ബ്രഹ്മപുത്രയില്‍ ചൈനയുടെ വമ്പന്‍ അണക്കെട്ട്; ആശങ്കയോടെ ഇന്ത്യ

Posted on: October 1, 2016 5:14 pm | Last updated: October 2, 2016 at 9:26 am
SHARE

china-dam-story_ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുള്‍പ്പെടെ ഇന്ത്യ- പാക് ബന്ധം വഷളായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയെ വെട്ടിലാക്കി ചൈനീസ് നീക്കം. ബ്രഹ്മപുത്രയുടെ പോഷക നദിയായ ചിയാബുക്കു അടച്ച് ചൈന വലിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
7,400 ലക്ഷം ഡോളര്‍ (4,900 കോടി രൂപ) മുതല്‍ മുടക്കി നടപ്പിലാക്കുന്ന ലാല്‍ഹൊ പ്രോജക്ട് എന്ന ജലവൈദ്യുതി പദ്ധതിക്ക് വേണ്ടിയാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തി ചൈന നീക്കം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ടിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ അണകെട്ടി ചൈന സാംഗ്മു (സാം) ജലവൈദ്യുതി പദ്ധതി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്ന പുതിയ നീക്കവുമായി ചൈന മുന്നോട്ടുപോകുന്നത്. ജല കൈമാറ്റ സഹകരണം ഉറപ്പാക്കുന്നതിനായി 2013 ഒക്‌ടോബറില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വിദഗ്ധ സമിതി രൂപവത്കരിച്ചതിനപ്പുറം ഇന്ത്യയും ചൈനയും തമ്മില്‍ നിലവില്‍ നദീജല കരാറുകളൊന്നുമില്ല. ഇതാണ് ഇന്ത്യയെ ആശങ്കിലാഴ്ത്തുന്നത്. സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് അണക്കെട്ട് നിര്‍മാണം നടക്കുന്നത്. ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്ന അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019ല്‍ പൂര്‍ത്തിയാകും.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് അണക്കെട്ട് നിര്‍മാണവുമായി ചൈന മുന്നോട്ടു പോകുന്നത്. 2014 ജൂണില്‍ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിനെയാണ് ചൈനയുടെ അണക്കെട്ട് നിര്‍മാണം പ്രതികൂലമായി ബാധിക്കുക. ബ്രഹ്മപുത്ര ( ടിബറ്റില്‍ യാര്‍ലുംഗ് സാംഗ്‌പോ ) അരുണാചല്‍ പ്രദേശിലേക്ക് ഒഴുകാന്‍ തുടങ്ങുന്ന പ്രദേശത്താണ് ചൈന അണക്കെട്ട് നിര്‍മിക്കുന്നത്.
ടിബറ്റില്‍ തുടങ്ങി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലൂടെയാണ് ബ്രഹ്മപുത്ര സമുദ്രത്തില്‍ പതിക്കുന്നത്. ചൈനയുടെ അണക്കെട്ടും വൈദ്യുതി ഉത്പാദനവും ബ്രഹ്മപുത്രയിലെ ജലമൊഴുക്കു കുറയ്ക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക. ബ്രഹ്മപുത്രയിലെ ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു കേന്ദ്ര ജലവിഭവ സഹമന്ത്രി സന്‍വാര്‍ ലാല്‍ ജത് ചൈനയെ ആശങ്കയറിയിച്ചിരുന്നു. ഇന്ത്യയുടെ ആശങ്ക പരിഹരിക്കുമെന്നും വെള്ളം തടഞ്ഞുനിര്‍ത്തിയുള്ള വൈദ്യുതോത്പാദനമല്ല ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നുമായിരുന്നു ചൈനീസ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here