കരസേനാ മേധാവി കശ്മീരില്‍; ഉറി ബ്രിഗേഡ് കമാന്‍ഡറെ മാറ്റി

Posted on: October 1, 2016 11:52 pm | Last updated: October 1, 2016 at 11:52 pm

army-chiefന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് കശ്മീരിലെത്തി. ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെയാണ് സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജമ്മു കശ്മീരിലെത്തിയത്.
ഇതിനിടെ ഉറി സൈനിക താവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരസേന താവളത്തിലെ ബ്രിഗേഡ് കമാന്‍ഡറെ മാറ്റി. ബ്രിഗേഡ് കമാന്‍ഡര്‍ കെ സോമശങ്കറിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചുമതലയില്‍ നിന്ന് മാറ്റിയത്. തന്ത്രപ്രധാനമായ ഉറി സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇരുപത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ സൈനികതല അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ സൈന്യം തയ്യാറായിട്ടില്ല. സോമശങ്കറിന് പകരം സൈന്യത്തിന്റെ 28 മൗണ്ടന്‍ ഡിവിഷനില്‍ നിന്നുള്ള ലഫ്റ്റനന്റ് കേണല്‍ എസ് പി അഹലവാത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ ഉധംപൂരിലെ നോര്‍ത്തണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ കരസേനാ മേധാവി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെയും നിയന്ത്രണരേഖയിലെയും സാഹചര്യങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കരസേനാ മേധാവിയോട് വിശദീകരിച്ചു. അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങളുമായും കരസേനാ മേധാവി കൂടിക്കാഴ്ച നടത്തും.
അതേസമയം, ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ സൈന്യം മോര്‍ട്ടാര്‍ ആക്രമണം നടത്തി. ജൗറിയാന്‍, അക്‌നൂര്‍ എന്നിവിടങ്ങളിലാണ് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടി ഇന്നലെയും തുടര്‍ന്നു. ഒഴിപ്പിക്കുന്ന ഗ്രാമവാസികള്‍ക്ക് താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. പാക് തിരിച്ചടി നേരിടുന്നതിന്റെ ഭാഗമായി കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തികളിലും അതീവജാഗ്രത തുടരുകയാണ്. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സാധാരണക്കാര്‍ പ്രവേശിക്കുന്നത് ബി എസ് എഫ് വിലക്കിയിട്ടുണ്ട്. അതോടൊപ്പം ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ എത്തിക്കാനും ബി എസ് എഫ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.