അടൂര്‍പ്രകാശിനെതിരെ യൂത്ത് കോണ്‍ഗ്രസ്; ആഢംബരത്തിന് പിന്നാലെ പോയാല്‍ ജനം അകലും

Posted on: December 5, 2016 11:44 am | Last updated: December 5, 2016 at 7:29 pm

dean kuriakoseതിരുവനന്തപുരം: മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെയും ബാര്‍ ഉടമ ബിജുരമേശിന്റെയും മക്കളുടെ അഡംബര വിവാഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍കുര്യാക്കോസ് രംഗത്ത്. നേതാക്കള്‍ ആഡംബരവിവാഹത്തിന് പിറകെ പോയാല്‍ ജനം പാര്‍ട്ടിയില്‍ നിന്നും അകലുമെന്നും ഡീന്‍കുര്യാക്കോസ് പറഞ്ഞു.

ഡീന്‍കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……

സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നു വീണിട്ടും ലളിത ജീവിതം നയിച്ചു മാതൃകയായ നിരവധി നേതാക്കളുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഓരോ നേതാവും അണികള്‍ക്ക് മാതൃകയും, പ്രചോദനവുമാകേണ്ടതാണ്. ഇന്ത്യയില്‍ ആളുകള്‍ സാമ്പത്തിക ഞെരുക്കത്താല്‍ ക്ലേശമനുഭവിക്കുമ്പോള്‍ ആഢംബര വിവാഹം തീര്‍ത്തും അനുചിതമാണ്.സാഹചര്യമിതല്ലെങ്കിലും യൂത്ത് കോണ്‍ഗ്രസ് ആഢംബര വിവാഹത്തിനെതിരാണ്. അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട വിവാഹം വിമര്‍ശന വിധേയമാകുന്നത് അതിനാലാണ്. മക്കളുടെ വിവാഹം എങ്ങനെ നടത്തണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം, പക്ഷെ പാര്‍ട്ടി നേതാക്കള്‍ക്ക് അണികളോടും, സമൂഹത്തോടുംബാദ്ധ്യതയുണ്ട്. നേതാക്കള്‍ ആഢംബരങ്ങളുടെ പിന്നാലെ പോകുന്നത് അവസാനിപ്പിക്കണം. നേതൃത്വം ഇടപെട്ട് ഈ പ്രവണത തിരുത്തില്ലയെങ്കില്‍ പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകലുന്നതിനേ അതുവഴിവയ്ക്കൂ…