പക്ഷിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിച്ചതായി അധികൃതര്‍

Posted on: October 16, 2016 7:11 pm | Last updated: October 16, 2016 at 7:11 pm

feverദോഹ: ഇറാഖിലും ലെബനനിലും പക്ഷിപ്പനി എച്ച്5എന്‍1 വൈറസ് പടര്‍ന്നുപിടിച്ചതായി വാര്‍ത്തകള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ രാജ്യം എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് നരസഭ, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഖത്വറില്‍ പക്ഷിപ്പനി പടരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും രോഗത്തിനെതിരെ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. മുമ്പും സമാനമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സഊദി അറേബ്യയിലും അബുദാബിയിലും വൈറസ് ബാധിത പക്ഷികളുടെ സാന്നിധ്യമുണ്ടായതായി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ വിശദീകരിച്ചത്.
ഇറാഖിലും ലെബനനിലും പടര്‍ന്നു പിടിച്ച പക്ഷിപ്പനി മേഖലക്ക് ഭീഷണിയായേക്കുമെന്ന് അടുത്തിടെ ഐക്യരാഷ്ട്ര സഭ ഭക്ഷ്യ, കാര്‍ഷിക സംഘടന (എഫ് എക്യൂ) മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ അസ്ഥിരതയും പക്ഷികള്‍ വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള സാധ്യത കൂടുന്നതും ശൈത്യകാല സ്വഭാവസവിശേഷതകളും ഇതിനു കാരണമാകാം. ജോര്‍ദാന്‍, സിറിയ, തുര്‍ക്കി, കുവൈത്ത്, സഊദി എന്നിവിടങ്ങളിലും പക്ഷിപ്പനിക്കുള്ള സാധ്യത കൂടുതലാണെന്നും എഫ് എ ക്യു വെളിപ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ മൂന്ന് രോഗികള്‍ മരിക്കുകയും ചെയ്തു. ഈജിപ്തില്‍ നിന്നുള്ള രോഗികളാണ് പത്ത് പേരും.
ഖത്വറില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ മൃഗങ്ങളേയും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പതിവായി ലബോറട്ടറികളില്‍ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് രോഗം വേഗത്തില്‍ പടര്‍ന്നു പിടിക്കില്ലെങ്കിലും രോഗം ബാധിച്ചാല്‍ അത് ഗുരുതരമാകും. പനി, അസ്വസ്ഥത, ചുമ, തൊണ്ട വേദന, സന്ധിവേദന, വയറുവേദന, നെഞ്ച് വേദന, വയറിളക്കം എന്നിവക്കെല്ലാം പക്ഷിപ്പനി കാരണമാകും. ഇവ വേഗത്തില്‍ കാഠിന്യമേറുകയും ഗുരുതരമായ ശ്വസന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.