Connect with us

National

സഹയാത്രികര്‍ക്ക് ഭീഷണിയാകുന്ന വിമാന യാത്രക്കാരെ വിലക്കുന്നതിന് നിയമം വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സഹയാത്രികര്‍ക്കും വിമാന ജീവനക്കാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാരെ വിമാനയാത്രയില്‍ നിന്ന് വിലക്കുന്നതിന് കേന്ദ്രം ചട്ടം കൊണ്ടുവരുന്നു. അമേരിക്കയിലും മറ്റും നിലവിലുള്ള “നോ ഫ്‌ളൈ പട്ടിക” ഇന്ത്യന്‍ അവസ്ഥകള്‍ പരിഗണിച്ച് തയ്യാറാക്കാനാണ് നീക്കം. ഇതുപ്രകാരം സ്ഥിരം ശല്യക്കാരനായ യാത്രക്കാരനെ നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തും. പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ക്ക് പിന്നെ വിമാനയാത്ര നടത്താനാകില്ല.
പുതിയ വ്യോമ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് നോ ഫ്‌ളൈ ലിസ്റ്റ് തയ്യാറാക്കുക. യാത്രക്കാരെ നിരീക്ഷിക്കാനും എല്ലാവര്‍ക്കും സുരക്ഷിതമായ വിമാന യാത്ര ലഭ്യമാക്കാനുമുള്ള സംവിധാനം തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന് കേസിലുള്‍പ്പെട്ടവരെയും നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് അതടക്കമുള്ള വഴികള്‍ പരിഗണനയില്‍ ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അമേരിക്കന്‍ സര്‍ക്കാറാണ് ലോകത്താദ്യമായി നോ ഫ്‌ളൈ ലിസ്റ്റ് കൊണ്ടുവന്നത്. ഫെഡറല്‍ സര്‍ക്കാറിന് കീഴിലുള്ള തീവ്രവാദി നിരീക്ഷണ വിഭാഗമാണ് യു എസില്‍ ഈ പട്ടിക തയ്യാറാക്കുന്നത്.
രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും രാജ്യത്തിന്റെ വ്യാമമേഖലയില്‍ പറക്കുന്നതിനും വിലക്കുള്ളവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ വിമാന സര്‍വീസിന് യാത്രികര്‍ ഭീഷണിയായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭുവനേശ്വര്‍- ഡല്‍ഹി ഫ്‌ളൈറ്റില്‍ ഒരു യാത്രികന്‍ വിവസ്ത്രനായി എയര്‍ഹോസ്റ്റസ്സുമാരെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.
ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ വിമാന ജീവനക്കാരിയെ നിര്‍ബന്ധിപ്പിച്ചതിനും ടോയ്‌ലെറ്റില്‍ പുകവലിച്ചതിനും ജൂണില്‍ ഗുജറാത്തി യുവാവിനെ അറസ്റ്റ് ചെയ്തതും വാര്‍ത്തയായി. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വ്യോമയാന മേഖലയുടെ മൊത്തം സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന് ഉള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മാര്‍ഗനിര്‍ദേശം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍ തയ്യാറാക്കുന്നത്.

Latest