വെല്ലുവിളികള്‍ നേരിടാനൊരുങ്ങി യു എ ഇ; ലോകത്തിലെ ആദ്യ ഗവണ്‍മെന്റ് ത്വരിതവത്കരണ പദ്ധതിക്ക് ശൈഖ് മുഹമ്മദ് തുടക്കമിട്ടു

Posted on: November 21, 2016 11:34 pm | Last updated: November 24, 2016 at 7:49 pm
ഗവണ്‍മെന്റ് ആക്‌സിലറേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സംസാരിക്കുന്നു. ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വിദ്യാഭ്യാസ മന്ത്രി ജമീല ബിന്‍ത്  സാലിം അല്‍ മുഹൈരി സമീപം.
ഗവണ്‍മെന്റ് ആക്‌സിലറേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സംസാരിക്കുന്നു. ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വിദ്യാഭ്യാസ മന്ത്രി ജമീല ബിന്‍ത്
സാലിം അല്‍ മുഹൈരി സമീപം.

ദുബൈ: ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി യു എ ഇയില്‍ അഞ്ച് മന്ത്രാലയങ്ങളെ ബന്ധിപ്പിച്ച് ത്വരിതവത്കരണ പദ്ധതിക്ക് (ഗവണ്‍മെന്റ് ആക്‌സിലറേറ്റേഴ്‌സ് പ്രോഗ്രാം) യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കം കുറിച്ചു. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ത്വരിതഗതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും വെല്ലുവിളികളെ അതിജയിക്കുകയും ഉചിതമായ പരിഹാര മാര്‍ഗങ്ങളിലൂടെ ജനാഭിലാഷം നിറവേറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മാനവ വിഭവശേഷി, പരിസ്ഥിതി, സുരക്ഷ, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ പ്രധാന അഞ്ച് മേഖലകളിലൂന്നിയുള്ള പ്രവര്‍ത്തനത്തിലൂടെ യു എ ഇ പ്രഖ്യാപിച്ച ദേശീയ അജണ്ട നടപ്പാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാവും യു എ ഇയുടെ ചുവടുവെപ്പ്.
ഒരു രാജ്യത്തിന്റെ വിജയം അതിന്റെ വലിപ്പം കൊണ്ടല്ല, മറിച്ച് ഭാവിയിലേക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും വെല്ലുവിളികളെ അതിജയിക്കാനുള്ള കരുത്താര്‍ജിക്കുകയും നൂതനമായ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിലൂടെയാണ് അളക്കേണ്ടതെന്ന് ശൈഖ് മുഹമ്മദ് ചടങ്ങില്‍ വ്യക്തമാക്കി.
ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ക്യാബിനറ്റ് അഫയേഴ്‌സ്-ഭാവി മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങിനു ശേഷം അഞ്ച് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരേയും കൂട്ടി ശൈഖ് മുഹമ്മദ് എമിറേറ്റ്‌സ് ടവറിലെ ഗവണ്‍മെന്റ് ആക്‌സിലറേറ്റേഴ്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാബ്, മീറ്റിംഗ് റൂം, സ്‌പെഷ്യലൈസ്ഡ് ഇന്നൊവേഷന്‍ ലാബ് എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റെടുക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളും ശൈഖ് മുഹമ്മദ് നല്‍കി. 75 ദിവസം കൊണ്ട് സ്വകാര്യ മേഖലയുമായി ചേര്‍ന്ന് 1000 ഇമാറാത്തികള്‍ക്ക് ധനകാര്യ മേഖലയില്‍ ജോലി ഉറപ്പാക്കുകയാണ് മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം ഏറ്റെടുത്തിരിക്കുന്ന ആദ്യ പദ്ധതി. 2021ഓടെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം അഞ്ച് ശതമാനം വര്‍ധിപ്പിക്കും. എമിറേറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ്, നൂര്‍ ബേങ്ക്, ഇന്‍ഷ്വറന്‍സ് അതോറിറ്റി, യു എ ഇ സെന്‍ട്രല്‍ ബേങ്ക്, എമിറേറ്റ്‌സ് എന്‍ ബി ഡി, നാഷണല്‍ ബേങ്ക് ഓഫ് അബുദാബി, മാജിദ് അല്‍ ഫുതൈം ഗ്രൂപ്പ്, അബുദാബി നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, അല്‍ റൊസ്തമാനി ഗ്രൂപ്പ്, അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലായിരിക്കും ജോലികള്‍. ഡിസംബര്‍ 15നും ഫെബ്രുവരി 15നും ഇടയില്‍ രാജ്യത്തെ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണം 21 ശതമാനമാക്കി കുറക്കുക എന്ന പ്രധാന ദൗത്യമാണ് ആഭ്യന്തര മന്ത്രാലയത്തിനുള്ളത്. ഇതിനായി പോലീസ്, ആംബുലന്‍സ്, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം, ആര്‍ ടി എ, എമിറേറ്റ്‌സ് ട്രാഫിക് സേഫ്റ്റി സൊസൈറ്റി എന്നിവയുടെ സഹായം ആഭ്യന്തര മന്ത്രാലയത്തിനുണ്ടാകും.
അടുത്ത 100 ദിവസം കൊണ്ട് 280,000 കാറുകളില്‍ നിന്ന് പുറംതള്ളുന്ന കാര്‍ബണ്‍ പ്രസരണം കുറക്കാനുള്ള നടപടിയാണ് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയത്തിന്റെ ദൗത്യം. 90 ദിവസംകൊണ്ട് മുഴുവന്‍ ഇമാറാത്തി കുട്ടികളേയും നഴ്‌സറി സ്‌കൂളിലെത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം.
യു എ ഇയെ അന്താരാഷ്ട്ര ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുടെ ഹബ്ബാക്കി മാറ്റുകയാണ് സാമ്പത്തിക മന്ത്രാലയത്തിനുള്ള ദൗത്യം. ഇതിനായി പേറ്റന്റ് എടുക്കാനുള്ള അപേക്ഷകരുടെ എണ്ണം മൂന്ന് മാസം കൊണ്ട് വര്‍ധിപ്പിക്കും. സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റി അതോറിറ്റിയും രാജ്യത്തെ സര്‍വകലാശാലകളും തകാമുല്‍ പ്രോഗ്രാമും ഐ സി ടി ഡവലപ്‌മെന്റ് ഫണ്ടും മന്ത്രാലയത്തെ സഹായിക്കും.