ആത്മ പരിശോധന

Posted on: October 21, 2016 10:03 pm | Last updated: October 21, 2016 at 10:03 pm

നിഷ്‌കളങ്കത, ആത്മാര്‍പ്പണം, ഹൃദയശുദ്ധി, നിസ്വാര്‍ഘത എന്നീ കാര്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെയും തടസ്സങ്ങളെയും കുറിച്ച് ആലോചിച്ച് വിലയിരുത്തുന്നതാണ് മുഹാസബ അഥവ ആത്മ പരിശോധന്. ആത്മപരിശോധന നടത്തിയാല്‍ അനാവശ്യ കാര്യങ്ങളില്‍ നിന്നെല്ലാം അകലാം. അല്ലാഹുവിനോടുള്ള അതിയായ ഭയം കാരണം വീഴ്ചകള്‍ക്ക് സ്വയം കുറ്റപ്പെടുത്തുന്നു. സയ്യിദ് അഹ്മദ് രിഫാഈ(റ) പറയുന്നു: ഭയപ്പാടില്‍ നിന്നുമാണ് മുഹാസബ ഉണ്ടാകുന്നത്. മുഹാസബയില്‍ നിന്നും മുറാഖബ (സദാ നിരീക്ഷണം)യും അതില്‍ നിന്നും അല്ലാഹുവുമായുള്ള ലയിച്ച് ചേരലും ഉണ്ടാകുന്നു. (അല്‍ ബുര്‍ഹാനുല്‍ മുഅയ്യദ്)
നബി(സ്വ)യും സ്വഹാബത്തും അവലംബിച്ച പാതയാണ് മുഹാസബ. സൂഫികള്‍ ആ പാതയിലൂടെ തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നോക്കുക എന്തൊരു അനുഗ്രഹമാണ് ഇവര്‍ ആസ്വദിച്ചത്? അല്‍പം ഈത്തപ്പഴവും ഇത്തിരി പാന ജലവും. ഇത് അത്ര വിലയുള്ളതാണോ? എന്നാല്‍ പ്രവാചകന്‍(സ) ഇതൊരു അപാര അനുഗ്രഹമായാണ് ഗണിക്കുന്നത്. ഇതില്‍ ചിന്തിക്കുന്നവര്‍ക്കെല്ലാം വലിയ പാഠമുണ്ട്. ഓരോ അടക്കവും ചലനവും നാം അല്ലാഹുവിന്റെ പ്രീതിക്കാക്കേണ്ടതുണ്ട്. ഈ അനുഗ്രഹങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന ദൃഢവിശ്വാസവും നമുക്കുണ്ടാകണം. മുഹാസബ മൂലം അല്ലാഹുവിനോടും സൃഷ്ടികളോടും തന്നോടുമുള്ള ബാധ്യത ബോധ്യപ്പെടുന്നു. താന്‍ വെറുതെ സൃഷ്ടിക്കപ്പെട്ടവനല്ലെന്നും അല്ലാഹുവിലേക്ക് മടക്കപ്പെടുമെന്നുമുള്ള ചിന്തകള്‍ വളരാനും ഇതു സഹായിക്കുന്നു. ഈ ബോധം ഉണ്ടാകുമ്പോഴേ ശരിയായ പശ്ചാതാപബോധവും സ്രഷ്ടാവില്‍ നിന്നും മനുഷ്യനെ അകറ്റുന്ന കാര്യങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കാനും കഴിയുകയുള്ളൂ.
ശൈഖ് അഹ്മദ് സര്‍റൂഖ്(റ) പറയുന്നു: മുഹാസബയില്‍ നിന്നുള്ള അശ്രദ്ധ മനുഷ്യ മനസ്സിന്റെ കാഠിന്യത്തിനു വഴിവെക്കും. ഒരാളുടെ ഇന്ന് ഇന്നലയേക്കാള്‍ മെച്ചമായിട്ടില്ലെങ്കില്‍ അവന്‍ ചതിയില്‍ അകപ്പെട്ടവനാണ്. പ്രവര്‍ത്തനങ്ങളിലുള്ള സ്ഥിരത അതിന്റെ വര്‍ധനവാണ്. (ഖവാഇദുത്തസ്വവ്വുഫ്: 75)
ഒരിക്കല്‍ നബി(സ) വിശന്ന് പരവശനായിക്കൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങി. വഴിയില്‍ വെച്ച് സന്തത സഹചാരികളായ അബൂബക്കര്‍ സിദ്ദീഖ്(റ)നെയും ഉമറുല്‍ ഖത്താബി(റ)നെയും കണ്ടുമുട്ടി. അവരും വിശന്ന് പരവശരായിരുന്നു. ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഒരു അന്‍സ്വാരി സ്വഹാബി ഇവരെ സല്‍കരിച്ചു. ഈത്തപ്പഴവും ശുദ്ധജലവുമായിരുന്നു വിഭവം. ഇതു കഴിച്ചപ്പോള്‍ നബി(സ) അവരോട് പറഞ്ഞു. ഇത് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളില്‍ പെട്ടതാണ്.