നേപ്പാളില്‍ മധേശി പ്രക്ഷോഭം ശക്തമാകുന്നു

Posted on: May 17, 2016 9:38 am | Last updated: May 17, 2016 at 9:38 am

madhesi riot nepalകാഠ്മണ്ഡു: പുതിയ ഭരണഘടനക്കെതിരെ നേപ്പാളിലെ മധേശി വിഭാഗം നടത്തുന്ന പ്രക്ഷോഭം രണ്ടാം ദിനവും ശക്തം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി ഇന്നലെയും പ്രക്ഷോഭം അക്രമാസക്തമായി തുടര്‍ന്നു. തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കുണ്ട്. 500 ഓളം വരുന്ന സംഘം പോലീസ് ബാരിക്കേഡ് തള്ളി നീക്കി നീങ്ങിയപ്പോള്‍ ലാത്തച്ചാര്‍ജ് വേണ്ടി വന്നു. പോലീസിന് നേരെ കല്ലേറുമുണ്ടായി. പ്രധാനമന്ത്രിയടക്കമുള്ളവരുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന സിംഘ ദര്‍ബാര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പുതിയ ഭരണഘടന മുന്നോട്ട് വെക്കുന്ന ഫെഡറല്‍ സംവിധാനം പ്രകാരം പ്രവിശ്യകള്‍ തിരിച്ചപ്പോള്‍ മധേശി വിഭാഗത്തെ വിഭജിക്കുന്ന തരത്തിലായി എന്നതാണ് ഇവരുടെ പ്രധാന പരാതി. ഇന്ത്യയില്‍ വേരുകളുള്ള വിഭാഗമാണ് മധേശി. ഞായറാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ച ഉടനെ രണ്ടായിരത്തോളം പ്രതിഷേധക്കാര്‍ സിംഘ ദര്‍ബാറിലും നയാബനേശ്വറിലും ഒത്തുകൂടി പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. നിരോധിത മേഖലകളിലേക്ക് പ്രവേശിക്കാനും ശ്രമങ്ങളുണ്ടായി. സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധ പരിപാടികള്‍. ഏഴ് മധേശി സംഘടനകളുടെ സഖ്യമാണ് സമരം നടത്തുന്നത്. നേരത്തേ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉപരോധം തീര്‍ത്തായിരുന്നു പ്രക്ഷോഭം. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് പ്രക്ഷോഭ വേദി കാഠ്ണ്ഡുവിലേക്ക് മാറ്റിയത്. മധേശി പ്രക്ഷോഭത്തിന് ഇന്ത്യയുടെ രഹസ്യ പിന്തുണയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ മധേശി വിഭാഗത്തെ ഇളക്കി വിടുകയാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. പ്രക്ഷോഭത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടപ്പോള്‍ സഹായവുമായെത്തി ചൈന നേട്ടം കൊയ്യാന്‍ ശ്രമിച്ചിരുന്നു.