വിദ്വേഷപ്രസംഗം; സലഫി പ്രഭാഷകനെതിരെ യു എ പി എ ചുമത്തി

Posted on: October 7, 2016 12:07 am | Last updated: October 7, 2016 at 12:07 am

shamsudhinകാസര്‍കോട്: ഇസില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷപ്രസംഗം നടത്തുകയും ചെയ്ത തീവ്ര മുജാഹിദ്- സലഫി പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തി (46) നെതിരെ പോലീസ് ഭീകര വിരുദ്ധ നിയമമായ യു എ പി എ ചുമത്തി. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ശംസുദ്ദീനെതിരെ കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ശുക്കൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് യു എ പി എ ചുമത്തിയത്.
ഇതര മതവിശ്വാസികളോട് ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും മുസ്‌ലിങ്ങളല്ലാത്തവരോട് ചിരിക്കുന്നത് പോലും നിഷിദ്ധമാണെന്നുമുള്ള വിദ്വേഷം വളര്‍ത്തുന്ന പദപ്രയോഗങ്ങള്‍ നിറഞ്ഞ ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിനെതിരെ അഡ്വ. സി ശുക്കൂര്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ശംസുദ്ദീന് പുറമെ മതവിദ്വേഷ പ്രസംഗം നടത്തിയ ആര്‍ ബാലകൃഷ്ണ പിള്ളയുടെയും ശശികല ടീച്ചറുടെയും കാര്യത്തിലും പോലീസ് നടത്തുന്ന ഒളിച്ചുകളി ചാനല്‍ ചര്‍ച്ചയില്‍ അക്കമിട്ടു നിരത്തുകയും ചെയ്തതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ശംസുദ്ദീന്‍ പാലത്തിനെതിരെയുള്ള കേസില്‍ ഭീകര വിരുദ്ധ നിയമം യുഎപിഎ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്. ഈ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതോടെ ഈ കേസില്‍ വിചാരണ തീരുന്നത് വരെ ശംസുദ്ദീന് ജാമ്യം ലഭിക്കില്ല. നേരത്തെ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശംസുദ്ദീന്‍ സമര്‍പ്പിച്ച ഹജരി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.