ചത്തില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്ന ജയലളിതയെ പാര്‍ട്ടി നേതാക്കള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. നിരാലംബയായ സ്ത്രീയായി ജീവിതത്തില്‍ ഒതുങ്ങിക്കൂടാനല്ല, എം ജി ആര്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാണ് ജയലളിത തീരുമാനിച്ചത്. എം ജി ആറിന്റെ ആരാധകര്‍ ജയലളിതയെ അംഗീകരിച്ചു. തമിഴ് മക്കളുടെ പുരട്ചി തലൈവിയാക്കി. എ ഐ എ ഡി എം കെ എന്ന പാര്‍ട്ടി ജയലളിതയെ തേടി എത്തി. എം ജി ആറിന്റെ രാഷ്ട്രീയത്തിലെ വില്ലന്‍ എം കരുണാനിധി, ജയലളിതയുടെ ആജന്മ ശത്രുവായി. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ കിംഗ്‌മേക്കറാകുന്ന ഒരു സാഹചര്യത്തില്‍ ദേശീയ പ്രാധാന്യം കൈവരിക്കാന്‍ ജയലളിതക്കായി. പുരട്ചി തലൈവി ജീവിതത്തിന്റെ തിരശ്ശീലക്ക് പിന്നിലേക്ക് മറയുമ്പോള്‍ തമിഴക രാഷ്ട്രീയത്തിന്റെ ഒരു യുഗമാണ് പര്യവസാനിക്കുന്നത്.

Latest