39,000 കോടിയുടെ ഇന്ത്യ- റഷ്യ ആയുധക്കരാര്‍

Posted on: October 15, 2016 6:05 am | Last updated: October 14, 2016 at 11:57 pm

bricന്യൂഡല്‍ഹി: ഗോവയില്‍ ഇന്ന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ വന്‍ ആയുധക്കരാറിന് കളമൊരുങ്ങി. റഷ്യയില്‍ നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഒപ്പുവെക്കും. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയ ഇക്കാര്യം കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. അഞ്ച് ബില്യന്‍ ഡോളറിലേറെ മുടക്കി എസ് 400 ഭൂതല ആകാശ മിസൈല്‍ വാങ്ങാനുള്ള സുപ്രധാന കരാറിലാണ് ഒപ്പുവെക്കുന്നത്. ഉച്ചകോടിയില്‍ റഷ്യയുമായുള്ള ആണവ പ്രതിരോധ സഹകരണ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചുവടുവെപ്പുകളും നടത്തും.
ആയുധ കരാറുള്‍പ്പെടെ 18 കരാറുകള്‍ റഷ്യയുമായി ഒപ്പുവെക്കും. ഇതോടൊപ്പം റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച കൂടംകുളം ആണവ നിലയത്തിന്റെ മൂന്ന്, നാല് പ്ലാന്റുകളുടെ ഉദ്ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഉച്ചകോടിയില്‍ പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദവും പ്രത്യേക ചര്‍ച്ചയായി ഉയര്‍ത്തികൊണ്ടുവരും. ബ്രിക്‌സ് സമ്മേളനത്തിനിടെ നരേന്ദ്ര മോദിയും വഌദിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ആയുധ കരാറില്‍ ഒപ്പുവെക്കുക. ഇതോടൊപ്പം കാമോവ് കോപ്റ്ററുകളുടെ സംയുക്ത നിര്‍മാണം സംബന്ധിച്ചും ധാരണയിലത്തെുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫിന്റെ അഞ്ച് മിസൈലുകളാണ് ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്നത്. വര്‍ധിച്ചുവരുന്ന പാക്- ചൈനീസ് ഭീഷണി മറികടക്കാന്‍ ഇവക്കാകുമെന്നാണ് കരുതുന്നത്. ഇവ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. ലോകത്തെ ഏറ്റവും കാര്യക്ഷമതയുള്ള മിസൈല്‍ സംവിധാനമായ ട്രയംഫ് മിസൈലിന് നാനൂറ് കിലോമീറ്ററിലധികം പ്രഹരപരിധിയുള്ള ഈ സംവിധാനത്തിന് ഡ്രോണുകളെയും എയര്‍ക്രാഫ്റ്റുകളെയും മറ്റും കൃത്യമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. റഷ്യന്‍ സര്‍ക്കാറിന് കീഴിലുള്ള അല്‍മാസ്ആന്‍ഡെ എന്ന കമ്പനിയാണ് ഈ മിസൈല്‍ നിര്‍മിക്കുന്നത്. നിലവില്‍ ചൈനയും ഈ മിസൈല്‍ സംവിധാനം റഷ്യയില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. ചെറിയ വിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്തി തകര്‍ക്കുന്ന ഈ മിസൈലിന്റെ സാന്നിധ്യം നിലവിലെ റഡാര്‍ സംവിധാനങ്ങള്‍ക്കൊന്നും കണ്ടെത്താനാകില്ലെന്നതാണ് സവിശേഷത. റഷ്യയില്‍ നിന്ന് എസ് ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് റഷ്യയുമായി പ്രാഥമിക ധാരണയിലത്തെിയത്. കഴിഞ്ഞ ഡിസംബറിലാണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.
ഇന്നും നാളെയുമായി നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ ഗോവയില്‍ പൂര്‍ത്തിയായി.