Connect with us

Articles

ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്തുകൊണ്ട്?

Published

|

Last Updated

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അതിന്റെ ഫലങ്ങള്‍ വന്നിരിക്കുന്നു. എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചതു പോലെ ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുന്നു. അതില്‍ വലിയ അത്ഭുതമില്ല. ഓരോ അഞ്ച് വര്‍ഷവും ഭരണം മാറുന്നു എന്നതാണ് നമ്മുടെ രീതി. തന്നെയുമല്ല ഉമ്മന്‍ ചാണ്ടിയുടെ അഞ്ചു വര്‍ഷം അഴിമതിയിലും ദുര്‍ഭരണത്തിലും കേരളത്തെ മുക്കിക്കൊന്നിരിക്കുന്നു.

ഈ ഫലങ്ങളെ പറ്റി നിരവധി വിശകലനങ്ങള്‍ വന്നു കഴിഞ്ഞു. ഇനിയും അതു തുടരും. എന്നാല്‍ ഒരു വ്യക്തി എങ്ങനെ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നു എന്ന ഒരന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരാള്‍ വോട്ട് ചെയ്യുന്നതിനു നിരവധി കാരണങ്ങളുണ്ടാകും. അതില്‍ ഏതിനു മുന്‍തൂക്കം ലഭിക്കുന്നു എന്നിടത്താണ് തീരുമാനങ്ങള്‍ ഉണ്ടാകുക. വോട്ടിലെ പ്രധാന ഘടകം കക്ഷി രാഷ്ട്രീയം തന്നെയാണ്. നല്ലൊരു ഭാഗം ജനങ്ങളും തങ്ങളുടെ കക്ഷിതാത്പര്യം നോക്കിയാകും വോട്ട് ചെയ്യുക. അത്തരത്തില്‍ മുന്നണികളും പാര്‍ട്ടികളുമായി വിഭജിക്കപ്പെട്ട വോട്ടര്‍മാരെയാണ് വോട്ടു ബേങ്കെന്നു പറയുക. കഴിഞ്ഞ രണ്ട് പതിറ്റണ്ടിലേറെയായി ഈ വോട്ടു ബേങ്ക് കണക്കില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്, അപൂര്‍വം ചില മേഖലകളില്‍ ഇതു മാറാതെ ഒരു പരിധിവരെ നില്‍ക്കുന്നുണ്ടാകാം. പക്ഷെ ഇന്ന് വോട്ടു ചെയ്യുന്നവരില്‍ നല്ലൊരു പങ്കും കേവല കക്ഷി മുന്നണി അടിസ്ഥാനത്തില്‍ മാത്രം ചെയ്യുന്നവരല്ല. ഒരാള്‍ തന്നെ ലോക്‌സഭ, നിയമസഭ, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയിലേക്ക് തന്റെ വോട്ടു രേഖപ്പെടുത്തുന്നത് വ്യത്യസ്ത പാര്‍ട്ടികള്‍ക്കാകുന്നത് സാധാരണമാണിന്ന് എന്നു കണക്കുകള്‍ നോക്കിയാല്‍ ആര്‍ക്കും വ്യക്തമാകും. എന്തുകൊണ്ടാണ് ഈ മറ്റം? മുമ്പ് രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ധാരാളമുണ്ടായിരുന്നു. മുന്നണി രാഷ്ട്രീയം വന്നതോടെ ഇതില്‍ ഒട്ടധികം വെള്ളം ചേര്‍ക്കപ്പെട്ടു. ആര് ഭരിച്ചാലും നയപരിപാടികളില്‍ കാര്യമായ വ്യത്യാസമില്ലെന്ന സ്ഥിതിയായി. നാലേമുക്കാല്‍ വര്‍ഷം ഒരു മുന്നണിയില്‍ നിന്ന് അതിനു വേണ്ടി ശക്തമായി വാദിച്ച വ്യക്തിയോ പാര്‍ട്ടിയോ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് സീറ്റു കിട്ടാതെയും മറ്റും എതിര്‍മുന്നണിയിലെത്തിയാല്‍ അയാള്‍ക്കു അവിടെ സ്വീകാര്യത കിട്ടുന്നു. ഏതു പാര്‍ട്ടിക്കും ഏതു സമയത്തും ഏതു മുന്നണിയിലേക്കും മാറാമെന്ന സ്ഥിതി വന്നാല്‍ പിന്നെ പ്രത്യയശാസ്ത്രത്തിനെന്തു പ്രസക്തി? ഇക്കാര്യം നന്നായി തിരിച്ചറിഞ്ഞ ജനങ്ങളും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുന്നു. ഇവിടെയാണ് പ്രത്യയശാസ്ത്രങ്ങളുടെ പൊതു രാഷ്ട്രീയത്തെ തോല്‍പ്പിക്കുന്ന സൂക്ഷ്മ രാഷ്ട്രീയം നിര്‍ണായക ഘടകമാകുന്നത്.
ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന പൊതു രാഷ്ട്രീയ വിഷയങ്ങള്‍ ധാരളമായി ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. അഴിമതിയും ദുര്‍ഭരണവും ഇതില്‍ പ്രധാനമായിരുന്നു. അഴിമതി ചെയ്യുന്നതിനേക്കാള്‍ ആരോപണങ്ങളോടുള്ള ഭരണകര്‍ത്താക്കളുടെ സമീപനമാണ് ജനങ്ങളെ ചൊടിപ്പിച്ചതെന്നു കാണാം. അതേ മുന്നണിയില്‍ തന്നെ നിന്നുകൊണ്ടു തന്നെ അഴിമതിയെ എതിര്‍ത്തവരെ ജനം ജയിപ്പിക്കുകയും ചെയ്തു. എല്ലാ ആരോപണങ്ങള്‍ക്കുമെതിരെ തെളിവുണ്ടോ, കേസുണ്ടോ തുടങ്ങിയ പ്രതികരണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പൊതു മുതലാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. അതില്‍ നഷ്ടമുണ്ടായി എന്ന സംശയം വന്നാല്‍ അതു ചോദിക്കാന്‍ ഏതു പൗരനും അവകാശമുണ്ട്. അതില്ലെന്നു തെളിയിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. നമ്മള്‍ നമ്മുടെ പണം കൈകാര്യം ചെയ്യാന്‍ ഒരാളെ ഏല്‍പ്പിക്കുന്നു എന്നു കരുതുക. ആ വ്യക്തിയെ പറ്റി എന്തെങ്കിലും സംശയം ആരെങ്കിലും ഉന്നയിച്ചാല്‍ അതു മാറാതെ നമ്മള്‍ അയാളെ ആ സമ്പത്ത് ഏല്‍പിക്കുമോ? ഇല്ല. അതു തന്നേയല്ലേ ഭരണാധികാരമേല്‍ക്കുന്നവരെ പറ്റിയും നാം ചിന്തിക്കുക. അടുത്ത അഞ്ചു വര്‍ഷക്കാലം ഈ സംസ്ഥാനത്തിന്റെ പൊതുധനവും പ്രകൃതി സമ്പത്തും നാമാരെ ഏല്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് നിരവധി അഴിമതികള്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്ന ഒരു സര്‍ക്കാറിന്റെ നടത്തിപ്പുകാരെ തന്നെ ഒരുവട്ടം കൂടി ജയിപ്പിക്കണമെന്ന് നാമെങ്ങനെ തീരുമാനിക്കും? ആരോപണം അന്വേഷിച്ചു തെറ്റോ ശരിയോ എന്നു കണ്ടെത്താനുള്ള സംവിധാനങ്ങളെല്ലാം ഇതേ സര്‍ക്കാറിന്റെ കീഴിലാണ്. ആ സംവിധാനത്തില്‍ ഇടപെട്ടുകൊണ്ടു ആരോപണവിധേയരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്കു സംശയം തോന്നുക കൂടി ചെയ്താല്‍ പിന്നെങ്ങനെ അവര്‍ പ്രതികരിക്കണം? ഏറ്റവും ഒടുവിലത്തെ മാസങ്ങളില്‍ പോലും വന്‍ തോതിലുള്ള കൊള്ളക്കാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നു നാം കണ്ടു. ചില സമ്മര്‍ദങ്ങള്‍ പാര്‍ട്ടിക്കകത്തു നിന്നുമുണ്ടായതുകൊണ്ടു തത്ക്കാലം അതില്‍ ചിലതു പിന്‍വലിച്ചുവെങ്കിലും നയപരമായി അതില്‍ ഒരു തെറ്റുമില്ലെന്ന്് ആവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിക്കു വീണ്ടും അധികാരം നല്‍കാന്‍ ജനം തയ്യാറാകാത്തതില്‍ എന്തു അത്ഭുതമാണുള്ളത്? അഴിമതിക്കേസില്‍ പെട്ടവര്‍ നിയമ നടപടിയിലൂടെ ശിക്ഷിക്കപ്പെടുക എന്നതു അത്യപൂര്‍വമായ ഒരു സംഗതിയാണെന്ന് കഴിഞ്ഞ 60 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ കൊണ്ടു മനസ്സിലാക്കിയ ജനത്തിനു അവരെ ശിക്ഷിക്കാന്‍ കിട്ടുന്ന ഏക അവസരമാണ് വോട്ട്.
ബി ജെ പിയുടെ പുതിയ സഖ്യശക്തിയായ ബി ഡി ജെ എസ് ഇടതുപക്ഷ പിന്നാക്ക വോട്ടില്‍ കടന്നുകയറി അവിടെ വലിയ തകര്‍ച്ച ഉണ്ടാക്കുമെന്നതു മാത്രമായിരുന്നു യു ഡി എഫിന്റെ പ്രതീക്ഷ. അതു പൊലിഞ്ഞെന്നു മാത്രമല്ല പലയിടത്തും ആ പ്രചാരണം ശക്തിപ്പെടുക വഴി മതേതരവോട്ടുകള്‍ ബി ജെ പി മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയും വിധം ഏകീകരിക്കപ്പെടുകയും ചെയ്തു. മിക്കയിടത്തും ഇതിന്റെ നേട്ടമുണ്ടായതു എല്‍ ഡി എഫിനാണ്. യു ഡി എഫിനും ചിലയിടത്തു ഇതു ഗുണം ചെയ്തു. (വട്ടിയൂര്‍ക്കാവ്, പാലക്കാട്, തൃത്താല, മഞ്ചേശ്വരം, കാസര്‍ക്കോട് എന്നിങ്ങനെ…) ഇത് ഏതെങ്കിലും മുന്നണി വോട്ട് മറിച്ചതാണെന്ന് പരസ്പരം പഴിചാരുന്നത് കേവല വാദങ്ങളാണ്. തിരഞ്ഞെടുപ്പിന്റെ ഇന്നത്തെ സൂക്ഷ്മ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്തതോ അതിനു ശ്രമിക്കാത്തതോ കൊണ്ടാണ്. വര്‍ഗീയ വിഭജനത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയും ജനങ്ങള്‍ പ്രതികരിച്ചു. എത്ര പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും അവര്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. കക്ഷി മുന്നണി താത്്പര്യങ്ങള്‍ക്കപ്പുറം പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ പ്രതികരിച്ചു.
മേല്‍പ്പറഞ്ഞ പൊതുഘടകങ്ങള്‍ക്കപ്പുറം സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം ഈ തിരഞ്ഞെടുപ്പില്‍ വളരെയധികം നിര്‍ണായകമായി എന്നു ഫലം വിലയിരുത്തിയാല്‍ മനസ്സിലാകും. നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനെത്തുന്നവരുടെ എണ്ണവും പ്രതികരണങ്ങളും ശ്രദ്ധിക്കുക. സ്റ്റാര്‍ പ്രചാരകന്‍ വി എസ് തന്നെയായിരുന്നു. മറ്റു നേതാക്കളെ കേള്‍ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരാകും വരിക. അതും പ്രത്യേകം ക്ഷണിച്ചു കൊണ്ടുവന്നവര്‍. പ്രധാനമന്ത്രിയുടെ കാര്യം പോലും വ്യത്യസ്തമായിരുന്നില്ല. വി എസിന്റെ കാര്യത്തില്‍ കേട്ടറിഞ്ഞെത്തുന്നവരും ധാരാളം. ഇതിനു എനിക്കറിയാവുന്ന ഏക അപവാദം പട്ടാമ്പിയില്‍ ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് കന്നയ്യ കുമാര്‍ വന്നപ്പോള്‍ മാത്രം.
ഇത് ദൃശ്യ സാമൂഹിക മാധ്യമങ്ങളുടെ വസന്തകാലമാണ്. ഓരോ സ്ഥാനാര്‍ഥിയേയും സ്വന്തം വീട്ടിലിരുന്ന് നേരിട്ടുകണ്ട് വിലയിരുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരം കിട്ടുന്നു. അത് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു പലയിടത്തും. നഗരവത്കൃത സമൂഹത്തില്‍ ഇത്തരം വോട്ടര്‍മാരുടെ എണ്ണം വളരെക്കൂടുതലാണ്. ഒട്ടനവധി ഉദാഹരണങ്ങള്‍ പറയാനാകുമെങ്കിലും എറ്റവും പ്രകടമായ ഒന്ന് താമര വിരിഞ്ഞ നേമത്താണ്. അവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ശിവങ്കുട്ടിയും ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന ഒ രാജഗോപാലും തമ്മില്‍ ഒരു താരതമ്യം വന്നാല്‍ വലിയ രാഷ്ട്രീയചായ്‌വില്ലാത്ത ഒരു മധ്യവര്‍ഗ നഗരവാസി ആരെയാകും തിരഞ്ഞെടുക്കുക? അര്‍ എസ് എസിന്റെ വര്‍ഗീയ ഫാസിസമൊന്നും രാജേട്ടന്റെ മുഖത്തില്ല. ഒരു സാത്വികന്‍, അഴിമതിയില്ലാത്ത വ്യക്തി, പല വട്ടം നിന്നു തോറ്റ ഒരു പാവം.. മറുവശത്ത് മാണിയുടെ ബജ്റ്റവതരണ വേളയിലും മറ്റും നിയമസഭയില്‍ ശിവങ്കുട്ടി നടത്തിയ പ്രകടനങ്ങളും.
മറ്റൊരു ഉദാഹരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ആണ്. ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ ക്രൂരമായ കൊലയും അതിന്റെ അന്വേഷണത്തോട് ഭരണകൂടം കാട്ടിയ നിസ്സംഗതയും യു ഡി എഫിനെതിരെ ശക്തമായ വികാരമായി സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്നതും അവരുടെ പരാജയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍, ഇതേ വിഷയം ആ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കു വിനയായാണ് മാറിയത്. എല്‍ ഡി എഫിനു വന്‍ പരാജയമുണ്ടായ കാലത്തും എറണാകുളം ജില്ലയില്‍ ജയിച്ചു കയറിയ ആളാണ് സിറ്റിങ് എം എല്‍ എ.
തീര്‍ത്തും വ്യക്തിപരമായി സന്തോഷം നല്‍കുന്ന ചില ഫലങ്ങളുമുണ്ട്. അതിലൊന്ന് പൂഞ്ഞാറിലെ പി സി ജോര്‍ജിന്റേതാണ്. മുന്നണി രാഷ്ട്രീയത്തിന്റെ പരാജയമാണിത്. മറ്റൊന്ന് കുറ്റിയാടിയിലേതാണ്. ആ ഫലം ടി പി വധത്തിന്റെ ഭാഗമായിക്കാണാം. ഈയുള്ളവനെ പലേരിയില്‍ വെച്ച് ചിലര്‍ ആക്രമിച്ചപ്പോള്‍ ഇവിടെ തോറ്റ ഇടതുപക്ഷ സ്ഥാനാര്‍ഥി നടത്തിയ പ്രതികരണം ഞാന്‍ ഓര്‍ക്കുന്നു: “നീലകണ്ഠന്റെ തലക്കായിരുന്നു അടിക്കേണ്ടതു” എന്നായിരുന്നു അത്.
ആം ആദ്മി പാര്‍ട്ടിക്കാരന്‍ എന്ന നിലയില്‍ ഏറെ സംതൃപ്തി നല്‍കിയ ഒരു ഫലമായിരുന്നു തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ പരാജയം. അതിനു വേണ്ടി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തി. പാര്‍ട്ടി എതിര്‍ത്തിരുന്ന എല്ലാവരേയും തോല്‍പ്പിക്കാന്‍ വേണ്ട ശക്തിയൊന്നും ഇല്ലെന്നു നന്നായറിയാമായിരുന്നു. പക്ഷേ, ഒരു ധാര്‍മിക ശക്തിയായി അഴിമതിക്കും വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരായി ചില മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏറ്റവും ഫലപ്രദമായത് പക്ഷേ, മഞ്ചേശ്വരത്താണെന്നു പറയാം. അവിടെ കെ സുരേന്ദ്രനെതിരെ ചെറിയ തോതിലെങ്കിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. വെറും 89 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടതെന്നു കൂടി ഓര്‍ക്കുമ്പോള്‍ അതില്‍ ചെറുതല്ലാത്ത അഭിമാനമുണ്ട്. ആ തോല്‍വിയില്‍ എന്തായാലും നിര്‍ണായകമായ ഒരു പങ്ക് വഹിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കുമായി എന്നതില്‍. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അടുത്ത ഭരണം ആര്‍ക്കാകും എന്നതായിരുന്നില്ല പ്രധാന വിഷയം. ഭരണം ആര്‍ക്ക് കിട്ടിയാലും ഞങ്ങളായിരിക്കും ജനകീയ പ്രതിപക്ഷം എന്നു മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

 

---- facebook comment plugin here -----

Latest