പാക്കിസ്ഥാന്‍ യുദ്ധത്തിന് എതിര്, സമാധാനത്തിന് ഇന്ത്യ തടസ്സം നില്‍ക്കുന്നു: നവാസ് ശരീഫ്

Posted on: October 5, 2016 6:00 pm | Last updated: October 5, 2016 at 8:11 pm

navas-parlimentഇസ്ലാമാബാദ്: കാശ്മീരില്‍ സമാധാനം പുലരാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ യുദ്ധത്തിന് എതിരാണെന്നും പാക് പ്രസിഡന്റ് നവാസ് ശരീഫ്. ഇന്ത്യയുമായി ചര്‍ച്ചക്ക് പാക്കിസ്ഥാന്‍ പല തവണ ശ്രമിച്ചുവെങ്കിലും ഇന്ത്യ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. പാക് പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉറി ആക്രമണം നടന്ന് യാതൊരു അന്വേഷണവും കൂടാതെ മണിക്കൂറുകള്‍ക്കകം തന്നെ പാക്കിസ്ഥാനെ പഴിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യയുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകും. സെപ്തംബര്‍ 28ന് ഇന്ത്യ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ ഫലമായി തങ്ങളുടെ രണ്ട് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചു. ഏത് അതിക്രമത്തെയും ശക്തമായി നേരിടാന്‍ പാക്ക് സേനക്ക് കഴിവുണ്ടെന്നും നവാസ് ശരീഫ് പറഞ്ഞു.

ദാരിദ്ര്യത്തിന് എതിരെയാണ് പാക്കിസ്ഥാന്‍ ആദ്യം യുദ്ധം ചെയ്യേണ്ടത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയോടും നവാസ് ശരീഫ് പ്രതികരിച്ചു. ദാരിദ്ര്യം ഇല്ലാതാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെങ്കില്‍ കൃഷിയിടങ്ങളിലൂടെ ടാങ്കുകള്‍ ഓടിച്ചാല്‍ അത് സാധിക്കില്ലെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും നവാസ് ശരീഫ് പറഞ്ഞു.