Connect with us

Malappuram

പുഴയില്‍ ജലനിരപ്പ് താഴുന്നു; ഉപ്പ് വെള്ള ഭീഷണിയില്‍ കര്‍ഷകര്‍

Published

|

Last Updated

തിരൂരങ്ങാടി: മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതോടെ പുഴയില്‍ ജലനിരപ്പ് താഴ്ന്നു. ജില്ലയിലെ പ്രധാന കൃഷിയിടങ്ങള്‍ ജലക്ഷാമ, ഉപ്പുവെള്ള ഭീഷണിയിലുമായി. നന്നമ്പ്ര ചീര്‍പ്പിങ്ങല്‍ ന്യൂക്കട്ടില്‍ ഉപ്പ് വെള്ളം കയറുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മഴ അകന്ന് നില്‍ക്കുകയും കടുത്ത ചൂടും ജലനിരപ്പില്‍ വലിയ കുറവാണ് ദിവസേന ഉണ്ടാകുന്നത്. ഇതാണ് കര്‍ഷകരേയും പ്രദേശവാസികളേയും ആശങ്കയിലാഴ്ത്തുന്നത്. ഇപ്പോള്‍ പുഴയില്‍ നിന്നും കടലിലേക്കാണ് വെള്ളം ഒഴുകുന്നതെങ്കിലും ഏതാനും ദിവസങ്ങള്‍ കൊണ്ട് കടലിലെ ജലനിരപ്പ് ഉയരും. അതോടെ പുഴയിലേക്ക് ഉപ്പ് വെള്ളം കയറുകയും പ്രദേശത്തെ കിണറുകളും മറ്റും ഉപയോഗിക്കാന്‍ കഴിയാതെയാകുമെന്നും കര്‍ഷകര്‍ പറയുന്നു. ഉപ്പു വെള്ളം കയറിയാല്‍ നന്നമ്പ്ര, വളളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര, തിരൂരങ്ങാടി, പരപ്പനങ്ങാടി തുടങ്ങിയ മേഖലകളിലെ ശുദ്ധജല വിതരണവും പാലത്തിങ്ങല്‍, ചീര്‍പ്പിങ്ങല്‍, മോര്യ കാപ്പ് പ്രദേശത്തെ കിണറുകളും ഉപയോഗിക്കാന്‍ കഴിയാതെ വരും. ഇതോടെ ശുദ്ധജല ക്ഷാമവും രൂക്ഷമാകും. പൂരപ്പുഴ വഴി കടലുണ്ടിപ്പുഴയിലേക്ക് കടലില്‍ നിന്നും ഉപ്പുവെള്ളം കയറാതിരിക്കാന്‍ ചീര്‍പ്പിങ്ങല്‍ പാറയില്‍ ഭാഗത്ത് താല്‍ക്കാലിക തടയണ നിര്‍മിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ പാറയില്‍ ഭാഗത്ത് താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കുന്നതിനും മറ്റുമായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മേജര്‍ ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. ടെണ്ടറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് പേര്‍ ടെണ്ടര്‍ കോട്ട് ചെയ്തിട്ടുള്ളത്. ടെണ്ടര്‍ ഓപ്പണിംങ് 17-ന് നടക്കും. 2.83 ലക്ഷം രൂപയുടെ ടെണ്ടര്‍ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പാറയില്‍ ബണ്ടും ചീര്‍പ്പിങ്ങല്‍ ബണ്ടും നിര്‍മ്മിക്കുന്നതിന് 2.40 ലക്ഷം രൂപയും, ഷെട്ടര്‍ അടക്കുന്നതിന് നാല്‍പത്തിമൂവായിരം രൂപയുമാണ് ടെണ്ടര്‍ തുകയായി വകയിരുത്തിയിട്ടുള്ളത്.
ടെണ്ടര്‍ പൂര്‍ത്തിയായാല്‍ ഉടനെ തന്നെ താല്‍ക്കാലിക തടയണ നിര്‍മാണങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം പാറയില്‍ ഭാഗത്ത് സ്ഥിരം തടയണവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്ലാ തവണയും താല്‍ക്കാലിക തടയണ നിര്‍മ്മാണം നടത്താറുണ്ടെങ്കിലും സമയ ബന്ധിതമായി പൂര്‍ത്തിയാവാത്തത് കര്‍ഷകര്‍ക്ക് ദുരിതമാവാറുണ്ട്. ടെണ്ടറിന് ശേഷവും നിര്‍മാണം വൈകിപ്പിക്കുന്നതാണ് പലപ്പോഴും ഉപ്പുവെള്ളം കയറാന്‍ കാരണമാകാറെന്ന് കര്‍ഷകര്‍ പറയുത്. താല്‍ക്കാലിക തടയണ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സ്ഥിരം തടയണ നിര്‍മിക്കുന്നതിന് അടിയന്തിര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടേയും കര്‍ഷകരുടേയും ആവശ്യം.

Latest