Gulf
അടുത്ത മാസത്തെ ദോഹ ചര്‍ച്ചയില്‍ അന്തിമ രൂപമാകുമെന്ന് റിപ്പോര്‍ട്ട്


ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസ് നേതാക്കളായ ഖാലിദ് മിശ്അല്‍, ഇസ്മാഈല്‍ ഹനിയ്യ തുടങ്ങിയവര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിക്കൊപ്പം
ദോഹ: ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം ദോഹയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാദ് പ്രതിനിധി സംഘവും യോഗം നടത്തും. അടുത്ത മാസം പകുതിയോടെ ചേരുന്ന യോഗത്തില്‍ പ്രഖ്യാപിത ഐക്യ സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഐക്യസര്‍ക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നീടാണുണ്ടാകുകയെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസ് നേതാക്കളായ ഖാലിദ് മിശ്അലും ഇസ്മാഈല്‍ ഹനിയ്യയും ദോഹയില്‍ നടത്തിയ യോഗത്തില്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരണം ചര്‍ച്ച ചെയ്തിരുന്നു.
ഫതഹ് നേതാവാണ് അബ്ബാസ്. ഫലസ്തീന്‍ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ഖത്വറിന്റെ നിര്‍ദേശമാണ് ദോഹ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. അനുരഞ്ജനം, ഭിന്നിപ്പ് ലഘൂകരിക്കുക തുടങ്ങിയ മേഖലകളില്‍ യോഗം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഫലസ്തീന്‍ പ്രബല സംഘടനകളായ ഹമാസും ഫത്ഹും തമ്മിലുള്ള അനുരഞ്ജനമുണ്ടാക്കുകയും കൂടുതല്‍ ചര്‍ച്ച നടത്താന്‍ വേദിയൊരുക്കാനും സംബന്ധിച്ച് യോഗത്തില്‍ ഗൗരവ ചര്‍ച്ചയാണ് നടത്തിയത്. ഫലസ്തീന്‍ ഐക്യത്തിനും അനുരഞ്ജനത്തിനും ഖത്വര്‍ കൈക്കൊള്ളുന്ന ശ്രമങ്ങളെ പ്രസിഡന്റും ഹമാസ് നേതാക്കളും പ്രശംസിച്ചു.
തിരഞ്ഞെടുപ്പ്, ദേശീയ ഐക്യ സര്‍ക്കാറിലെ ജീവനക്കാരുടെ നിയമനം തുടങ്ങിയ പ്രധാന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച അനിവാര്യമാണെന്ന് മിശ്അലും അബ്ബാസും സമ്മതിച്ചു. പത്ത് വര്‍ഷത്തിലേറെയായി തുടരുന്ന ചേരിപ്പോരും ഏറ്റുമുട്ടലും അവസാനിപ്പിക്കാന്‍ ഇരു സംഘടനകളില്‍ നിന്നും സത്യസന്ധമായ നീക്കമുണ്ടെന്നും ഇരു വിഭാഗം നേതാക്കളും അറിയിച്ചു.
ആഭ്യന്തര ഐക്യ വഴിയില്‍ നേരിട്ടേക്കാവുന്ന തടസ്സങ്ങള്‍ മറികടക്കാന്‍ ഇരു കക്ഷികള്‍ക്കും എല്ലാ പിന്തുണയും ഖത്വര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2006 മുതല്‍ ഹമാസ്, ഫതഹ് പാര്‍ട്ടികള്‍ സംയുക്തമായി പങ്കെടുത്ത വോട്ടെടുപ്പ് ഫലസ്തീന്‍ ഉണ്ടായിട്ടില്ല. അതിന് ശേഷം വെസ്റ്റ് ബാങ്കിലും ഗസ്സയിലും തുടര്‍ച്ചയായി വോട്ടെടുപ്പുമുണ്ടായിട്ടില്ല.