ജയരാജന് പകരക്കാരന്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം

Posted on: October 16, 2016 6:00 am | Last updated: October 15, 2016 at 11:47 pm
SHARE

cpm--621x414തിരുവനന്തപുരം: വിവാദ ബന്ധു നിയമനങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്തു പോയ ഇ പി ജയരാജന് പകരം ആരു വരുമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം. വിജിലന്‍സ് അന്വേഷണം തുടങ്ങിയ പശ്ചാതലത്തില്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും പുതിയ മന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിയിലെ പല പ്രമുഖരുടേയും പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. പുതിയ മന്ത്രിയുണ്ടായാലും ഇ പി ഒഴിഞ്ഞ വ്യവസായവകുപ്പ് ലഭിക്കാന്‍ സാധ്യതയില്ല.
ബേപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള വി കെ സി മമ്മദ് കോയ, റാന്നിയില്‍ നിന്നുള്ള രാജു എബ്രഹാം, സുരേഷ്‌കുറുപ്പ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. സമാജികരില്‍ മുതിര്‍ന്ന അംഗമെന്ന നിലയില്‍ എം എം മണിയും സാധ്യത കല്‍പ്പിക്കുന്നവരിലുണ്ട്. മുന്‍മന്ത്രി എസ് ശര്‍മയുടെ പേരും ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.
കണ്ണൂരില്‍നിന്നുതന്നെ മന്ത്രിയുണ്ടാവണമെന്ന് പാര്‍ട്ടി താത്പ്പര്യപ്പെടുകയാണെങ്കില്‍ ജെയിംസ് മാത്യുവിന് നറുക്ക് വീഴാനാണ് സാധ്യത. നിലവില്‍ നിയമവകുപ്പും, പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമവകുപ്പും കൈകാര്യം ചെയ്യുന്ന എ കെ ബാലനെ വ്യവസായമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനും പുതുതായി മന്ത്രിസഭയിലെത്തുന്നയാള്‍ക്ക് ഇപി ജയരാജന്‍ വഹിച്ചിരുന്ന കായികവും മറ്റുവകുപ്പുകളും നല്‍കാമെന്ന ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്. മന്ത്രിയായി പി ശ്രീരാമകൃഷ്ണനെയാണ് പാര്‍ട്ടി നിശ്ചയിക്കുന്നതെങ്കില്‍ സുരേഷ്‌കുറുപ്പിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
നിലവില്‍ മുഖ്യമന്ത്രിയാണ് വ്യവസായ-കായിക വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ആഭ്യന്തര വകുപ്പടക്കം നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍തന്നെ ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതുണ്ട്.
ഇതിനിടെ ഏറെ പ്രധാന്യമര്‍ഹിക്കുന്ന വ്യവസായ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്നത് പ്രായോഗികമാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇ പി ജയരാജനെതിരെ ഒന്നര മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാലയളവില്‍ വ്യവസായ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യചെയ്യുകയും ഇ പിക്ക് ക്ലീന്‍ചീറ്റ് ലഭിക്കുന്ന മുറക്ക് മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്യാമെന്ന ആലോചനയുമുണ്ട്.
എന്നാല്‍, തെറ്റു പകല്‍ പോലെ വ്യക്തമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ഇത് ആക്ഷേപത്തിനിട വരുത്തുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. ഇതോടെയാന് പകരം മന്ത്രിയാരെന്ന ചര്‍ച്ച സജീവമായത്. പകരം മന്ത്രിയാരെന്നത് സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര നേതാക്കളുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പകരം മന്ത്രി ആരായിരിക്കുമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ ആലോചനകളൊന്നും നടന്നിട്ടില്ലെന്നും തത്കാലം വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.
ഇതേ അഭിപ്രായം തന്നെയാണ് കേന്ദ്രനേതാക്കളും ഇതുമായി ബന്ധപ്പെട്ട് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here