പഠാന്‍കോട് ഭീകരാക്രമണം: മസൂദ് അസ്ഹറിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

Posted on: May 18, 2016 10:14 am | Last updated: May 18, 2016 at 12:45 pm

MASOOD AZHARന്യൂഡല്‍ഹി:ഠാന്‍കോട് ഭീകരാക്രമണത്തിന് മുഖ്യ സൂത്രധാരനായ ജെയ്‌ഷെമുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസ്ഹര്‍, ആക്രമണത്തില്‍ മുഖ്യപങ്കുണ്ടെന്ന് കണ്ടെത്തിയ സഹോദരന്‍ അബ്ദുര്‍ റഊഫ് എന്നിവര്‍ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ് അയച്ചു. ഇരുവര്‍ക്കുമെതിരെ മുമ്പ് എന്‍ ഐ എ പ്രത്യേത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ഇന്റര്‍പോള്‍ മുഖേന നോട്ടീസ് നല്‍കിയത്. ഇവരുടെ ശബ്ദ സാമ്പിള്‍ അടക്കമുള്ളവ ആവശ്യപ്പെട്ട് എന്‍ ഐ എ പാക്കിസ്ഥാന് കത്തയച്ചിരുന്നു. അന്വേഷണത്തിന് വേണ്ടി പാക്കിസ്ഥിനിലേക്ക് എന്‍ ഐ എക്ക് അനുമതി നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് ആഴ്ച മുമ്പ് ഡല്‍ഹിയില്‍ ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഇതുവരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 26ന് നടന്ന കൂടക്കാഴ്ചയില്‍ പഠാന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തണമെന്നും ഇതിനായി എന്‍ ഐ എ സംഘത്തിന് പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ആവശ്യപ്പെട്ടത്. അന്വേഷണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് എന്‍ ഐ എയും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാക്കിസ്ഥാനുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിശദമായ തെളിവെടുപ്പിന് പാക്കിസ്ഥാനില്‍ നിന്നുള്ള സംയുക്ത അന്വേഷണ സംഘം മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ ഐ എക്ക് തെളിവെടുപ്പിനായി പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. പക്ഷേ, എന്‍ ഐ എയുടെ സന്ദര്‍ശനം പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണ് പാക്കിസ്ഥാ ന്‍ കൈക്കൊണ്ടത്. ഈ പശ്ചാത്തലത്തിലാണ് ഇന്റര്‍പോള്‍ വഴി പ്രതികളെ പിടികൂടിനുള്ള ശ്രമവുമായി എന്‍ ഐ എ രംഗത്തെത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി ഒന്നിന് രാത്രിയിലാണ് പത്താന്‍കോട്ടെ തന്ത്രപ്രധാനമായ വ്യോമസേന താവളത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.