വിശ്വസ്തത ഇല്ലാതാകുന്ന കാലം

Posted on: June 20, 2016 9:32 am | Last updated: June 20, 2016 at 9:32 am
SHARE

ramzan wallpaperഈമാനുമായി അങ്ങേയറ്റം ഉള്‍ചേര്‍ന്നു നില്‍ക്കുന്ന പദമാണ് അമാനത്ത്. ഇതിന് വിശാലമായ അര്‍ഥതലങ്ങളുണ്ട്. സത്യസന്ധത, വിശ്വസ്തത എന്നെല്ലാമാണ് അമാനത്തിന്റെ ഭാഷാര്‍ഥം. ഒരാള്‍ മറ്റൊരാളെ വിശ്വസിച്ചേല്‍പ്പിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും അമാനത്ത് എന്ന് പറയും. അമാനത്തുകള്‍ നീതിപൂര്‍വം കൈകാര്യം ചെയ്യണമെന്നും വിശ്വാസവഞ്ചന പാടില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. (അല്‍ അന്‍ഫാല്‍ 27)
വിശ്വാസി വിശ്വസ്തനായിരിക്കുക എന്നത് ഈമാനിന്റെ അനിവാര്യ താത്പര്യങ്ങളിലൊന്നാണ്. ഒരേ പദത്തിന്റെ നിഷ്പന്നമാണ് ഈമാനും അമാനത്തും. സത്യം അംഗീകരിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ കപടനും വഞ്ചകനുമാകാന്‍ കഴിയും? കള്ളവും ചതിയും വിശ്വാസവഞ്ചനയുമെല്ലാം സത്യവിശ്വാസത്തിന്റെ നേര്‍വിപരീതമാണെന്നതില്‍ തര്‍ക്കമില്ല.
തിരുനബിയുടെ ഏത് ഖുതുബയിലും ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തിയ ഭാഗമാണിത്. ” അറിയുക, വിശ്വസ്തയില്ലാത്തവന് ഈമാനില്ല, കരാര്‍ പാലിക്കാത്തവന് ദീനുമില്ല” (ബുഖാരി 7086, മുസ്‌ലിം-143)
അമാനത്ത് മനുഷ്യഹൃദയങ്ങളില്‍ ആദ്യമേ നിക്ഷേപിക്കപ്പെട്ടതും സദാചാര ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഉദാത്ത മൂല്യങ്ങളാണ്. നന്മയോടും വിശുദ്ധിയോടുമുള്ള മനുഷ്യന്റെ നൈസര്‍ഗികവും പ്രകൃതിപരവുമായ ആഭിമുഖ്യത്തെ പ്രചോദിപ്പിക്കുകയാണ് അവയുടെ ദൗത്യം.
വിശ്വാസ വഞ്ചനയുടെ ചൂടേറിയ ചര്‍ച്ചകളാണ് ഇന്ന് എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത്. വിശ്വസ്തരെന്നും സത്യസന്ധരെന്നും വിശ്വസിക്കപ്പെടുന്നവരില്‍ നിന്ന് പോലും ചതിയും വഞ്ചനയും അഴിമതിയും കുതികാല്‍വെട്ടും സമൂഹമൊന്നാകെ പരന്നൊഴുകുകയാണ്. അന്ന് അല്‍പ്പമെങ്കിലും വിശ്വസ്ത കാത്തുസൂക്ഷിക്കുന്നവരെ കുറിച്ച് ജനം അത്ഭുതത്തോടെ സംസാരിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
വിശ്വസ്തത ഏറ്റവും കൂടുതല്‍ പ്രകടമാവേണ്ടത് മനുഷ്യര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ്. അവയില്‍ കൃത്രിമം കാണിക്കുന്നത് കൊടിയ അപരാധമാണ്. സര്‍വപാപവും പൊറുക്കപ്പെടുന്ന രക്തസാക്ഷിയോട് പോലും പരലോകത്ത് അമാനത്ത് വീട്ടാന്‍ ആവശ്യപ്പെടുമെന്ന് നബി (സ) പറയുന്നു. വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട മുതലുകള്‍ വീട്ടാത്തതിന്റെ പേരില്‍ സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കുറച്ചൊന്നുമല്ല. പരലോകത്ത് അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയുടെ കാഠിന്യവും ചെറുതല്ല. നബി (സ) പറഞ്ഞു. ” എല്ലാ വഞ്ചകന്മാര്‍ക്കും അന്ത്യനാളില്‍ ഒരു പതാക നല്‍കപ്പെടും. വഞ്ചനയുടെ തോതനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയുക, നേതാവിന്റെ വഞ്ചനയേക്കാള്‍ കടുത്ത വിശ്വാസവഞ്ചന വേറെയില്ല. (ബുഖാരി-3188, മുസ്‌ലിം-1738).

LEAVE A REPLY

Please enter your comment!
Please enter your name here