Connect with us

Editorial

സര്‍ക്കാര്‍- ജുഡീഷ്യറി ഭിന്നത നീളുമ്പോള്‍

Published

|

Last Updated

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കോടതി, സര്‍ക്കാര്‍ ഭിന്നത മൂര്‍ച്ഛിക്കുകയാണ്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ സക്കാര്‍ കാണിക്കുന്ന കാലതാമസത്തെ ഈയിടെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പകുതിയിലധികം ഹൈക്കോടതികളിലും ആവശ്യത്തിന് ജഡ്ജിമാരില്ല. ഇതു കാരണം കര്‍ണാടക ഹൈക്കോടതിയില്‍ പ്രതിസന്ധിയുണ്ട്. അലഹാബാദ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ ഒഴിവും നികത്താനായിട്ടില്ല. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പേരുകളോട് വിയോജിപ്പുണ്ടെങ്കില്‍ പേരുകള്‍ തിരിച്ചയക്കുകയാണ് വേണ്ടത്. അല്ലാതെ നിസ്സഹകരണവുമായി മുന്നോട്ടുപോവുകയല്ല. ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ കോടതികള്‍ അടച്ചിടേണ്ടിവരുമെന്ന് കോടതി സര്‍ക്കാറിനെ ഉണര്‍ത്തി. സര്‍ക്കാറിന്റെ അലസത തുടര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ഇതല്‍പ്പരം കടന്ന വിമര്‍ശമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ കോടതികള്‍ അതിരുകടക്കുന്നതായി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തിയും കുറ്റപ്പെടുത്തുന്നു. സര്‍ക്കാറിന് വീഴ്ച സംഭവിക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടാനും നിര്‍ദേശം നല്‍കാനും അധികാരമുണ്ടെന്നല്ലാതെ ഭരണത്തില്‍ ഇടപെടാന്‍ കോടതികള്‍ക്ക് അര്‍ഹതയില്ലെന്നും പറയുന്നു.

കോളീജിയത്തിന് പകരം സര്‍ക്കാര്‍ 2003ല്‍ നാഷനല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ആവിഷ്‌കരിച്ചതോടെ തുടങ്ങിയ തര്‍ക്കത്തിന്റെ ഭാഗമാണിത്. എക്‌സിക്യൂട്ടിവിനോ ജുഡീഷ്യറിക്കോ പരമാധികാരമെന്ന ഭരണഘടനാ നിര്‍മാണ കാലത്ത് ആരംഭിച്ച വിവാദത്തിലാണിത് ചെന്നുമുട്ടുന്നത്. സ്വാതന്ത്യാനന്തരം പുതിയ ഭരണഘടന തയാറാക്കുമ്പോള്‍ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്നും അതല്ല, ജൂഡീഷ്യറിക്ക് വിട്ട് കൊടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഒന്നാമത്തെ വാദഗതിക്കാണ് മേല്‍ക്കൈ ലഭിച്ചത്. ഇതനുസരിച്ചാണ് തൊണ്ണൂറുകളുടെ ആദ്യം വരെ ജഡ്ജിമാരുടെ നിയമനം നടന്നത്.1993ല്‍ കോളീജിയം നിലവില്‍ വന്നതോടെ ജഡ്ജിമാരുടെ നിയമനാധികാരം സര്‍ക്കാറില്‍ നിന്ന് ജൂഡീഷ്യറിയിലേക്ക് മാറി. അടിയന്തരാവസ്ഥക്ക് ശേഷം രാജ്യത്ത് നിലനിന്ന രാഷ്ട്രിയ സാഹചര്യമാണ് ഇതിന് വഴിയൊരുക്കിയത്. ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാര്‍ തീരുമാനിക്കുന്ന സംവിധാനമാണ് കോളീജിയം. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ശക്തമായപ്പോഴാണ് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ കോളീജിയത്തിന് പകരം നാഷനല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരിച്ചത്. ഇതിന്റെ സാധുത ഇപ്പോള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
കോളീജിയമായാലും ജുഡീഷ്യല്‍ കമ്മീഷനായിരുന്നാലും അതിന്റേതായ പോരായ്മകളുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ജൂഡീഷ്യറിയെയും ബാധിച്ച ഇന്നത്തെ അവസ്ഥയില്‍ കൊളീജിയം മുഖേനയുളള നിയമനത്തില്‍ സത്യനിഷ്ഠയും ഉത്തരവാദിത്വബോധവും കാര്യശേഷിയും കുറഞ്ഞവര്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. മിക്ക ജനാധിപത്യ രാജ്യങ്ങളിലും സര്‍ക്കാറാണ് ജഡ്ജിമാരുടെ നിയമനം നടത്തുന്നത് എന്നിരിക്കെ ഇവിടെ നിയമനത്തില്‍ സുപ്രീം കോടതിക്കു മേല്‍ക്കോയ്മ നേടാനായി ഏതാനും ജഡ്ജിമാര്‍ ചേര്‍ന്നുണ്ടാക്കിയതും

ഭരണഘടനയിലില്ലാത്തതുമായ ഒരു സംവിധാനമാണ് കോളീജിയം എന്ന ആക്ഷേപമുണ്ട്. അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം നടത്തുമ്പോള്‍ നീതിന്യായ വ്യവസ്ഥയില്‍ രാഷ്ട്രീയ ഇടപെടലിന് സാധ്യതയുണ്ടെന്ന വീക്ഷണവും തള്ളിക്കളയാവതല്ല. ചീഫ് ജസ്റ്റിസ്, സീനിയോറിറ്റിയുള്ള രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമ മന്ത്രി, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്നതാണ് ജുഡീഷ്യല്‍ കമ്മീഷന്‍. ഈ സംവിധാനമനുസരിച്ചു നീതിന്യായ മേഖലക്ക് പുറത്തുള്ള അംഗങ്ങളുടെ കൂടി പിന്തുണയോടെയല്ലാതെ ജഡ്ജിമാരുടെ നിയമനം നടക്കുകയില്ല. അത് പലപ്പോഴും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിയിക്കും. ഏതായാലും ഒരു ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ ജനപ്രതിനിധികളുടെ താത്പര്യവും കൂടി പരിഗണിച്ചു കൊണ്ടുള്ള രീതിയാണ് അഭികാമ്യം.
സര്‍ക്കാറും കോടതിയും തമ്മിലുള്ള ഭിന്നതക്ക് അടിന്തിര പരിഹാരം കണ്ടില്ലെങ്കില്‍ അത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുകയും നീതിക്ക് കാലതാമസം വരികയും ചെയ്യും. നീതി വിളംബം നീതി നിഷേധമാണ്.

കോടതികളില്‍ നിന്ന് നീതി ലഭിക്കാനുള്ള കാലതാമസമാണ് ചിലരെങ്കിലും നീതിക്കായി നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കാരണമെന്ന വസ്തുതയും കാണണം. ഹൈക്കോടതികളിലും സൂപ്രീം കോടതികളിലുമായി 20,214 ജഡ്ജിമാരാണ് വേണ്ടത്. ആവശ്യത്തിന് ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ മൂന്ന് കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുകയാണ്.

Latest