Connect with us

Kerala

പെട്ടി തുറക്കുമ്പോള്‍ ക്ലിഫ് ഹൗസില്‍ നെഞ്ചിടിപ്പ്

Published

|

Last Updated

തിരുവനന്തപുരം പബ്ലിക് ഹാളില്‍ നടന്ന പി എസ് സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാനിരിക്കെ കേരളം മുഴുവന്‍ ആകാംക്ഷയിലാണെങ്കിലും നെഞ്ചിടിപ്പ് കൂടുതല്‍ ക്ലിഫ് ഹൗസില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അതിനിര്‍ണായക ദിവസമാണിന്ന്. ഫലം യു ഡി എഫിന് അനുകൂലമായാലും പ്രതികൂലമായാലും ചര്‍ച്ചകള്‍ ഉമ്മന്‍ചാണ്ടിയില്‍ കേന്ദ്രീകരിച്ചാകും. ഇന്ന് പുലരുംവരെ പുലര്‍ത്തിയ ആത്മവിശ്വാസത്തിനനുസരിച്ച് ഒരു ഫലം ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവി പിന്നെ മുള്‍പ്പടര്‍പ്പുകള്‍ നിറഞ്ഞതാകും. ഫലം അനുകൂലമായാല്‍ വാക്കുകളിലെങ്കിലും ഹൈക്കമാന്‍ഡിന് മുകളിലാകൂം ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിക്കാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയതെങ്കിലും നായകന്റെ റോളില്‍ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. പ്രചാരണ രംഗത്തുടനീളം ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് ശേഷവും സമാനനിലയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെയെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഫലം എതിരായാല്‍ കാത്തിരിക്കുന്നത് വിമര്‍ശങ്ങളുടെ കൂരമ്പുകളായിരിക്കും.
സര്‍ക്കാറുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു മുഖ്യമന്ത്രിയായിരുന്നു. മറ്റു മന്ത്രിമാര്‍ക്ക് സംഭവിച്ച വീഴ്ചകളുടെപോലും ഉത്തരവാദിത്വം ഏറ്റെടുത്താണ് ഉമ്മന്‍ചാണ്ടി ഭരണം നയിച്ചത്. കോടതികളില്‍ നിന്ന് നിരന്തരം പ്രഹരമേറ്റപ്പോഴും കീഴ്‌വഴക്കങ്ങള്‍ പോലും മറികടന്നാണ് മുഖ്യമന്ത്രി നിലപാടെടുത്ത് നീങ്ങിയത്. സോളാര്‍, ബാര്‍കോഴ വിഷയങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് പരക്കെ വിമര്‍ശത്തിന് വഴിവെച്ചതാണ്. ഇതൊന്നും പരിഗണിക്കാതിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഫലം പ്രതികൂലമാകുക കൂടി ചെയ്താല്‍ പിടിച്ചു നില്‍ക്കുക പ്രയാസകരമാകും.
തിരഞ്ഞെടുപ്പിനെ നയിച്ചയാള്‍ എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഫലം എതിരായാല്‍ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയിലേക്ക് വരും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനെ പോലും തന്റെ നിലപാടിലേക്ക് കൊണ്ടുവരികയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. കെ ബാബു, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെ പി സി സി പ്രസിഡന്റിന്റെ നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിക്കുന്ന ഘട്ടം വന്നപ്പോള്‍ എങ്കില്‍ ഞാനും മാറിനില്‍ക്കുമെന്ന് പറഞ്ഞ് സമ്മര്‍ദത്തിലാക്കിയാണ് തീരുമാനം എടുപ്പിച്ചത്. ആ ഘട്ടത്തില്‍തന്നെ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചന ഹൈക്കമാന്‍ഡ് നല്‍കിയതുമാണ്. ഫലം എതിരാകുകയും യു ഡി എഫ് പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യം വരികയും ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷ നേതൃപദവി നല്‍കരുതെന്ന അഭിപ്രായംപോലും ഉയരാന്‍ ഇടയുണ്ട്.
ഫലം യു ഡി എഫിന് അനുകൂലമാകുന്ന സാഹചര്യം വന്നാല്‍ മറ്റു ചര്‍ച്ചകള്‍ ഇല്ലാതെ തന്നെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകും എന്നതും ഉറപ്പാണ്. യു ഡി എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചാല്‍ പോലും അതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് ലഭിക്കും. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറും.
യു ഡി എഫിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ചിക്കും. വി എം സുധീരന്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വരും. എന്നാല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുംവിധം സുധീരന്‍ സ്വീകരിച്ച നിലപാടാണ് ഭരണം നഷ്ടപ്പെടുത്തിയതെന്ന വാദമാകും മറുപക്ഷം ഉന്നയിക്കുക.

---- facebook comment plugin here -----

Latest